• HOME
  • »
  • NEWS
  • »
  • life
  • »
  • കീറ്റോ ഡയറ്റ് പിന്തുടരുന്നവരോണോ? ഹൃദയാരോഗ്യത്തിന് ദോഷകരമെന്ന് പഠനം

കീറ്റോ ഡയറ്റ് പിന്തുടരുന്നവരോണോ? ഹൃദയാരോഗ്യത്തിന് ദോഷകരമെന്ന് പഠനം

കീറ്റോ ഡയറ്റ് കഴിഞ്ഞ കുറച്ചുകാലമായി ഫിറ്റ്നസ് പ്രേമികളിൽ ഏറെ പ്രചാരത്തിലുള്ള ഡയറ്റാണ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    അമിതവണ്ണം കുറയ്ക്കാനായി പലരും പിന്തുടരുന്ന ഡയറ്റാണ് കീറ്റോ ഡയറ്റ്. എന്നാല്‍ കീറ്റോ ഡയറ്റ് പിന്തുടരുന്നവരില്‍ ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ശരീരത്തില്‍ വര്‍ധിക്കാന്‍ കീറ്റോ ഡയറ്റ് കാരണമാകുമെന്ന് അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

    കീറ്റോ ഡയറ്റ് പിന്തുടരുന്നവര്‍ ഭക്ഷണത്തില്‍ കാര്‍ബോ ഹൈഡ്രേറ്റ് വളരെ കുറച്ച് മാത്രമാണ് ഉള്‍പ്പെടുത്തുന്നത്. പകരം ഉയർന്ന അളവില്‍ കൊഴുപ്പടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നത്. ഇതിന്റെ ഭാഗമായി നെഞ്ച് വേദന, രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകുക, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്.

    ‘Association of a Low-carbohydrate High-fat (Ketogenic) Diet With Plasma Lipid Levels and Cardiovascular Risk in a Population-based Cohort’ എന്ന തലക്കെട്ടിലുള്ള പഠനം ഭക്ഷണക്രമത്തില്‍ കുറഞ്ഞ അളവിൽ കാര്‍ബോഹൈഡ്രേറ്റ് ഉള്‍പ്പെടുത്തുന്നവരെയും ഉയര്‍ന്ന അളവിൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുന്നവരെയും താരതമ്യം ചെയ്താണ് തയ്യാറാക്കിയിരിക്കുന്നത്. മാര്‍ച്ച് 5 നാണ് ഗവേഷകര്‍ ഈ പഠനം അവതരിപ്പിച്ചത്.

    Also read: Health | കൗമാരക്കാർ നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം? അവ എങ്ങനെ പരിഹരിക്കാം?

    അമേരിക്കയില്‍ അഞ്ച് പേരില്‍ ഒരാള്‍ കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ ഈ ഡയറ്റ് പിന്തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്ഥമല്ല. കീറ്റോ ഡയറ്റിന് ഇന്ത്യയിലും വന്‍ സ്വീകാര്യതയാണുള്ളത്.

    പഠനഫലം

    കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഡയറ്റ് പിന്തുടരുന്ന 305 ആളുകളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. സാധാരണ ഡയറ്റ് പിന്തുടരുന്ന 1200 പേരുമായി ഇവരെ താരതമ്യം ചെയ്യുകയും ചെയ്തു.

    കാര്‍ബോഹൈഡ്രേറ്റ് കുറവുള്ള ഡയറ്റ് പിന്തുടരുന്നവരില്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നുവെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ ഇവരില്‍ ആപോലിപോപ്രോട്ടീന്‍ ബിയും വര്‍ധിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

    LCHF ഡയറ്റ് പിന്തുടരുന്നവരില്‍ 9.8% പേര്‍ക്കും ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടായതായി പഠനം കണ്ടെത്തി. സാധാരണ ഭക്ഷണക്രമത്തിലുള്ളവരില്‍ ഇത് 4.3% ആണ്.

    കാര്‍ബോ ഹൈഡ്രേറ്റ് കുറവുള്ള ഡയറ്റ് പിന്തുടരുന്നവര്‍ ദൈനംദിന കലോറിയുടെ 45 ശതമാനം കൊഴുപ്പില്‍ നിന്നും 25 ശതമാനം കാര്‍ബോ ഹൈഡ്രേറ്റില്‍ നിന്നുമാണ് സ്വീകരിക്കുന്നത്. ശരീരത്തിന്റെ ഊര്‍ജത്തിനായുള്ള പ്രാഥമിക സ്രോതസ്സാണ് കാര്‍ബോ ഹൈഡ്രേറ്റുകള്‍.

    കാര്‍ബോ ഹൈഡ്രേറ്റ് ഉപഭോഗം നിയന്ത്രിക്കുന്ന ഭക്ഷണക്രമമാണ് ഇതെന്നും ഗവേഷകര്‍ പറയുന്നു. അതുകൊണ്ട് തന്നെ ശരീരത്തിന് ആവശ്യമായ ഊര്‍ജത്തിനായി കൊഴുപ്പിനെ വിഘടിപ്പിക്കാന്‍ ശരീരം നിര്‍ബന്ധിതമാകും. കൊഴുപ്പിന്റെ വിഘടിപ്പിക്കാൻ കരൾ കീറ്റോണുകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കും. കാര്‍ബോ ഹൈഡ്രേറ്റിന്റെ അഭാവത്തില്‍ ഊര്‍ജത്തിനായി ഉപയോഗിക്കുന്ന രാസവസ്തുവാണിത്.

    കീറ്റോ ഡയറ്റ് കഴിഞ്ഞ കുറച്ചുകാലമായി ഫിറ്റ്നസ് പ്രേമികളിൽ ഏറെ പ്രചാരത്തിലുള്ള ഡയറ്റാണ്. റെഡ് മീറ്റ്,ചിക്കൻ, ടർക്കി, വെണ്ണ, മൊസറെല്ല ചീസ്, മട്ടൻ, വാൽനട്ട്, ബദാം, ചിയ സീഡ്സ്, മത്തങ്ങ വിത്തുകൾ, ഫ്ളാക്സ് സീഡ്, അണ്ടിപ്പരിപ്പ് തുടങ്ങിയവയൊക്കെയാണ് കീറ്റോ ഡയറ്റ് പ്രകാരം കഴിക്കേണ്ട പ്രധാന ഭക്ഷണങ്ങൾ.

    Published by:user_57
    First published: