പീഡനക്കേസ് മാതാപിതാക്കളുടെ നിർബന്ധത്തിലെന്ന് പെൺകുട്ടി; പ്രതിയെ എട്ട് വർഷത്തിന് ശേഷം കോടതി വിട്ടയച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
പീഡനം, ശല്യം ചെയ്യൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ മറ്റ് പോക്സോ വകുപ്പുകളും പ്രതിയ്ക്ക് മേൽ ചുമത്തിയിരുന്നു.
പോക്സോ കേസ് പ്രതിയെ എട്ട് വർഷത്തിന് ശേഷം കുറ്റ വിമുക്തനാക്കി കോടതി. കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് താനെ പ്രത്യേക കോടതി പ്രതിയെ വിട്ടയച്ചത്. പ്രതിയുമായി തനിക്ക് ബന്ധം ഉണ്ടായിരുന്നുവെന്നും അതില്ലാതാക്കാൻ മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് കേസ് നൽകിയതെന്നും പെൺകുട്ടി മൊഴി നൽകിയതിന് പിന്നാലെയാണ് കോടതിയുടെ നടപടി. ജഡ്ജിയായ ഡി എസ് ദേശ്മുഖാണ് പ്രതിയെ വെറുതെ വിട്ടുകൊണ്ട് ഉത്തരവിറക്കിയത്.
15 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന പെൺകുട്ടിയെ പ്രതി 45 ദിവസത്തോളം ശല്യം ചെയ്തെന്നാണ് വാദിഭാഗം കോടതിയിൽ പറഞ്ഞത്. 2016 ഒക്ടോബർ 14 ന് രാവിലെ 11.45 ഓടെ വഴിയിൽ തടയുകയും ചെയ്തെന്നും പ്രതിയുടെ പ്രണയാഭ്യർത്ഥന പെൺകുട്ടി നിരസിച്ചതിനെത്തുടർന്ന് ബന്ധുവായ സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. തന്നോടൊപ്പം ബൈക്കിൽ കയറാൻ പ്രതി നിർബന്ധിച്ചതായി പെൺകുട്ടി പറഞ്ഞുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു. പീഡനം, ശല്യം ചെയ്യൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ മറ്റ് പോക്സോ വകുപ്പുകളും പ്രതിയ്ക്ക് മേൽ ചുമത്തിയിരുന്നു.
advertisement
പെൺകുട്ടിയുടെയും പിതാവിന്റെയും മൊഴിയെ മാത്രം അടിസ്ഥാനമാക്കിയാണ് പ്രോസിക്യൂഷൻ ആരോപണങ്ങൾ ഉന്നയിച്ചത്, എന്നാൽ വിചാരണയിൽ ഈ ആരോപണങ്ങളിൽ വൈരുധ്യം ഉണ്ടെന്ന് കോടതി കണ്ടെത്തുകയായിരുന്നു. പ്രതി കുറ്റക്കാരാണെന്ന് സ്ഥാപിക്കാൻ മതിയായ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു.
പെൺകുട്ടിക്ക് പ്രതിയുമായി പ്രണയ ബന്ധം ഉണ്ടായിരുന്നുവെന്നും, ബന്ധം വേർപെടുത്തുന്നതിന് മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് കേസ് നൽകിയതെന്ന് പെൺകുട്ടി മൊഴി നൽകിയതായും കോടതി പറഞ്ഞു. പെൺകുട്ടി എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് പിതാവിന്റെ നിർബന്ധത്തിന് വഴങ്ങിയാണെന്നു കോടതിയ്ക്ക് ബോധ്യമായെന്നും പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതി പറഞ്ഞു.
Location :
New Delhi,New Delhi,Delhi
First Published :
January 29, 2024 2:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
പീഡനക്കേസ് മാതാപിതാക്കളുടെ നിർബന്ധത്തിലെന്ന് പെൺകുട്ടി; പ്രതിയെ എട്ട് വർഷത്തിന് ശേഷം കോടതി വിട്ടയച്ചു