മൂന്നു കുട്ടികളിൽ കൂടുതലുള്ളവർക്ക് ആനുകൂല്യം പ്രഖ്യാപിച്ച പാലാ രൂപതയുടെ നടപടി ആണ് വിവാദത്തിൽ ആയത്. സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചയ്ക്ക് കാരണമായ പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദമായ സർക്കുലർ പുറത്തിറക്കി പാലാ രൂപത നിലപാടിൽ ഉറച്ചു നിൽക്കുന്നത്.
പുതിയ സർക്കുലറിൽ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് തരത്തിലുള്ള ആനുകൂല്യങ്ങളാണ് പാലാ രൂപത വിശ്വാസികൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.
1. 2000 ന് ശേഷം വിവാഹം കഴിഞ്ഞ പാലാ രൂപതാ അംഗങ്ങളായ ദമ്പതിമാർക്ക് അഞ്ചോ അതിലധികമോ കുട്ടികളുണ്ടെങ്കിൽ ഓരോ മാസവും 1500 രൂപ സാമ്പത്തിക സഹായം നൽകും. 2021 ഓഗസ്റ്റ് മുതൽ ആനുകൂല്യം നൽകും.
2. നാല് കുട്ടികളിൽ കൂടുതലുള്ള ദമ്പതിമാരിൽ ഒരാൾക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് രൂപതയുടെ ആശുപത്രിയിൽ ജോലിക്ക് മുൻഗണന.
3. രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലും, മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷൻ ആശുപത്രിയിലും നാലാമത്തെ കുട്ടി മുതൽ പ്രസവ ചികിത്സ സൗജന്യം.
4. മൂന്നു കുട്ടികളിൽ മേലുള്ള കുടുംബങ്ങളിൽ നിന്നും രൂപതയുടെ പാലയിലെ ആശുപത്രിയിൽ പ്രവേശനം ലഭിക്കുന്ന നാലാമത്തെ കുട്ടിക്ക് നഴ്സിങ് കോഴ്സിന് സൗജന്യ പഠനം.
5. നാലാമതും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് രൂപതയ്ക്ക് കീഴിലെ എൻജിനീയറിങ് കോളേജിൽ ട്യൂഷൻ ഫീ സൗജന്യം. ഫുഡ് ടെക്നോളജി കോളേജിലും ഇതേ സൗജന്യം ഉണ്ടാകും.
6. 2000 മുതൽ 2021 വരെ ജനിച്ച നാലാമത്തെ മുതലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനത്തിന് പ്രത്യേക പരിഗണന.
നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രൂപത ഔദ്യോഗികമായി ആനുകൂല്യങ്ങൾ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സോഷ്യൽ മീഡിയയിൽ ഈ വിഷയം ചർച്ചയായതോടെ ഈ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. തുടർന്ന് പുറത്തിറക്കിയ ഔദ്യോഗിക സർക്കുലറാണ് കൂടുതൽ ആനുകൂല്യങ്ങൾ ഉള്ളതായി പ്രഖ്യാപിക്കുന്നത്.
പ്രതിസന്ധി കാലഘട്ടത്തിൽ കുടുംബങ്ങൾ വിഷമിക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനങ്ങൾ എന്ന പാലാ രൂപത വ്യക്തമാക്കുന്നു. കുടുംബ വർഷമായി 2021 പ്രഖ്യാപിക്കാനുള്ള മാർപാപ്പയുടെ തീരുമാനം വന്നത് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക ആനുകൂല്യങ്ങൾ പാലാ രൂപതാ പ്രഖ്യാപിച്ചിരിക്കുന്നത്. രൂപതയുടെ തീരുമാനത്തിനെതിരെ വിശ്വാസികൾ തന്നെ രംഗത്തുവന്നിട്ടുണ്ട്.
സ്ത്രീകളെ പ്രസവത്തിനുള്ള വസ്തുക്കളായി കാണുന്നത് ശരിയല്ല എന്ന് കത്തോലിക്കാ നവീകരണ പ്രസ്ഥാനം പ്രതി ജോർജ് ജോസഫ് ആരോപിച്ചു. ഇക്കാര്യത്തിൽ പരസ്യമായ പ്രഖ്യാപനം വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. വിശ്വാസികൾ ഇത് തള്ളിക്കളയും എന്നും കത്തോലിക്കാ നവീകരണ പ്രസ്ഥാനം പറയുന്നു.
അതേസമയം ക്രൈസ്തവ മൂല്യങ്ങളുടെ ഭാഗമാണ് സന്താനോൽപാദനം എന്നാണ് പാലാ രൂപത വിശദീകരിക്കുന്നത്. ജനസംഖ്യ നിയന്ത്രണം എന്ന നിലപാടിനോട് ഒരു കാലത്തും ക്രൈസ്തവസഭകൾ യോജിച്ചില്ല. കൂടുതൽ കുട്ടികൾ ഉണ്ടാകട്ടെ എന്ന് നിലപാടാണ് എല്ലാകാലത്തും ക്രൈസ്തവസഭകൾ സ്വീകരിച്ചിട്ടുള്ളത്. ആ നിലപാട് ആവർത്തിക്കുക മാത്രമാണ് പാലാ രൂപത ഇപ്പോൾ ചെയ്തിട്ടുള്ളത് എന്നും രൂപത ഔദ്യോഗികമായി വിശദീകരിക്കുന്നു.
നേരത്തെ തന്നെ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് പല ആനുകൂല്യങ്ങളും നൽകിയിരുന്നതായി പാലാ രൂപതാ പറയുന്നു. കൂടുതൽ കുട്ടികളുള്ളവരെ സഹായിക്കുക എന്നത് രൂപതയുടെ ഉത്തരവാദിത്തമായി കരുതുന്നതായും സഭ വ്യക്തമാക്കുന്നുണ്ട്. ഏതായാലും വിവാദം എത്ര കടുത്താലും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ് കത്തോലിക്കാ സഭയുടെ പാലാ രൂപത. മറ്റു പല രൂപതകളും ഇതേ തീരുമാനം പല നിലയിൽ നടപ്പാക്കിയിട്ടുണ്ട് എന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.