'കേരളത്തിൽ ആവർത്തിച്ച് നിപ പ്രത്യക്ഷപ്പെടുന്നു; സൂക്ഷ്മപഠനം വേണം': ഡോ. ബി ഇക്ബാൽ
- Published by:Anuraj GR
- news18-malayalam
Last Updated:
'നിപ മഹാമാരിയല്ല, വേഗത്തിൽ നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്നും ഡോ. ബി ഇക്ബാൽ
തിരുവനന്തപുരം: കേരളത്തിൽ ആവർത്തിച്ച് നിപ പ്രത്യക്ഷപ്പെടുന്നതിന്‍റെ കാരണങ്ങളെക്കുറിച്ച് സൂക്ഷ്മപഠനം നടത്തണമെന്ന് കേരള സർവകലാശാല മുൻ വൈസ് ചാൻസലറും പൊതുജനാരോഗ്യപ്രവർത്തകനുമായ ഡോ. ബി ഇക്ബാൽ പറഞ്ഞു. നിപ മഹാമാരിയല്ലെന്നും പകർച്ചവ്യാധിയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നിപ വേഗത്തിൽ നിയന്ത്രണവിധേയമാക്കാൻ കഴിയും. എന്നാൽ മരണനിരക്ക് കൂടുതലാണെന്നും ഡോ. ബി ഇക്ബാൽ പറഞ്ഞു.
ഡോ. ബി ഇക്ബാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
നീപയെ മനസ്സിലാക്കുക
• നിപ (Nipah) മഹാമാരിയല്ല (pandemic), എപ്പിഡെമിക്ക് (epidemic) മാത്രം
• വേഗത്തിൽ നിയന്ത്രണ വിധേയമാക്കാൻ കഴിയും
• എന്നാൽ മരണനിരക്ക് കൂടുതൽ
1998 ൽ മലേഷ്യയിലും തുടർന്ന് സിംഗപ്പൂരിലുമാണ് നിപ വൈറസ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എൽ നിനോ പ്രതിഭാസം മലേഷ്യൻ കാടുകളെ നശിപ്പിച്ചതിനെ തുടർന്നാണ് പ്രധാനമായും കാട്ടിലെ കായ് കനികൾ ഭക്ഷിച്ച് ജിവിച്ചിരുന്ന വവ്വാലിൽ നിന്നും നിപ്പാ വൈറസ്, പന്നി തുടങ്ങിയ നാട്ട്മൃഗങ്ങളിലേക്ക് വ്യാപിച്ചത്. പിന്നീട് ജനിതകമാറ്റം വന്ന വൈറസ് മനുഷ്യരിലേക്കും പടർന്നു. മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ (Nipah) എന്ന പേരിൽ വൈറസ് അറിയപ്പെട്ടത്. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് മാത്രം പകർന്നിരുന്ന നീപ വൈറസ് ജനിതകമാറ്റം സംഭവിച്ചത് കൊണ്ടാവണം മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും പടരുന്നത്.
advertisement
രോഗകാരണം
ഹെൻഡ്രാ വൈറസുകളുമായി അടുത്ത ബന്ധമുള്ള ഹെനിപാവൈറസ് ജനുസിലെ പാരമിക്സോ വിറിഡേ (Paramyxoviridae), വിഭാഗത്തിൽ പെട്ട ആർ എൻ എ വെറസുകളാണ് നിപ വൈറസുകൾ. പ്രധാനമായും പഴവർഗ്ഗങ്ങൾ ഭക്ഷിച്ച് ജീവിക്കുന്ന റ്റെറോപസ് (Pteropus) ജനുസ്സി പെട്ട വവ്വാലുകളാണ് നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകർ.,. വവ്വലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്. മലേഷ്യയിൽ വവ്വാലുകളിൽ നിന്നും പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും രോഗം പകർന്നു. വവ്വാലുകൾ ഭക്ഷിച്ച് ഉപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും വവ്വാലുള്ള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന പാനീയങ്ങളിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. മലേഷ്യയിൽ മാത്രമാണ് പന്നികളിൽ നിന്നും രോഗം മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
advertisement
രോഗലക്ഷണങ്ങൾ
രോഗിയുടെ സ്രവങ്ങളിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. പനി, തലവേദന, തലകറക്കം, ചുമ, ബോധക്ഷയം മുതലായവയാണ് നിപ രോഗലക്ഷണങ്ങൾ. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് മരണത്തിന് കാരണമാവും. 40 മുതൽ 60 ശതമാനം വരെയാണ് മരണനിരക്ക്. ആർ ടി പി സി ആർ, എലിസ (ELISA) ടെസ്റ്റുകൾ വഴി രോഗനിർണ്ണയം നടത്താം, മരണമടയുന്ന രോഗികളുടെ അവയവകോശങ്ങൾ ഇമ്യൂണോ ഹിസ്റ്റോകെമിസ്ട്രി (Immunohistochemistry) പരിശോധനക്ക് വിധേയമാക്കി രോഗം കൃത്യമായി നിർണ്ണയിക്കാൻ കഴിയും.
