'യോഗി ആദിത്യനാഥിൽ നിന്ന് ബുൾഡോസർ വാടകക്കെടുക്കൂ'; കൊൽക്കത്ത ഹൈക്കോടതി ജഡ്ജി
- Published by:Vishnupriya S
- news18-malayalam
Last Updated:
അനധികൃത നിർമാണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ കൊൽക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യായ നടത്തിയ പരാമർശം വിവാദത്തിൽ
അനധികൃത നിർമാണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ കൊൽക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യായ നടത്തിയ പരാമർശം വിവാദത്തിൽ. ”കയ്യേറ്റം ഒഴിപ്പിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൽ നിന്ന് ബുൾഡോസർ വാടകക്ക് എടുക്കൂ” എന്നായിരുന്നു ജഡ്ജിയുടെ പരാമർശം. ജഡ്ജിയുടെ പരാമർശം തമാശയായി എടുത്താൽ മതിയെന്നും കോടതി രേഖകളിൽ ചേർക്കേണ്ടതില്ലെന്നും ചില വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, തൃണമൂൽ കോൺഗ്രസിലെ ചിലർ ജഡ്ജിയുടെ പരാമർശത്തിനെതിരെ രംഗത്തെത്തി.
“ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായയുടെ ലക്ഷ്യം പ്രശസ്തിയാണ്. സിപിഎമ്മിന് ഇപ്പോൾ സംസ്ഥാനത്ത് വലിയ റോളില്ല. അവർ മത്സര രംഗത്തേയില്ല. അതുകൊണ്ടാണ് അദ്ദേഹം ബിജെപിക്ക് വേണ്ടി സംസാരിക്കുന്നത്”, തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് പറഞ്ഞു. ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ ഒരു തൃണമൂൽ വിരുദ്ധനാണെന്നും ഘോഷ് ആരോപിച്ചു, “ഒരു ബുൾഡോസർ ആണ് ഇവിടെ ആവശ്യം എന്നാണ് ജഡ്‍ജി പറയുന്നതെങ്കിൽ, പശ്ചിമ ബംഗാൾ സർക്കാരിനും ബുൾഡോസർ ഉണ്ട്. മുനിസിപ്പൽ കോർപ്പറേഷനിലും ബുൾഡോസറുകൾ ഉണ്ട്. അദ്ദേഹം അന്ധമായി തൃണമൂൽ കോൺഗ്രസിനെ എതിർക്കുകയാണ്. അദ്ദേഹത്തിന് സമൂഹത്തിൽ നിന്ന് ഒരു ബഹുമാനവും ആവശ്യമില്ല, ഒരു ബഹുമാനവും സ്വീകരിക്കാനും അദ്ദേഹം തയ്യാറല്ല”, കുനാൽ ഘോഷ് കൂട്ടിച്ചേർത്തു.
advertisement
ഉത്തർപ്രദേശിൽ യോഗി സർക്കാരിന്റെ ബുൾഡോസറുകൾ സ്ത്രീകളുടെയും ദളിതരുടെയും രക്തച്ചൊരിച്ചിലിലേക്ക് നയിച്ചെന്നും കുനാൽ ഘോഷ് ആരോപിച്ചു. ബിജെപി നേതാവ് ശിശിർ ബജോറിയയും ജഡ്ജിയുടെ പരാമർശത്തോട് പ്രതികരിച്ച് രംഗത്തെത്തി.
“ബംഗാൾ ഇന്ന് ചിന്തിക്കുന്നതാണ് ഇന്ത്യ നാളെ ചിന്തിക്കുന്നതെന്ന് ഒരിക്കൽ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. ബംഗാൾ ഇപ്പോൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സംസ്ഥാനമായി മാറിയിരിക്കുകയാണ്. അനധികൃത നിർമാണം എങ്ങനെ നിയന്ത്രിക്കണമെന്ന് അറിയില്ലെങ്കിൽ ഉത്തർപ്രദേശിൽ നിന്ന് ബുൾഡോസറുകൾ വാടകയ്‌ക്കെടുക്കണമെന്ന് കൽക്കട്ട ഹൈക്കോടതി പരാമർശിച്ചത് ഏറെ ദൗർഭാഗ്യകരമാണ്. ഇത് വളരെ സങ്കടകരമായ കാര്യവുമാണ്. ഈ സർക്കാരിന്റെയും കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന്റെയും അന്ത്യം അടുത്തിരിക്കുന്നു എന്നു വേണം മനസിലാക്കാൻ”, ശിശിർ ബജോറിയ പറഞ്ഞു.
advertisement
കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനെയും പശ്ചിമ ബംഗാളിലെ തൃണമൂൽ സർക്കാരിനെയും ശിശിർ ബജോറിയ രൂക്ഷമായി വിമർശിച്ചു. “കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിൽ പല നിയമവിരുദ്ധമായ കാര്യങ്ങളും നടക്കുന്നുണ്ട്. ഒന്നും നേർവഴിയിലല്ല പോകുന്നത്. ഭരണകക്ഷിയാണ് ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെല്ലാം പിന്നിൽ”, ബജോറിയ കൂട്ടിച്ചേർത്തു.
കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിമും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. കോർപ്പറേഷൻ ഒരു തരത്തിലുള്ള അനധികൃത നിർമാണത്തിനും ഒരിക്കലും കൂട്ടു നിൽക്കില്ല എന്നും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു മാറ്റുന്നതിനെ തങ്ങൾ പിന്തുണക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ വികസനത്തിലാണ് വിശ്വസിക്കുന്നത് എന്നും ഫിർഹാദ് ഹക്കിം കൂട്ടിച്ചേർത്തു.
Location :
Kolkata,West Bengal
First Published :
July 29, 2023 3:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
'യോഗി ആദിത്യനാഥിൽ നിന്ന് ബുൾഡോസർ വാടകക്കെടുക്കൂ'; കൊൽക്കത്ത ഹൈക്കോടതി ജഡ്ജി