മുന്‍ ഡിജിപി ജേക്കബ് തോമസിന് തിരിച്ചടി; ഡ്രഡ്ജര്‍ അഴിമതി കേസില്‍ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി
- Published by:Arun krishna
- news18-malayalam
Last Updated:
ജേക്കബ് തോമസ് ഉള്‍പ്പെട്ട കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു
ഡ്രഡ്ജര്‍ അഴിതി കേസില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിന് തിരിച്ചടി. കേസില്‍ അന്വേഷണം തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ജേക്കബ് തോമസ് ഉള്‍പ്പെട്ട കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് വിജിലന്‍സിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. അന്വേഷണം പൂർത്തിയാക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്, കേസന്വേഷണം പൂര്‍ത്തിയാകുംവരെ ജേക്കബ് തോമസിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.
ഡ്രഡ്ജര്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാവരുടെയും പങ്ക് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാര്‍ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ ഇറക്കുമതി ചെയ്തതിൽ ക്രമക്കേട് ആരോപിച്ച് 2019 ലാണ് ജേക്കബ് തോമസിനെതിരെ വിജിലൻസ് കേസെടുത്തത്.
ഹോളണ്ടിലെ കമ്പനിയിൽ നിന്നു ഡ്രഡ്ജര്‍ വാങ്ങിയതിന്റെ പല വിവരങ്ങളും സർക്കാരിൽ നിന്ന് മറച്ചുവച്ചെന്ന് അപ്പീലിൽ ആരോപിക്കുന്നു. ടെൻഡർ നടപടികളിൽ ജേക്കബ് തോമസിന് ഗുരുതരവീഴ്ച സംഭവിച്ചെന്നും അപ്പീലിൽ ആരോപണമുണ്ടായിരുന്നു. സർക്കാർ പ്രതിനിധികൾ കൂടി ഉൾപ്പെട്ട ഡിപ്പാർട്മെന്റ് പർച്ചേസ് കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രജർ വാങ്ങിയതെന്നും ജേക്കബ് തോമസിന്റെ പേരിൽ മാത്രം എടുത്ത കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.
Location :
Kochi,Ernakulam,Kerala
First Published :
August 08, 2023 2:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
മുന്‍ ഡിജിപി ജേക്കബ് തോമസിന് തിരിച്ചടി; ഡ്രഡ്ജര്‍ അഴിമതി കേസില്‍ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി