നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • സങ്കടത്തേക്കുറിച്ച് തുറന്നെഴുതൂ! മാനസികാരോഗ്യം മെച്ചപ്പെടുമെന്ന് പഠനം

  സങ്കടത്തേക്കുറിച്ച് തുറന്നെഴുതൂ! മാനസികാരോഗ്യം മെച്ചപ്പെടുമെന്ന് പഠനം

  മാനസികാരോഗ്യത്തിൽ എഴുത്തിനുള്ള സ്വാധീനത്തെക്കുറിച്ച് ഇരുന്നൂറിൽപ്പരം പഠനങ്ങൾ നടന്നു കഴിഞ്ഞിട്ടുണ്ട്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ലോക പ്രശസ്തനായ സാഹിത്യകാരൻ ഏർണെസ്റ്റ് ഹെമിങ്‌വേ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, "എഴുത്തുകാർ തങ്ങളെ വേദനിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് ശക്തമായും വ്യക്തമായും എഴുതണം" എന്ന്. അത് പറയുന്ന കാലഘട്ടത്തിൽ ഹെമിങ്‌വേ അറിഞ്ഞിരിക്കാൻ ഇടയില്ലെങ്കിലും, നമ്മളെ വേദനിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് എഴുതുന്നത് മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തും എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. മാനസികാരോഗ്യത്തിൽ എഴുത്തിനുള്ള സ്വാധീനത്തെക്കുറിച്ച് ഇരുന്നൂറിൽപ്പരം പഠനങ്ങൾ നടത്തിയിട്ടുണ്ട്.

   എഴുത്ത് നിരവധി പേരിൽ സ്ഥിരമായി മനഃശാസ്ത്രപരമായ നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും അതിന്റെ കാരണത്തെക്കുറിച്ചും ഏത് വിധത്തിലാണ് അത് മാനസികാരോഗ്യത്തെ സഹായിക്കുന്നത് എന്നതിനെക്കുറിച്ചുമുള്ള അനുമാനങ്ങളിൽ ഗവേഷകർക്കിടയിൽ പൂർണമായ യോജിപ്പ് ഇതുവരെ ഉണ്ടായിട്ടില്ല.

   Also Read താരൻ പോകാൻ ഏത് ഷാംപൂ ഉപയോഗിക്കണം?

   വികാരങ്ങൾ അടക്കി വയ്ക്കുന്നത് മാനസിക ക്ലേശത്തിലേക്ക് നയിക്കുമെന്നാണ് ഒരു പഠനം സൂചിപ്പിക്കുന്നത്. അടക്കി വച്ച വികാരങ്ങളുടെ രഹസ്യ സ്വഭാവം  നിലനിർത്തി സ്വതന്ത്രമായി പ്രകടിപ്പിക്കാൻ എഴുത്തിലൂടെ സാധിക്കുന്നു എന്നതാകാം മാനസികാരോഗ്യം വീണ്ടെടുക്കാൻ എഴുത്ത് സഹായിക്കുന്നതെന്നാണ് ഈ പഠനത്തിന്റെ അനുമാനം. എന്നാൽ, വികാരങ്ങൾ വെറുതെ പ്രകടിപ്പിക്കുന്നു എന്നതല്ല, മറിച്ച് സ്വന്തം വിഷമങ്ങളെക്കുറിച്ചുള്ള സ്വയം അവബോധമാണ് മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുന്ന പ്രധാന ഘടകമെന്നും അടുത്തിടെ പുറത്തുവന്ന ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

   Also Read കോവിഡ് കാലത്ത് കൗമാരക്കാരായ പെണ്‍കുട്ടികളിൽ ആത്മഹത്യാ പ്രവണത കൂടി; പഠന റിപ്പോർട്ട്

