Health Tips | നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ചില ശീലങ്ങൾ
- Published by:Arun krishna
- news18-malayalam
Last Updated:
നമ്മൾ പോലും അറിയാതെയാണ് ചില ശീലങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്.
‘നിങ്ങളുടെ ഭാവി മാറ്റാൻ നിങ്ങൾക്ക് കഴിയില്ല, എന്നാൽ നിങ്ങൾക്ക് നിങ്ങളുടെ ശീലങ്ങൾ മാറ്റാൻ കഴിയും, തീർച്ചയായും നിങ്ങളുടെ ശീലങ്ങൾ നിങ്ങളുടെ ഭാവി മാറ്റിമറിക്കും’, ബഹുമാന്യനായ മുൻ ഇന്ത്യൻ രാഷ്ട്രപതിയും, ലളിതമായ ജീവിതത്തിന്റെ ഉദാത്ത മാതൃകയും ആയ ഡോ. അബ്ദുൾ കലാം പറഞ്ഞ വാക്കുകളാണിത്. നമ്മൾ പോലും അറിയാതെയാണ് ചില ശീലങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്. അവയിൽ ചിലതിനെക്കുറിച്ചും അവ മാറ്റിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമാണ് താഴെ പറയുന്നത്.
1. മതിയായ ഉറക്കം ഇല്ലാത്തത് (Bad Sleeping habit)
ആരോഗ്യകരമായ ഒരു ജീവിതത്തിന് ഏറ്റവും പ്രധാനമാണ് ശരിയായ ഉറക്കം ലഭിക്കുക എന്നത്. മുതിർന്ന ഒരാൾക്ക് എല്ലാ ദിവസവും 6 മുതൽ 8 മണിക്കൂർ വരെ നല്ല ഉറക്കം ആവശ്യമാണ്. ഉറക്കക്കുറവ് മാനസികാവസ്ഥയെ പോലും ബാധിച്ചേക്കാം. കോപം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ഓർമക്കുറവ് തുടങ്ങിയവയും മതിയായ ഉറക്കം ലഭിക്കാത്തു മൂലം പലരിലും കാണപ്പെടുന്ന പ്രശ്നങ്ങളാണ്. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ശാരീരിക പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. ഉറക്കക്കുറവ് മൂലം സ്തനങ്ങൾ, അണ്ഡാശയങ്ങൾ, പ്രോസ്റ്റേറ്റ്, വൻകുടൽ എന്നിവയിൽ കാൻസറുകൾ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിക്കും.
advertisement
രാത്രി നിങ്ങളുടെ മൊബൈൽ ഫോൺ മാറ്റിവെച്ച് ഉറങ്ങുക എന്ന നല്ല ശീലം വളർത്തിയെടുക്കേണ്ടത് ഏറെ അത്യാവശ്യമാണ്. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും മൊബൈല്‍ സ്‌ക്രീനില്‍ നോക്കുന്നത് ഒഴിവാക്കണം. നല്ല ഉറക്കം ലഭിക്കാൻ ധ്യാനം, യോഗ, വ്യായാമം തുടങ്ങിയവ ശീലമാക്കുക. ആവശ്യമെങ്കിൽ കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിക്ക് പ്രൊഫഷണൽ സഹായം തേടുക. അമിതമായി കാപ്പി കുടിക്കുന്നതും കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതും നല്ല ഉറക്കത്തിന് തടസം സൃഷ്ടിക്കുന്ന കാര്യങ്ങളാണ്. കൂടാതെ, സമ്മര്‍ദ്ദം, ടെന്‍ഷന്‍ എന്നിവയെല്ലാം നിങ്ങളുടെ ഉറക്കത്തെ ബാധിച്ചേക്കാം.
advertisement
2. പുകവലി, പുകയില ഉപയോഗം (Tobacco in any form)
നിങ്ങളുടെ ശരീരത്തിന് തീരെ ആവശ്യം ഇല്ലാത്ത ഒരു പദാർത്ഥമാണ് പുകയില. പുകവലിക്കുന്ന ആളുകളെപ്പോലെ തന്നെ അത് ശ്വസിക്കുന്ന ആളുകളിലും അപകട സാധ്യത വളരെ വലുതാണ്. ഒട്ടേറെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ഒരു ദുശീലമാണ് പുകവലിയും പുകയിലയുടെ ഉപയോഗവും. യുവാക്കളില്‍ ഹൃദയാഘാതത്തിനുള്ള പ്രധാന കാരണം പുകവലിയാണ്. വല്ലപ്പോഴുമുള്ള പുകവലി പോലും അപകടകരമാണ്. അതിനാൽ പുകവലി, പുകയില ചവയ്ക്കൽ, സ്നഫ്, ഹുക്ക തുടങ്ങിയ മറ്റേതെങ്കിലും രൂപത്തിൽ പുകയില ശരീരത്തിലെത്തുന്നത് എന്നിവയെല്ലാം കർശനമായി ഒഴിവാക്കണം. നിങ്ങൾ പുകവലി എന്ന ദുശീലം ഉള്ളവർ ആണെങ്കിൽ അത് അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുക. ആവശ്യമെങ്കിൽ ഇതിനായി പ്രൊഫഷണൽ സഹായം തേടുക, കൗൺസിലിംഗിനും ജീവിതശൈലിയിലെ മാറ്റങ്ങൾക്കും പുറമെ, മരുന്നുകളിലൂടെയും ഡി-അഡിക്ഷൻ തെറാപ്പിയിലൂടെയും ഇതിനായി നിങ്ങളെ സഹായിക്കുന്ന സ്പെഷ്യലിസ്റ്റുകളുണ്ട്.
advertisement
3. മോശം ഭക്ഷണ ശീലങ്ങൾ (Bad eating habits)
പലരും അധികം കാര്യമാക്കാത്ത ഒരു ദുശീലമാണ് മോശം ഭക്ഷണ ശീലങ്ങൾ. സംസ്കരിച്ച ഭക്ഷണം കഴിക്കൽ, അമിതമായി ഭക്ഷണം കഴിക്കൽ, ക്രമരഹിതമായ ഭക്ഷണരീതികൾ, അർദ്ധരാത്രിയുള്ള ഭക്ഷണം കഴിക്കൽ, അമിതമായ കലോറി ഉപഭോഗം തുടങ്ങിയവ എല്ലാം ശരീരത്തെ ദോഷകരമായി ബാധിക്കും. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ പല രോഗങ്ങൾക്കും കാരണമാകുന്നതിനു പുറമേ, ഇത്തരം ശീലങ്ങൾ ചില അർബുദങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.
advertisement
ഭക്ഷണത്തിൽ ആവശ്യത്തിന് നാരുകൾ ഉണ്ടെന്ന് ഉറപ്പാക്കുക, റെഡ് മീറ്റ് കഴിക്കുന്നത് കുറക്കുക, പഞ്ചസാര കുറയ്ക്കുക, ദിവസവും 2-3 ലിറ്റർ വെള്ളം കുടിക്കുക, വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കൽ തുടങ്ങിയ ശീലങ്ങൾ വളർത്തിയെടുക്കുക. പച്ചക്കറികൾ, പഴങ്ങളും, ബീന്‍സ്, മത്സ്യം, കൊഴുപ്പ് കുറഞ്ഞ പാലുല്‍പന്നങ്ങള്‍, ധാന്യങ്ങള്‍, ഒലിവ് ഓയില്‍ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍, ഉയര്‍ന്ന ഫൈബറും കുറഞ്ഞ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം നമ്മുടെ ദൈനംദിന ഭക്ഷണ ശീലത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുക. ആവശ്യമെങ്കിൽ നല്ല ഒരു ഡയറ്റ് പ്ലാൻ പിന്തുടരുന്നത് ആരോഗ്യകരമായ ജീവിതം നയിക്കാൻ നിങ്ങളെ സഹായിക്കും. ശരിയായ മാർഗ നിർദേശങ്ങൾ ലഭിക്കാൻ ആവശ്യമെങ്കിൽ ഒരു ഡയറ്റീഷ്യനെ സമീപിക്കുക.
