മിടുക്കനായ നായയുടെ കുര; രക്ഷപെട്ടത് ഒരു ഗ്രാമത്തിലെ 67 ജീവനുകൾ
- Published by:meera_57
- news18-malayalam
Last Updated:
ഗ്രാമത്തിൽ ഇപ്പോൾ നാലോ അഞ്ചോ വീടുകൾ മാത്രമേ കാണാൻ കഴിയൂ. ബാക്കിയുള്ളവ മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി
ഒരു ഗ്രാമത്തിലെ 20 കുടുംബങ്ങൾക്ക് രക്ഷയായത് നായയുടെ കുര. ഹിമാചൽ പ്രദേശിൽ കാലവർഷം തുടരുകയും മണ്ണിടിച്ചിലിനും, വെള്ളപ്പൊക്കത്തിനും, മേഘവിസ്ഫോടനങ്ങൾക്കും കാരണമാവുകയും ചെയ്തപ്പോൾ, മാണ്ഡി ജില്ലയിലെ ഗ്രാമത്തിൽ ഒരു നായയുടെ സമയോചിതമായ കുര ആശങ്കാജനകമായി ഉയർന്നു. 20 കുടുംബങ്ങളിലെ 67 പേർക്ക് കൃത്യസമയത്ത് രക്ഷപ്പെടാൻ ഇത് വഴിയൊരുക്കുകയായിരുന്നു.
ജൂൺ 30 ന് അർദ്ധരാത്രിക്കും പുലർച്ചെ 1നും ഇടയിൽ, മാണ്ഡിയിലെ ധരംപൂർ പ്രദേശത്തെ സിയാതി ഗ്രാമത്തെ മഴക്കെടുതി ബാധിച്ചു. തന്റെ വീടിന്റെ രണ്ടാം നിലയിൽ ഉറങ്ങിക്കിടന്ന സിയാത്തി നിവാസിയായ നരേന്ദ്ര, നായ പെട്ടെന്ന് ഉച്ചത്തിൽ കുരയ്ക്കാൻ തുടങ്ങിയത് ശ്രദ്ധിച്ചു. അർദ്ധരാത്രിയോടെ മഴ പെയ്യുന്നതിനിടയിൽ നായ ഓരിയിടാൻ തുടങ്ങിയതായും പറഞ്ഞു.
"കുര കേട്ടാണ് ഞാൻ ഉണർന്നത്. ഞാൻ അവന്റെ അടുത്തേക്ക് പോയതും വീടിന്റെ ചുമരിൽ ഒരു വലിയ വിള്ളൽ കണ്ടു, വെള്ളം അകത്തുകടക്കാൻ തുടങ്ങിയിരുന്നു. ഞാൻ നായയുമായി താഴേക്ക് ഓടി എല്ലാവരെയും ഉണർത്തി," നരേന്ദ്ര പറഞ്ഞു.
advertisement
പിന്നീട് നരേന്ദ്ര ഗ്രാമത്തിലെ മറ്റുള്ളവരെ വിളിച്ചുണർത്തി, സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടാൻ ആവശ്യപ്പെട്ടു. മഴ പെയ്തതും ആളുകൾ എല്ലാം ഉപേക്ഷിച്ച് അഭയം തേടി. താമസിയാതെ, ഗ്രാമത്തിൽ ഉണ്ടായ ഒരു മണ്ണിടിച്ചിലിൽ, ഒരു ഡസനോളം വീടുകൾ നിലംപൊത്തി. ഗ്രാമത്തിൽ ഇപ്പോൾ നാലോ അഞ്ചോ വീടുകൾ മാത്രമേ കാണാൻ കഴിയൂ. ബാക്കിയുള്ളവ മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി.
കഴിഞ്ഞ ഏഴ് ദിവസമായി രക്ഷപ്പെട്ടവർ ത്രിയംബള ഗ്രാമത്തിൽ നിർമ്മിച്ച നൈന ദേവി ക്ഷേത്രത്തിൽ അഭയം തേടുകയാണ്. അതേസമയം, ദുരന്തം കാരണം നിരവധി ഗ്രാമവാസികൾ രക്തസമ്മർദ്ദവും വിഷാദവും അനുഭവിക്കുന്നുണ്ട്.
advertisement
ദുരന്തത്തെത്തുടർന്ന്, മറ്റ് ഗ്രാമങ്ങളിലെ ജനങ്ങൾ ഇവിടേയ്ക്ക് സഹായം നൽകി. സർക്കാർ 10,000 രൂപ സഹായമായി നൽകുന്നു.
ജൂൺ 20 ന് കാലവർഷം ആരംഭിച്ചതിനുശേഷം ഹിമാചൽ പ്രദേശിൽ കുറഞ്ഞത് 78 പേർ മരിച്ചു. ഇതിൽ 50 പേർ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, മേഘസ്ഫോടനം തുടങ്ങി മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ജീവൻനഷ്‌ടമായവരാണ്. 28 പേർ റോഡപകടങ്ങളിൽ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്ഡിഎംഎ) അറിയിച്ചു.
Summary: A dog in the village of Himachal Pradesh barked in time, to save 67 villagers from flash floods
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 08, 2025 3:01 PM IST