രോഗവ്യാപനം
മലേഷ്യയിൽ 1998-99 കാലത്ത് 265 പേരെ രോഗം ബാധിച്ചു 105 പേർ മരണമടഞ്ഞു. സിംഗപ്പൂരിൽ 11 പേരിൽ രോഗം കണ്ടെത്തി ഒരാൾ മാത്രമാണ് മരണമടഞ്ഞത്. ബംഗ്ലാദേശിലെ മെഹർപൂർ ജില്ലയിൽ നീപ വൈറസ് രോഗം 2001 ൽ പ്രത്യക്ഷപ്പെട്ടു. തുടർന്ന് ബംഗ്ലാദേശിലെ നിരവധി ജില്ലകളിലേക്ക് രോഗം പടർന്നു. 2012 മാർച്ച് വരെ ബംഗ്ലാദേശിൽ 263 പേരെയാണ് രോഗം ബാധിച്ചത്. ഇവരിൽ 196 (74.5%) പേരും മരിച്ചു 2001 ൽ ഇന്ത്യയിൽ പശ്ചിമബംഗാളിലെ സിലിഗുരിയിൽ 71 പേരെ നീപ വൈറസ് രോഗം ബാധിക്കയും 50 പേർ മരണമടയുകയും ചെയ്തു. 2007 ൽ നാദിയായിൽ 30 പേർക്ക് രോഗബാധയുണ്ടായി 5 പേർ മരണമടഞ്ഞു.. 1998 നു ശേഷം ഇതുവരെ നിപ വൈറസ് രോഗം വിവിധ രാജ്യങ്ങളിലായി 477 പേരെ ബാധിച്ചിട്ടുണ്ട്. ഇവരിൽ 252 പേർ മരണമടഞ്ഞു. 40 മുതൽ 75 ശതമാനം വരെയായിരുന്നു വിവിധ രാജ്യങ്ങളിലെ മരണനിരക്ക് .
advertisement
നിപ കേരളത്തിൽ
2018 മേയ് മാസത്തിൽ കേരളത്തിൽ നിപ വൈറസ് ബാധ ഉണ്ടായി. 28 പേരിൽ രോഗ ലക്ഷണം കണ്ടെങ്കിലും 18 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 17 പേർ മരണമടഞ്ഞു പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്രാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്ടുള്ള പേരാബ്രാ എന്ന ഗ്രാമത്തിലായിരുന്നു പകർച്ചവ്യാധിയുടെ ഉറവിടം. പഴംതീനി വവ്വാലുകളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടർന്നതെന്ന് വ്യക്തമായിട്ടുണ്ട്. രോഗം ബാധിച്ചു മരിച്ച 17 പേർക്കും രോഗം പടർന്നത് ആദ്യ നിപ വൈറസ് ഇരയായ പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ മുഹമ്മദ് സാബിത്തിൽ നിന്നാണെന്ന് തെളിഞ്ഞിട്ടുണ്ട്. പിന്നീട് 2019 ൽ 2019 ജൂണിൽ കൊച്ചിയിൽ 23 കാരനായ വിദ്യാർത്ഥിയെ നിപ വൈറസ് ബാധിച്ചെങ്കിലും ചികിത്സയെ തുടർന്ന് രോഗം ഭേദമായി. നിപ വൈറസ് രോഗത്തിന് പ്രത്യേക മരുന്നുകളോ വാക്സിനോ കണ്ടെത്തിയിട്ടില്ല. വൈറസുകളെ നശിപ്പിക്കുന്ന റിബാവിറിൻ (Ribavirin) എന്നമരുന്ന് പരീക്ഷണ ഘട്ടത്തിലാണ്. വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം നടന്നു വരുന്നു.
advertisement
ഇപ്പോൾ കോഴിക്കോട് വീണ്ടും നീപ ബാധയുണ്ടായതായും തുടർന്ന് മരണം സംഭവിച്ചതായി സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ ആവർത്തിച്ച് നിപ പ്രത്യക്ഷപ്പെടുന്നതിൻ്റെ കാരണങ്ങൾ കണ്ടെത്താനുള്ള സൂക്ഷ്മ പഠനം നടത്തേണ്ടിയിരിക്കുന്നു,
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 12, 2023 8:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
'കേരളത്തിൽ ആവർത്തിച്ച് നിപ പ്രത്യക്ഷപ്പെടുന്നു; സൂക്ഷ്മപഠനം വേണം': ഡോ. ബി ഇക്ബാൽ