advertisement
4. മദ്യപാനം (drinking habit)
വല്ലപ്പോഴും മിതമായ രീതിയിൽ മദ്യപിക്കുന്നത് ഹാനികരമാകില്ല എന്നു നമുക്കറിയാം. എന്നാൽ വളരെ കുറഞ്ഞ അളവിലാണെങ്കിൽ പോലും സ്ഥിരമായി മദ്യം കഴിക്കുന്നവരാണെങ്കിൽ ആരോഗ്യത്തെ അത് ദോഷകരമായി ബാധിക്കും. അമിതമായി മദ്യപിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും അസുഖങ്ങൾ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അമിതമായി മദ്യപിക്കുന്നവരില്‍ കരള്‍ രോഗങ്ങൾ വരാനുള്ള സാധ്യതയും ഉണ്ട്. അമിതമായി മദ്യം കഴിക്കുന്നവരിലെ ഏറ്റവും ഗുരുതരമായ പാര്‍ശ്വഫലങ്ങളിലൊന്ന് ബുദ്ധിശക്തി കുറയുന്നതും തലച്ചോറിന്റെ സങ്കോചവും. മദ്യപാനവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളില്‍ ഡിമെന്‍ഷ്യയും ഉണ്ട്. സ്ഥിരമായി അമിത അളവില്‍ മദ്യപിക്കുന്നവരുടെ ആയുര്‍ദൈര്‍ഘ്യം കുറയുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. അമിതമായി മദ്യം കഴിക്കുന്നത് പലപ്പോഴും ഹൈപ്പർടെൻഷനും (ഉയർന്ന രക്തസമ്മർദ്ദം) കാരണമാകുന്നു, ഇത് ഹൃദയാരോഗ്യത്തെയും ബാധിക്കും.
advertisement
5. ദീർഘനേരമുള്ള ഇരിപ്പ് (The Couch Potato habit)
ഡെസ്ക് ജോലികൾ ചെയ്യുന്നവർ, ടിവി അല്ലെങ്കിൽ ഗാഡ്‌ജെറ്റുകൾക്ക് മുന്നിൽ ഒരുപാടു നേരം ഇരിക്കുന്നവർ എന്നിവരും ഈ ശീലം മാറ്റണം. ദീർഘനേരം ഒറ്റ ഇരിപ്പിൽ ജോലി ചെയ്യുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. ഇതിന്റെ അനന്തര ഫലമായി, കഴുത്തുവേദന, നടുവേദന, തോൾവേദന തുടങ്ങിയ രോഗങ്ങളും അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ, പേശി സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെല്ലാം ഉണ്ടാകാം.
ദീർഘനേരമുള്ള ഇരിപ്പ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാൻ വ്യായാമം അടക്കമുള്ള ശീലങ്ങൾ പതിവാക്കണം. ഓരോ മണിക്കൂറിലും കുറഞ്ഞത് അഞ്ചോ പത്തോ മിനിറ്റെങ്കിലും ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് ഒന്നു സ്ട്രച്ച് ചെയ്യുകയോ നടക്കുകയോ വേണം. ജോലിയില്ലാത്ത സമയങ്ങളിൽ, എല്ലാ ദിവസവും ഒന്നോ രണ്ടോ മണിക്കൂർ ഇലക്ട്രോണിക് ഉപകരണങ്ങളോട് നോ പറഞ്ഞ് പുറത്തേക്കിറങ്ങി പ്രകൃതിയിൽ സമയം ചെലവഴിക്കുന്നതും നല്ലതാണ്. ശുദ്ധവായു ശ്വസിക്കുന്നതും വിയർക്കുന്നതുമൊക്കെ നല്ലതാണ്. പടി കയറുക, വീട് വൃത്തിയാക്കുക, ഇടനാഴിയിലൂടെ നടക്കുക പോലുള്ള ലഘു വ്യായാമങ്ങളും ആകാം. നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഇത് അത്യന്താപേക്ഷിതമാണ്.
മേൽപറഞ്ഞ മോശം ശീലങ്ങൾ തുടർന്നു കൊണ്ടു പോകാൻ എളുപ്പമാണ്. എന്നാൽ അതിൽ നിന്ന് പുറത്തു കടന്ന് നല്ല ആരോഗ്യ ശീലങ്ങൾ വളർത്തിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നല്ല ശീലങ്ങൾ തുടങ്ങുന്നതിലൂടെ നല്ല ഭാവിക്കു വേണ്ടിയുള്ള ശ്രമങ്ങൾ കൂടിയാണ് നിങ്ങൾ ആരംഭിക്കുന്നത്. അതിനാൽ ഇത്തരം ദുശീലങ്ങൾക്ക് അടിമകളായവർ ഉടൻ അതിൽ നിന്നും പുറത്തു കടക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുക. നിങ്ങളുടെ ശരീരവും ആരോഗ്യവും പരിപാലിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.
(ഡോ. നിതി കൃഷ്ണ റൈസാദ, ഡയറക്ടർ, മെഡിക്കൽ ഓങ്കോളജി ആൻഡ് ഹെമറ്റോ-ഓങ്കോളജിസ്റ്റ്, ഫോർട്ടിസ് ഹോസ്പിറ്റൽ, റിച്ച്മണ്ട് റോഡ്, ബാംഗ്ലൂർ)
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 28, 2023 9:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Tips | നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ചില ശീലങ്ങൾ