'രാഷ്ട്രീയ ജീവിതത്തിന് അടിത്തറ പാകിയത് അമ്മ പകർന്നു തന്ന ആത്മബലം'; മാതൃദിനത്തിൽ അമ്മയെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി
- Published by:Anuraj GR
- news18-malayalam
Last Updated:
Mothers Day | അമ്മയ്ക്ക് വേണ്ടി സവിശേഷമായി മാറ്റിവെക്കുന്ന ഈ ദിനവും ചിന്തയും ചുറ്റുപാടിലും പ്രയാസം അനുഭവിക്കുന്നവർക്ക് ആശ്വാസം പകരുന്നതിന്റേതാകാതെ തരമില്ല
രാഷ്ട്രീയ ജീവിതത്തിന് അടിത്തറ പാകിയത് അമ്മ പകർന്നു തന്ന ആത്മബലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമ്മയ്ക്ക് വേണ്ടി സവിശേഷമായി മാറ്റിവെക്കുന്ന ഈ ദിനവും ചിന്തയും ചുറ്റുപാടിലും പ്രയാസം അനുഭവിക്കുന്നവർക്ക് ആശ്വാസം പകരുന്നതിന്റേതാകാതെ തരമില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ
അമ്മയ്ക്കായി ഒരു ദിനം മാത്രമല്ല- അമ്മയുടെ ഓർമ്മയുമായി ഒരു ജീവിതം തന്നെയാണ്.
മിക്കവാറും ഏതൊരു വ്യക്തിയേയും പോലെ എൻ്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ചത് അമ്മയാണ്. അച്ഛൻ്റെ രോഗവും, നേരത്തേയുള്ള മരണവും കാരണം കുടുംബത്തിൻ്റെ ചുമതല അമ്മയ്ക്ക് സ്വന്തം ചുമലിലേറ്റേണ്ടി വന്നു. സധൈര്യം അമ്മ ആ ഉത്തരവാദിത്വം നിറവേറ്റി. പ്രസവിച്ച പതിനാലു മക്കളിൽ പതിനൊന്നു പേരെയും നഷ്ടപ്പെട്ട കല്യാണിയുടെ ഏറ്റവും ഇളയ മകനായാണ് വളർന്നത്. പ്രതിസന്ധികൾക്കിടയിലും അമ്മയെന്നെ പഠിപ്പിച്ചു. "തോൽക്കും വരെ പഠിപ്പിക്കണം" എന്ന് അധ്യാപകൻ പറഞ്ഞപ്പോൾ അമ്മ നിശ്ചയദാർഢ്യത്തിന്റെ താങ്ങുമായി കൂടെ നിന്നു.
advertisement
Mother.
അമ്മ. pic.twitter.com/budEMXGMqd
— Pinarayi Vijayan (@vijayanpinarayi) May 10, 2020
അമ്മയുടെ അടുത്തിരുന്ന് അമ്മയ്ക്കു വേണ്ടി പുസ്തകങ്ങൾ ഉറക്കെ വായിച്ചു കൊടുത്താണ് വായന ശീലിച്ചത്. ആ ശീലമാണ് രാഷ്ട്രീയ വിദ്യാഭ്യാസത്തിനു തുണയായി മാറിയത്. അമ്മ പകർന്നു തന്ന ആത്മബലമാണ് രാഷ്ട്രീയ ജീവിതത്തിൻ്റെ അടിത്തറ പാകിയത്. അമ്മയ്ക്ക് വേണ്ടി സവിശേഷമായി മാറ്റിവെക്കുന്ന ഈ ദിനവും ചിന്തയും ചുറ്റുപാടിലും പ്രയാസം അനുഭവിക്കുന്നവർക്ക് ആശ്വാസം പകരുന്നതിന്റേതാകാതെ തരമില്ല.
advertisement
അതിതീവ്രമായ പ്രതിസസന്ധിയിലൂടെ നാട് കടന്നു പോകുമ്പോൾ അസാധാരണമായ ഊർജ്ജത്തോടെ പൊരുതി മുന്നേറിയേ മതിയാകൂ. നമ്മുടെ തൊട്ടരികിൽ, നമ്മുടെ ഓർമ്മകളിൽ അമ്മമാരുള്ളിടത്തോളം ത്യാഗത്തിൻ്റേയും ആത്മവീര്യത്തിൻ്റേയും ഉദാത്ത മാതൃകകൾ തിരഞ്ഞ് മറ്റെങ്ങും പോകേണ്ടതില്ല. ഈ മാതൃദിനത്തിൽ നന്ദിപൂർവ്വം അമ്മയെ സ്മരിക്കുന്നു. എല്ലാ അമ്മമാരോടും നന്ദി പറയുന്നു. മാതൃത്വത്തിൻ്റെ മൂർത്ത ഭാവങ്ങളായ ത്യാഗവും കാരുണ്യവും ധീരതയും ചേർത്തു പിടിച്ച് ഈ സമയത്തെയും മറികടന്നു നമുക്ക് ഒരുമിച്ചു മുന്നോട്ടു പോകാം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 10, 2020 10:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
'രാഷ്ട്രീയ ജീവിതത്തിന് അടിത്തറ പാകിയത് അമ്മ പകർന്നു തന്ന ആത്മബലം'; മാതൃദിനത്തിൽ അമ്മയെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി