തിരുവനന്തപുരം: ഡിവൈഎഫ്ഐയിലും ഫണ്ട് തട്ടിപ്പ് വിവാദം. പയ്യന്നൂർ ഫണ്ട് വിവാദത്തിന് പിന്നാലെ ഡിവൈഎഫ്ഐ യിലും ഫണ്ട് തട്ടിപ്പാരോപണം. അന്തരിച്ച നേതാവ് പി. ബിജുവിന്റെ പേരിലുള്ള റെഡ് കെയർ മന്ദിരത്തിനായി സമാഹരിച്ച തുകയിൽ രണ്ടര ലക്ഷം രൂപ തട്ടിച്ചതായാണ് പരാതി. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷാഹിനെതിരേയാണ് സിപിഎമ്മിനും ഡിവൈഎഫ്ഐക്കും പരാതി ലഭിച്ചത്.
ഒന്നരലക്ഷം രൂപ തിരിച്ചടച്ച് നടപടിയിൽ നിന്ന് ഒഴിവാക്കാനാണ് ഷാഹിൻ്റെ ശ്രമം എന്നും പരാതിയിൽ പറയുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പി ബിജുവിൻ്റെ സ്മാരകമായ റെഡ് കെയർ മന്ദിരത്തിനു വേണ്ടി പിരിച്ച തുകയിലാണ് തട്ടിപ്പ് നടന്നത്. റെഡ് കെയർ മന്ദിര നിർമ്മാണത്തിനായി എല്ലാ ബ്ലോക്ക് കമ്മിറ്റികൾക്കും ഡിവൈഎഫ്ഐ ക്വാട്ട നൽകി. പാളയം ബ്ലോക്ക് കമ്മിറ്റി റെഡ് കെയർ മന്ദിരത്തിന് പുറമേ ആംബുലൻസും വാങ്ങാൻ തീരുമാനിച്ചു.
പിരിച്ച തുക ബ്ലോക്ക് കമ്മിറ്റിയുടെ അക്കൗണ്ടിൽ അടയ്ക്കാതെ ഷാഹിന സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചതാണ് പരാതി. വിവാദം സിപിഎം പാളയം ഏരിയ ഫ്രാക്ഷൻ ചർച്ച ചെയ്യുന്നതിനു തൊട്ടു മുൻപ് ഷാഹിൻ ഒന്നരലക്ഷം രൂപ തിരിച്ചടച്ചു. ബാക്കി സമ്മേളന നടത്തിപ്പിന് ചെലവായി എന്ന് വിശദീകരിക്കുകയും ചെയ്തു. ഡിവൈഎഫ്ഐയുടെ പ്രധാന നേതാക്കളിൽ ചിലർ ഷാഹിന സംരക്ഷിക്കാൻ ശ്രമിക്കുന്നതായും പാർട്ടിക്ക് നൽകിയ പരാതിയിൽ പറയുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ നേതൃത്വത്തിനും പരാതി ലഭിച്ചിട്ടുണ്ട്. പ്രവർത്തകർക്ക് ഏറെ വൈകാരിക അടുപ്പമുള്ള നേതാവായിരുന്നു പി.ബിജു. അത്തരമൊരു ആളുടെ പേരിൽ തട്ടിപ്പ് നടത്തിയതിൽ വലിയ അമർഷമാണ് താഴെത്തട്ടിലുള്ളത്. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ DYFI നേതൃത്വം തയ്യാറായിട്ടില്ല.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.