ഉദ്ധാരണക്കുറവാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? അഞ്ച് പരിഹാര മാർഗങ്ങൾ ഇതാ
- Published by:user_57
- news18-malayalam
Last Updated:
പല പുരുഷൻമാരും ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനായി ഡോക്ടർമാരെ സമീപിക്കുന്നതിൽ വിമുഖത കാണിക്കാറുണ്ട്
ലൈംഗിക ബന്ധങ്ങളിലേർപ്പെടുമ്പോൾ നിങ്ങൾക്ക് ഉദ്ധാരണക്കുറവ് (Erectile dysfunction) അനുഭവപ്പെടാറുണ്ടോ? എന്നാൽ അവയെ നിസ്സാരമായി കാണരുത്. ചിലപ്പോൾ ചില ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമാകാം സ്ഥിരമായി ഉണ്ടാകുന്ന ഉദ്ധാരണക്കുറവെന്ന് വിദഗ്ധർ പറയുന്നു. ദമ്പതികൾക്കിടയിലെ ലൈംഗിക ബന്ധത്തെ സാരമായി ബാധിക്കുന്ന ഈ അവസ്ഥ ചികിത്സിച്ച് ഭേദമാക്കേണ്ടത് അത്യാവശ്യമാണെന്നും ഡോക്ടർമാർ പറയുന്നു.
എന്നാൽ പല പുരുഷൻമാരും ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനായി ഡോക്ടർമാരെ സമീപിക്കുന്നതിൽ വിമുഖത കാണിക്കാറുണ്ട്. സാമുഹിക സാഹചര്യങ്ങൾ തന്നെയാണ് അതിന് പ്രധാന കാരണവും. എന്നാൽ കൃത്യസമയത്ത് ചികിത്സിക്കാതിരിക്കുന്നത് നിങ്ങളെ വിഷാദത്തിലേക്ക് വരെ നയിച്ചേക്കാം. ഇത് ദമ്പതികളുടെ ബന്ധത്തിലും ചിലപ്പോൾ വിള്ളലുണ്ടാക്കിയേക്കാം. രക്തപ്രവാഹത്തിലുണ്ടാകുന്ന തടസ്സങ്ങളാണ് ഉദ്ധാരണക്കുറവിന്റെ പ്രധാന കാരണം. അതിനായി വിദഗ്ധനായ ഒരു ഡോക്ടറെ സമീപിച്ച് ചികിത്സ തുടങ്ങേണ്ടത് അത്യാവശ്യമാണ്.
അതേസമയം, ജീവിതശൈലിയിലെ ചില മാറ്റങ്ങളിലൂടെയും ഉദ്ധാരണക്കുറവിന് പരിഹാരം കാണാൻ സാധിക്കുന്നതാണ്. അവയെന്താണെന്നാണ് ഇനി പറയുന്നത്.
advertisement
വ്യായാമം
ശാരീരിക അധ്വാനത്തിലൂടെ ആരോഗ്യമുള്ള ഒരു ശരീരത്തെയും മനസ്സിനെയും രൂപപ്പെടുത്തിയെടുക്കാൻ സാധിക്കും. ദിവസവും 40 മിനിറ്റ് എയറോബിക് എക്‌സർസൈസ് ചെയ്തു നോക്കുക. ഒരു ആറ് മാസത്തോളം ഇത് തുടരണം. ഉദ്ധാരണക്കുറവ് മൂലമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഈ വ്യായാമം സഹായിക്കും. അതുപോലെ തന്നെ നീന്തൽ, നടത്തം, സൈക്ലിംഗ്, എന്നിവയും ചെയ്യുന്നത് ഉത്തമമാണ്.
advertisement
ശരിയായ ഭക്ഷണക്രമം
സമീകൃതാഹാരം ആണ് ഉദ്ധാരണക്കുറവിനുള്ള മറ്റൊരു പോംവഴി. പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, നട്‌സ്, വിത്തുകൾ എന്നിവ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവ നിങ്ങളിലെ ഉദ്ധാരണക്കുറവ് പരിഹരിക്കാൻ സഹായിക്കും.
ശരീരഭാരം
അമിത വണ്ണം ഉള്ളവർക്ക് ഉദ്ധാരണക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഹോർമോണുകളുടെ വ്യതിയാനവും ഇതിന് കാരണമാകും. അതിനാൽ ആരോഗ്യകരമായ ഒരു ശരീരം നിലനിർത്താൻ എപ്പോഴും ശ്രദ്ധിക്കണം.
ശരിയായ ഉറക്കം
നല്ല ഉറക്കം ഇല്ലെങ്കിൽ അത് നിങ്ങളിലെ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ അളവുകളിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കും. ഉറക്കക്കുറവ് അനുഭവിക്കുന്ന പുരുഷൻമാരിൽ ഉദ്ധാരണക്കുറവ് സാധാരണമായി കാണുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
advertisement
പുകവലി, മദ്യപാനം ഒഴിവാക്കുക
പുകവലി, മദ്യപാനം എന്നിവ മൂലവും ഉദ്ധാരണക്കുറവ് അനുഭവപ്പെടാം. അതിനാൽ അവ പൂർണ്ണമായി ഒഴിവാക്കുന്നതാണ് ഉചിതം.
അമേരിക്കയിലെ മയാമി സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ കോവിഡ് -19 അണുബാധ പുരുഷ പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. പഠനത്തിൽ പങ്കെടുത്ത ഒരു പുരുഷന് കോവിഡ് -19 വൈറസ് അണുബാധ മാറിയെങ്കിലും അദ്ദേഹത്തിന്റെ വൃഷണങ്ങളിൽ വൈറസിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായാണ് കണ്ടെത്തിയത്. അതു പോലെതന്നെ ഗവേഷണവുമായി സഹകരിച്ച വേറെ രണ്ട് പുരുഷന്മാരിൽ കോവിഡ് -19 രോഗമുക്തിക്ക് ശേഷം ഉദ്ധാരണക്കുറവ് അനുഭവപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 06, 2023 9:31 AM IST