   നമ്മുടെ ഉള്ളിലേക്ക് തന്നെ നമ്മുടെ ശ്രദ്ധയെയും കരുതലിനെയും വഴി തിരിച്ചു വിടുക എന്നതാണ് സ്വയം അവബോധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിലൂടെ നമ്മുടെ സ്വഭാവം, പെരുമാറ്റം, രീതികൾ, വികാരങ്ങൾ, വിശ്വാസങ്ങൾ, മൂല്യങ്ങൾ, നമ്മളെ പ്രചോദിപ്പിക്കുന്ന ഘടകങ്ങൾ എന്നിവയെക്കുറിച്ചൊക്കെ ബോധവാന്മാരാകാൻ നമുക്ക് കഴിയും. സ്വയം അവബോധം വളർത്തിയെടുക്കുന്നത് പല വിധത്തിൽ നമ്മെ സഹായിക്കും എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അത് നമ്മുടെ ആത്മവിശ്വാസം വളർത്തുകയും മറ്റുള്ളവരെ അംഗീകരിക്കാൻ നമ്മളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ചെയ്യുന്ന ജോലിയിൽ സംതൃപ്തി കണ്ടെത്താനും കാര്യക്ഷമതയുള്ള നേതൃപാടവം വികസിപ്പിച്ചെടുക്കാനും അതിലൂടെ കഴിയും. നമ്മുടെ ദീർഘകാല ലക്ഷ്യങ്ങൾക്ക് അനുസരിച്ച് സ്വയം നിയന്ത്രണം നേടിയെടുക്കാനും മികച്ച തീരുമാനങ്ങൾ കൈക്കൊള്ളാനും തന്നെക്കുറിച്ചു തന്നെയുള്ള അവബോധസൃഷ്ടി സഹായിക്കുന്നു.

   Also Read കോവിഡ് നിയന്ത്രണങ്ങൾ കൊണ്ടുള്ള വിരസത ആളുകളെ നിയമലംഘകരാക്കുമോ? പഠനങ്ങൾ പറയുന്നതിങ്ങനെ

   ദിവസേന എന്ന നിലയിൽ ശീലിക്കാൻ കഴിയുന്ന പ്രവൃത്തി ആയതു കൊണ്ടാവണം സ്വയം അവബോധം വളർത്തുന്നതിൽ എഴുത്തിന് കൂടുതൽ സഹായിക്കാൻ കഴിയുന്നത്. എഴുതിയ കാര്യങ്ങൾ വീണ്ടും വീണ്ടും വായിക്കുന്നതിലൂടെ നമ്മുടെ ചിന്തകൾ, വികാരങ്ങൾ, സ്വഭാവം, വിശ്വാസങ്ങൾ എന്നിവയെക്കുറിച്ച് നമുക്ക് ആഴത്തിലുള്ള ഉൾക്കാഴ്ച ലഭിക്കും. നിങ്ങളുടെ സ്വയം അവബോധം വികസിപ്പിക്കാനും അതിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന മൂന്ന് തരം എഴുത്തുരീതികൾ പരിചയപ്പെടാം.

   അതിൽ ഒന്ന് പ്രകടനപരമായ എഴുത്താണ്. ചികിത്സാ രീതികളുടെ ഭാഗമായും പ്രയോജനപ്പെടുത്താറുള്ള ഒരു എഴുത്തുരീതിയാണ് ഇത്. ഇവിടെ നമുക്ക് വലിയ മാനസിക സമ്മർദ്ദം നൽകിയ, ജീവിതത്തിലെ ഒരു സംഭവത്തെക്കുറിച്ച് നമ്മുടെ വികാരങ്ങളും തോന്നലുകളും ചിന്തകളും തുറന്നു പ്രകടിപ്പിക്കുന്ന വിധത്തിൽ എഴുതുകയാണ് വേണ്ടത്. വളരെ ദുഷ്കരമായ ഒരു കാര്യത്തെ വൈകാരികമായി നേരിടാൻ ഈ എഴുത്തുരീതി നമ്മെ സഹായിക്കും. വിഷാദത്തിന് കാരണമായ ലക്ഷണങ്ങൾ, ഉത്കണ്ഠ നിറഞ്ഞ ചിന്തകൾ, മാനസിക സമ്മർദ്ദം എന്നിവയൊക്കെ കുറച്ചു കൊണ്ടുവന്ന് സ്വയം അവബോധം വികസിപ്പിച്ചെടുക്കാൻ ഈ എഴുത്തുരീതി സഹായിക്കുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

