തിരുവനന്തപുരം: അന്തരിച്ച പി.ബിജുവിന്റെ പേരിൽ നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ് തിരുവനന്തപുരം ജില്ലയിലെ ഡിവൈഎഫ്ഐ നേതാക്കൾ നാളുകളായി നടത്തി വരുന്ന പണം തട്ടിപ്പിന്റെ തുടർച്ചയാണെന്ന് യൂത്ത് കോൺഗ്രസ്. പ്രസ്ഥാനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ച പി.ബിജുവിനെ പോലെ അംഗവൈകല്യം ഉള്ള ഒരു നേതാവിന്റെ പേരിൽ നടത്തിയ ഫണ്ടിൽ നിന്നും ഡിവൈഎഫ്ഐ നേതൃത്വം ലക്ഷങ്ങൾ തട്ടിയത് ഞെട്ടിക്കുന്നതാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് പറഞ്ഞു.
ആരോപണ വിധേയനായ ഡിവൈഎഫ്ഐ ജില്ലാ നേതാവ് ഷാഹിൻ എ.എ.റഹീമിന്റെ ഉൾപ്പടെയുള്ള നേതാക്കളുടെ സന്തത സഹചാരിയാണ്. വിഷയം ഒരുക്കി തീർത്ത് തട്ടിപ്പുകാരനെ സംരക്ഷിക്കുന്ന നിലപാടാണ് ഡിവൈഎഫ്ഐ, സിപിഎം നേതൃത്വം സ്വീകരിക്കുന്നത്. തട്ടിപ്പ് നടത്തിയ പണം പങ്ക് വെക്കുന്നതിലെ തർക്കത്തിന്റെ ഭാഗമായാണ് വിഷയം പുറത്ത് വന്നിരിക്കുന്നത്.
രക്തസാക്ഷികൾ ഉൾപ്പടെയുളളവരുടെ പേര് പറഞ്ഞ് പൊതുജനങ്ങളിൽ നിന്നും ഫണ്ട് ശേഖരിച്ച് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നത് പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ ചില ഡവൈഎഫ്ഐ നേതാക്കൾ പല രീതിയിൽ ഇത്തരം തട്ടിപ്പ് നടത്തി നാടിന് ഭീഷണി ആകുന്നുണ്ട്.
തിരുവനന്തപുരം കോർപ്പറേഷനിൽ എസ്സി/എസ്ടി ഫണ്ട് ലക്ഷങ്ങൾ തട്ടിച്ച് സ്വന്തം അക്കൗണ്ടിലും, കുടുംബക്കാരുടെ അക്കൗണ്ടിലേക്കും മാറ്റിയതായി തെളിഞ്ഞിട്ടും ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പ്രതിൻ സാജ് കൃഷ്ണയെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്യം കൈകൊണ്ടത് . അടുത്ത സമ്മേളനത്തിൽ ഇയാൾക്ക് പ്രമോഷനും നൽകിയെന്ന് സുധീർഷാ പാലോട് പറഞ്ഞു.
ലഹരിമാഫിയ ഉപയോഗത്തിന്റെ പേരിൽ ചാല ഏരിയ കമ്മിറ്റി ഇതിന് മുൻപ്പ് പിരിച്ച് വിട്ടിരിന്നു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജുഖാൻ അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ തട്ടിയെടുത്ത വിഷയത്തിൽ പ്രതിസ്ഥാനത്താണ്.
ജില്ലയിലെ ഡിവൈഎഫ്ഐ നേതൃത്വം നാടിന് ഭീഷണിയായി മാറുന്നു. ഭാരവാഹിത്വം ജീവിത മാർഗമായി കാണുന്നവരാണ് ഡിവൈഎഫ്ഐയെ നയിക്കുന്നതെന്ന് സുധീർഷാ പറഞ്ഞു. തട്ടിപ്പ് നടത്തുന്നവർക്ക് എല്ലാ രീതിയിലും സംരക്ഷണം നൽകുന്നത് നേതൃത്വമാണ്. ലക്ഷങ്ങൾ തട്ടിപ്പ് നടത്തുന്ന ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് സുധീർഷാ പാലോട് ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dyfi, Youth congress