കൊച്ചി: ചുമയും ശ്വാസംമുട്ടും കാരണം കഴിഞ്ഞ നാലുവർഷമായി ആശുപത്രികൾ കയറി ഇറങ്ങുകയായിരുന്നു ഒമാനിലെ മുസാന സ്വദേശി സലീം നാസർ. കഴുത്ത് അനക്കാൻ പോലുമാകാത്ത വേദന. ഒമാനിലും ഗൾഫ് രാജ്യങ്ങളിലെ മുന്തിയ ആശുപത്രികളിലും കാണിച്ചു. ഒരു ഫലവുമുണ്ടായില്ല. കൂടാതെ നാൾക്കുനാൾ 71കാരനായ സലീം നാസറിന്‍റെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായി.
അങ്ങനെയിരിക്കെയാണ് മലയാളി സുഹൃത്തന്‍റെ നിർദേശാനുസരണം ആലുവയിലെ രാജഗിരി ആശുപത്രിയിൽ കണിക്കാനായി എത്തുന്നത്. ഇവിടെ നടത്തിയ പരിശോധനയില്‍ വലത് ശ്വാസകോശത്തിലെ പ്രധാന ശ്വാസനാളികളിലൊന്നില്‍ ഒരു എല്ലിന്‍ കഷ്ണം കുടുങ്ങിയിരിക്കുന്നതായി പരിശോധനയിൽ വ്യക്തമായി.
താമസിയാതെ തന്നെ ശ്വാസകോശ വിഭാഗം മേധാവി ഡോ. രാജേഷിന്‍റെ നേതൃത്വത്തില്‍ നടത്തിയ ബ്രോങ്കോസ്കോപ്പിയിലൂടെ എല്ലിന്‍ കഷ്ണം നീക്കം ചെയ്തു. ഇതോടെ സലീം നാസർ അനുഭവിച്ചിരുന്ന എല്ലാ പ്രശ്നങ്ങളും മാറുകയും സുഗമാമയി ശ്വാസോച്ഛാസം ചെയ്യാനാകുമെന്ന അവസ്ഥയിലേക്ക് മാറാനും കഴിഞ്ഞു.
മെയ് നാലിനാണ് സലീം നാസർ ഇവിടെ ചികിത്സ തേടിയെത്തിയത്. ആദ്യം ദിവസം തന്നെ എക്സ്റേ, സിടി സ്കാൻ പരിശോധനയിൽ എന്തോ ശ്വാസനാളത്തിൽ തങ്ങിയിരിക്കുന്നതായി കണ്ടെത്തി. അബദ്ധത്തിൽ പല്ല് ഉള്ളിൽപോയതാകാമെന്നായിരുന്നു ഡോക്ടർമാരുടെ ആദ്യ നിഗമനം.
ഇതേത്തുടർന്ന് ലോക്കൽ അനസ്തേഷ്യ നൽകി ബ്രോങ്കോസ്കോപ്പി ചെയ്തു. ഇതിലാണ് കുടുങ്ങിയിരിക്കുന്നത് എല്ലിൻ കഷ്ണമാണെന്ന് വ്യക്തമായത്. ഡോക്ടർമാർ അത് നീക്കം ചെയ്യുകയും ചെയ്തു. ഡോ. രാജേഷിനെ കൂടാതെ ശ്വാസകോശ വിഭാഗം ഡോക്ടമാരായ ഡോ. ആര്‍.ദിവ്യ, ഡോ.ജ്യോത്സന അഗസ്റ്റിന്‍ എന്നിവരും ചികിത്സയില്‍ പങ്കാളികളായി. ഏറെക്കാലമായി അലട്ടിയിരുന്ന ശ്വാസകോശ പ്രശ്നങ്ങളിൽനിന്ന് പൂർണ മുക്തി നേടാനായതിന്‍റെ ആശ്വാസത്തിലാണ് സലിം നാസറും കുടുംബവും കേരളത്തിൽനിന്ന് മടങ്ങിയത്. ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും അവർ മധുരം വിതരണം ചെയ്യുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.