അശ്ലീല ഗാനങ്ങളും ഡാന്‍സും പാടില്ല; ചേര്‍ത്തല കാര്‍ത്ത്യായനി ക്ഷേത്രത്തിലെ പൂരം വേല തുള്ളല്‍ പരിധി ലംഘിക്കരുതെന്ന് ഹൈക്കോടതി
- Published by:Arun krishna
- news18-malayalam
Last Updated:
ആചാരപ്രകാരമുള്ള കർമ്മങ്ങൾ എല്ലാ ഭക്തർക്കും നിർവഹിക്കാൻ കഴിയുന്നുവെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
കൊച്ചി: ക്ഷേത്രോത്സവങ്ങള്‍ക്കിടയില്‍ അശ്ലീല ഗാനങ്ങൾ പാടാനും ഡാൻസ് കളിക്കാനും അനുവദിക്കരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. ആലപ്പുഴ ചേർത്തല കാർത്യായനി ദേവീ ക്ഷേത്രത്തിലെ പൂരം വേല തുള്ളൽ, ആയില്യം, മകം ഉത്സവത്തോട് അനുബന്ധിച്ചുണ്ടാകുന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് ചേർത്തല സ്വദേശി ഇ കെ സിനിൽ കുമാർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
നാലമ്പലത്തിന് മുൻവശത്തുള്ള ആനക്കൊട്ടിലില്‍ യുവാക്കളും മറ്റും മദ്യപിച്ചും ചെരിപ്പു ധരിച്ചും ക്ഷേത്രത്തിൽ കയറുന്നതും പാട്ടിന്റെ താളമനുസരിച്ച് ക്ഷേത്രമണി മുഴക്കുന്നതും അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആചാരപ്രകാരമുള്ള കർമ്മങ്ങൾ എല്ലാ ഭക്തർക്കും നിർവഹിക്കാൻ കഴിയുന്നുവെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
പൂരം വേല തുള്ളൽ ആഘോഷങ്ങള്‍ പരിധി ലംഘിക്കുന്ന തരത്തിലാകരുത്. അത്തരം ആചാരങ്ങൾ അതിനായി നിർദേശിച്ചിരിക്കുന്ന സ്ഥലത്ത് ഒതുക്കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
advertisement
ഏപ്രിലിൽ നടന്ന പൂരാഘോഷത്തില്‍ മദ്യപിച്ചെത്തി ഒരു സംഘം ആളുകള്‍ മണിക്കൂറുകളോളം നൃത്തം ചെയ്യുകയും അശ്ലീലഗാനം പാടുകയും നിർത്താതെ ക്ഷേത്രമണി മുഴക്കുകയും ചെയ്തുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി കർശന നിർദേശം നൽകിയത്.
തിരുവിതാംകൂർ ദേവസ്വം ബോർഡും ക്ഷേത്രോപദേശക സമിതിയും ഇക്കാര്യം ഉറപ്പാക്കണം. ക്ഷേത്രപരിസരത്ത് ദേവസ്വം ബോർഡ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനും മതിയായ പോലീസുകാരെ വിന്യസിക്കാന്‍ ജില്ലാ പോലീസ് മേധാവി പദ്ധതി തയാറാക്കണമമെന്നും കോടതി നിർദേശിച്ചു.
Location :
Kochi,Ernakulam,Kerala
First Published :
July 30, 2023 7:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
അശ്ലീല ഗാനങ്ങളും ഡാന്‍സും പാടില്ല; ചേര്‍ത്തല കാര്‍ത്ത്യായനി ക്ഷേത്രത്തിലെ പൂരം വേല തുള്ളല്‍ പരിധി ലംഘിക്കരുതെന്ന് ഹൈക്കോടതി