ജോലിയില്ലെങ്കിൽ കൂലിപ്പണി ചെയ്തെങ്കിലും ഭാര്യയ്ക്ക് ജീവനാംശം നൽകണമെന്ന് ഹൈക്കോടതി
- Published by:user_57
- news18-malayalam
Last Updated:
തന്റെ ഭാര്യ ബിരുദധാരിയാണെന്നും അധ്യാപികയായി പ്രതിമാസം 10,000 രൂപ സമ്പാദിക്കുന്നുണ്ടെന്നും ഇക്കാര്യം ജഡ്ജി പരിഗണിച്ചില്ലെന്നും ഭർത്താവ് ഹർജിയിൽ ആരോപിച്ചു
ജോലിയില്ലെങ്കിൽ കൂലിപ്പണി ചെയ്തെങ്കിലും ഭാര്യയ്ക്ക് ജീവനാംശം നൽകണമെന്ന് അലഹാബാദ് ഹൈക്കോടതി. കൂലിപ്പണി ചെയ്തായാലും പ്രതിദിനം 350-400 രൂപ സമ്പാദിക്കാമെന്നും കോടതി നിരീക്ഷിച്ചു. വിവാഹമോചനം നേടിയ ഭാര്യക്ക് പ്രതിമാസം 2,000 രൂപ ജീവനാംശം നൽകണമെന്ന പ്രിൻസിപ്പൽ ജഡ്ജിയുടെ (ട്രയൽ കോടതി) ഉത്തരവിനെ ചോദ്യം ചെയ്താണ് റിവിഷൻ ഹർജിയുമായി ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്.
തന്റെ ഭാര്യ ബിരുദധാരിയാണെന്നും അധ്യാപികയായി പ്രതിമാസം 10,000 രൂപ സമ്പാദിക്കുന്നുണ്ടെന്നും ഇക്കാര്യം ജഡ്ജി പരിഗണിച്ചില്ലെന്നും ഭർത്താവ് ഹർജിയിൽ ആരോപിച്ചു. താൻ രോഗിയായതിനാൽ ചികിത്സക്ക് പണം വേണം എന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ അധ്യാപികയായ ഭാര്യയുടെ വരുമാനത്തെക്കുറിച്ച് അവകാശവാദം ഉന്നയിക്കുമ്പോഴും ശമ്പളത്തെക്കുറിച്ച് തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കാൻ ഭർത്താവിന് കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജിക്കാരൻ ആരോഗ്യവാനാണെന്നും അധ്വാനിച്ച് പണം സമ്പാദിക്കാൻ കഴിയുമെന്നും അതിനാൽ ഭാര്യക്ക് ജീവനാംശം നൽകാൻ ബാധ്യസ്ഥനാണെന്നും കോടതി വിലയിരുത്തി.
advertisement
നേരത്തെ മറ്റൊരു കേസിൽ, ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഭാര്യ താമസിക്കുന്നതെങ്കിലും ഇവർക്ക് ആവശ്യമായ ചെലവുകൾക്കായി ജീവനാംശം നൽകണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭാര്യയും പ്രായപൂർത്തിയാകാത്ത മകനും ഇടക്കാല ജീവനാംശം ആവശ്യപ്പെട്ടതിനെതിരെ ഭർത്താവ് സമർപ്പിച്ച ഹർജി തള്ളികൊണ്ടായിരുന്നു കോടതി വിധി. തന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് നിലവിൽ ഭാര്യ താമസിക്കുന്നതെന്നും ഫ്ലാറ്റിനായി പ്രതിമാസം 60,000 രൂപ ഇഎംഐ അടക്കണമെന്നും ഭർത്താവ് ഹർജിയിൽ അവകാശപ്പെട്ടിരുന്നു. അദ്ദേഹം ഇപ്പോൾ അമ്മയോടൊപ്പം ആണ് താമസിക്കുന്നത് എന്നും കോടതിയിൽ വ്യക്തമാക്കി. ഇതിനുപുറമേ തന്റെ ഭാര്യ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയത് പ്രതിമാസം 10000 രൂപ സമ്പാദിക്കുന്നുണ്ടെന്നും കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഭാര്യ ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നു എന്ന കാരണത്താൽ അവർക്ക് ലഭിക്കേണ്ട ന്യായമായ തുക നിഷേധിക്കാൻ കഴിയില്ല എന്ന് കോടതി നിരീക്ഷിച്ചു.
Location :
Thiruvananthapuram,Kerala
First Published :
January 29, 2024 2:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
ജോലിയില്ലെങ്കിൽ കൂലിപ്പണി ചെയ്തെങ്കിലും ഭാര്യയ്ക്ക് ജീവനാംശം നൽകണമെന്ന് ഹൈക്കോടതി