തകരാറുള്ള പിക്സൽ ഫോൺ വിറ്റതിന് ഫ്ലിപ്കാർട്ടിനും ഗൂഗിളിനും പിഴ
- Published by:Anuraj GR
- news18-malayalam
Last Updated:
ഫ്ലിപ്കാർട്ടും ഗൂഗിളും ഉപഭോക്താവിന് മോശം സേവനമാണ് നൽകിയതെന്ന് വിധിയിൽ പറയുന്നു
തകരാറുള്ള പിക്സൽ ഫോൺ വിറ്റ സംഭവത്തിൽ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടും നിർമാതാക്കളായ ഗൂഗിളും കുറ്റക്കാരാണെന്ന് കണ്ടെത്തി. ചണ്ഡീഗഡ് ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധി പറഞ്ഞ കേസിലാണിത്. ഫ്ലിപ്കാർട്ടും ഗൂഗിളും ഉപഭോക്താവിന് മോശം സേവനമാണ് നൽകിയതെന്ന് വിധിയിൽ പറയുന്നു. കൂടാതെ അന്യായമായ വ്യാപാര രീതികളാണ് ഫ്ലിപ്കാർട്ടിന്‍റേതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരന് ഫോൺ വില പലിശസഹിതം 27000 രൂപയും മാനസികബുദ്ധിമുട്ടുകൾക്കും കോടതി ചെലവിനുമായി പതിനായിരം രൂപയും നൽകാൻ ഉപഭോക്തൃകമ്മീഷൻ വിധിച്ചു.
ഫ്ലിപ്കാർട്ടിൽ നിന്ന് ഗൂഗിൾ പിക്സൽ 4 എ ഫോൺ വാങ്ങിയ ആളാണ് പരാതിക്കാരൻ. ഫോൺ ലഭിച്ചപ്പോൾ മുതൽ പലതരത്തിലുള്ള തകരാറുകൾ ഉണ്ടായിരുന്നു. പരാതി രജിസ്റ്റർ ചെയ്തതോടെ ഗൂഗിളിന്റെ ടീം ആദ്യം ഇത് പരിഹരിച്ചു. എന്നാൽ വൈകാതെ ഫോണിന്റെ പ്രോക്‌സിമിറ്റി സെൻസർ തകരാറിലായി.
നിരവധി പരാതികൾ നൽകിയതിന് പിന്നാലെ ഗൂഗിളിലെ സാങ്കേതിക വിദഗ്‌ധർ പരിശോധിച്ചിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. പിക്സൽ 4 എ ഫോൺ ഇപ്പോൾ നിർമ്മിക്കുന്നില്ലെന്ന് പ്രസ്താവിച്ചുകൊണ്ട് ഗൂഗിൾ ഈ പ്രശ്നത്തിൽനിന്ന് തലയൂരാനാണ് പിന്നീട് ശ്രമിച്ചത്. ഫ്ലിപ്കാർട്ടും കൈമലർത്തി.
advertisement
ഇതോടെയാണ് ഫോൺ വാങ്ങിയയാൾ ചണ്ഡിഗഢ് ജില്ലാ ഉപഭോക്തൃ കമ്മീഷനിൽ പരാതി നകിയത്. കേസിൽ നിരവധി തവണ വാദം കേട്ട കമ്മീഷൻ പ്രശസ്ത ബ്രാൻഡായ ഗൂഗിളിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് അഭിപ്രായപ്പെട്ടു, പ്രത്യേകിച്ചും അതിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വിൽപന തുടരുന്ന സാഹചര്യത്തിലെന്നും ചൂണ്ടിക്കാട്ടി. ഫ്ലിപ്കാർട്ടിനെതിരെയും കമ്മീഷൻ വിമർശനം ഉന്നയിച്ചു. ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ പ്രതീക്ഷിച്ച് ഉപഭോക്താക്കൾ ഫ്ലിപ്കാർട്ടിനെ വിശ്വസിക്കുന്നുവെന്ന് കമ്മീഷൻ ഊന്നിപ്പറഞ്ഞു.
പരാതിയിൽ വിശദമായി വാദം കേട്ട ഉപഭോക്തൃ കമ്മീഷൻ പരാതിക്കാരന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു. ഫ്ലിപ്കാർട്ടും ഗൂഗിളും ചേർന്ന് 9% വാർഷിക പലിശ സഹിതം പരാതിക്കാരന് 27,003 രൂപ റീഫണ്ട് ചെയ്യണമെന്നതാണ് ഉത്തരവിലെ പ്രധാന ഭാഗം. കൂടാതെ മാനസിക ബുദ്ധിമുട്ടുകൾക്കും നിയമപരമായ ചെലവുകൾക്കുമായി 10,000 രൂപ കൂടി നൽകണമെന്നും വിധിയിൽ പറയുന്നു.
advertisement
Summary- Online shopping platform Flipkart and manufacturer Google have been found guilty of selling defective Pixel phones. This is in a case where the Chandigarh District Consumer Commission has ruled. According to the verdict, Flipkart and Google have provided poor customer service
Location :
Kochi,Ernakulam,Kerala
First Published :
August 15, 2023 8:38 PM IST