വണ്ണം കുറയ്‌ക്കാൻ പല വഴികളും നോക്കുന്നവരായിരിക്കും നമ്മളിൽ പലരും. അമിത വണ്ണം നമുക്ക് പല പ്രശ്‌നങ്ങളും ഉണ്ടാക്കുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അമിത വണ്ണം കുറയ്‌ക്കാനായി പലരും ആഹാരം നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ഈ ചൂട് കാലത്ത്, നമുക്ക് കൂടുതൽ കരുത്ത് നേടാൻ നാം തണുത്ത ജ്യൂസും മറ്റും അമിതമായി കഴിക്കാറുമുണ്ട്. എന്നാൽ ഇങ്ങനെ കഴിക്കുന്നതിന് പ്രശ്‌നങ്ങൾ ഉണ്ടോ എന്ന് പലരും അറിയുന്നില്ല. അമിത വണ്ണം കുറയ്‌ക്കാൻ ഏറ്റവും അനുയോജ്യമായ സമയം വേനൽ കാലം ആണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ അറിഞ്ഞോളൂ, കലോറിയും കൊഴുപ്പും എല്ലാം കുറഞ്ഞ പഴങ്ങളും പച്ചക്കറികളും ഉണ്ട്. ഈ വേനൽക്കാലത്ത് കഴിക്കാനും ശരീരത്തിന് പ്രശ്‌നങ്ങൾ ഉണ്ടാക്കാത്തതുമായവ, അത് ഏതൊക്കെയാണെന്നല്ലേ, അറിഞ്ഞോളൂ.
ശരീരത്തെ തണുപ്പിക്കാനും ഭാരം കുറയ്‌ക്കാനും ഏറ്റവും കൂടുതൽ സഹായിക്കുന്ന പച്ചക്കറികളും പഴങ്ങളും ഇതാ.
1. കുക്കുമ്പർ അഥവാ കക്കിരി (സാലഡ് വെള്ളരി) : വേനൽക്കാലത്ത് കഴിക്കാൻ ഏറ്റവും ഉത്തമമായ പച്ചക്കറികളിൽ ഒന്നാണ് കുക്കുമ്പർ അഥവാ കക്കിരി. ഇത് ഒരു പഴമാണ്, എന്നാൽ പച്ചക്കറിയായാണ് ഉപയോഗിക്കുന്നത്. സാലഡുകൾ, സ്‌മൂത്തികൾ തുടങ്ങിയവ ഉണ്ടാക്കാൻ ഇത് ഉത്തമമാണ്. നമ്മുടെ ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കുന്നതിനും വയറിലെ കൊഴുപ്പ് കുറക്കാനും കക്കിരി അത്യുത്തമമാണ്. കൂടാതെ ഇതിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുമുണ്ട്.
2. ചുരക്ക അഥവാ ചുരങ്ങ: ശരീരത്തിൽ ജലാംശം നിലനിർത്താൻ ഏറ്റവും അധികം സഹായകരമാകുന്ന പച്ചക്കറികളിൽ മറ്റൊന്നാണ് ചുരക്ക അഥവാ ചുരങ്ങ. ഏകദേശം ഇത് കക്കിരിയ്‌ക്ക് സമാനമാണ്. ഇതിൽ 92 ശതമാനവും വെള്ളമാണ്. ഫൈബർ, സോഡിയം, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ ധാരാളം അടങ്ങിയ ചുരങ്ങ സാധാരണയായി കറി വയ്‌ക്കാനാണ് ഉപയോഗിക്കുന്നത്.
3. തക്കാളി: വേനൽക്കാലം അല്ലെങ്കിലും നമ്മുടെ ഭക്ഷണ രീതിയിൽ തക്കാളി വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. വേനൽക്കാലത്തും ഇത് അത്യുത്തമമാണ്. യഥാർത്ഥത്തിൽ ഒരു പഴമായ തക്കാളി, സൂപ്പ്, സാലഡ് തുടങ്ങി കറികളിലും മറ്റുമാണ് ഉപയോഗിക്കുന്നത്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്‌ടമാണ് ഈ കുഞ്ഞുവീരൻ.
4. വെണ്ടയ്‌ക്ക: നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള വെണ്ടയ്‌ക്ക വേനൽക്കാലത്ത് നമ്മുടെ ശരീരത്തിന് അത്യുത്തമമാണ്. വണ്ണം കുറയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ദഹന വ്യവസ്ഥയ്‌ക്കുമെല്ലാം ഉത്തമമാണ്.
5. ചീര: ഇലകളിൽ ഏറ്റവും ഉത്തമം എന്ന് പറയാവുന്ന ചീര വേനൽക്കാലത്തും ഉത്തമം തന്നെയാണ്. വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിരിക്കുന്ന ഈ ഇല സാധാരണയായി സാലഡുകൾ, കറികൾ, സ്‌മൂത്തി തുടങ്ങിയവയിൽ ഉപയോഗിക്കുന്നു.
6. കയ്‌പക്ക: കയ്‌പയ്‌ക്കയുടെ രുചി കയ്പ്പ് ആയതുകൊണ്ട് തന്നെ ഭൂരിപക്ഷം ആളുകൾക്കും ഇതിനോട് താൽപ്പര്യം ഇല്ല എന്നതാണ് സത്യം. എന്നാൽ അറിഞ്ഞോളൂ, ശരീര ഭാരം കുറയ്‌ക്കാൻ ഏറ്റവും ഉത്തമമാണ് ഈ കയ്‌പ്പ് വീരൻ. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ഇത്. ശരീരത്തിലെ ഇൻസുലിൻ്റെ അളവ് നിയന്ത്രിക്കാനും ഇത് ഉത്തമമാണ്.
7. പുതിന ഇല: ശരീരത്തിന് തണുപ്പ് നൽകാനും ഭാരം കുറയ്‌ക്കാനും ഒക്കെ പുതിന ഇല നല്ലതാണ്. ജ്യൂസുകളിലും കറികളിലും മറ്റുമാണ് സാധാരണയായി ഇത് ഉപയോഗിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fruits and vegetables, Summer, Weight loss