   അടുത്തത് ധ്യാനാത്മകമായ എഴുത്താണ്. പ്രൊഫഷണൽ സാഹചര്യങ്ങളിൽ നഴ്സ്, ഡോക്റ്റർമാർ, അധ്യാപകർ, മനഃശാസ്ത്രജ്ഞർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവരെ സഹായിക്കുന്നതിന്റെ ഭാഗമായി കൂടുതലായി അവലംബിക്കുന്ന എഴുത്തുരീതിയാണ് ഇത്. പ്രകടമായ വിധത്തിൽ പഠിക്കാനും മനസിലാക്കാനുമായി തങ്ങളുടെ വിശ്വാസങ്ങളെയും പ്രവൃത്തികളെയും വിലയിരുത്താൻ ധ്യാനാത്മകമായ എഴുത്ത് വ്യക്തികളെ സഹായിക്കുന്നു.

   Also Read ഹൃദയാഘാതത്താൽ കോമയിലായ യുവതി പെൺകുഞ്ഞിന്റെ അമ്മയെന്ന് തിരിച്ചറിഞ്ഞത് പത്തുമാസം കഴിഞ്ഞ് ബോധം വന്നപ്പോൾ

   ധ്യാനാത്മകമായി എഴുതണമെങ്കിൽ ആളുകൾ സ്വയം ചോദ്യങ്ങൾ ചോദിക്കാനും തുടർച്ചയായി തുറന്ന സമീപനം സ്വീകരിക്കാനും ജിജ്ഞാസ വളർത്തിയെടുക്കാനും വിശകലനശേഷി ഉപയോഗപ്പെടുത്താനും തയ്യാറാകണം. സ്വന്തം അനുഭവങ്ങളിൽ നിന്നും ഇടപെടലുകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സ്വയം അവബോധം വികസിപ്പിച്ചെടുക്കാൻ ഈ രീതി വ്യക്തികളെ സഹായിക്കുന്നു. പ്രൊഫഷണൽ ബന്ധങ്ങൾ, വ്യക്തിബന്ധങ്ങൾ എന്നിവ മെച്ചപ്പെടാനും ജോലിയിലെ കാര്യക്ഷമത വർദ്ധിക്കാനും ഇത് കാരണമാകുന്നു.

   സർഗാത്മകമായ എഴുത്താണ് മൂന്നാമത്തെ രീതി. കവിത, ചെറുകഥ, നോവെല്ല, നോവൽ തുടങ്ങിയവയെല്ലാം സർഗാത്മക രചനയുടെ ആവിഷ്കാരങ്ങൾ ആയാണ് കണക്കാക്കപ്പെടുന്നത്. സർഗാത്മകമായ എഴുത്തുകൾ ഓർമകൾക്ക് പകരമായി ഭാവനയെ ഉപയോഗപ്പെടുത്തുകയും ബിബം, രൂപകങ്ങൾ തുടങ്ങിയ സാഹിതീയ സങ്കേതങ്ങളുടെ സഹായത്തോടെ അർത്ഥം ദ്യോതിപ്പിക്കുകയും ചെയ്യുന്നു. ചിന്തകൾ, തോന്നലുകൾ, ആശയങ്ങൾ, വിശ്വാസങ്ങൾ എന്നിവയെ അടുത്തറിയാനും അവയെ വിശാലമാക്കാനുമുള്ള ഏറ്റവും സവിശേഷമായ ഉപാധിയാണ് സർഗാത്മക രചന. ഉദാഹരണത്തിന്, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്കകൾ ഒരു ശാസ്ത്രകൽപ്പിത കഥയുടെ രൂപത്തിൽ നിങ്ങൾക്ക് ആവിഷ്കരിക്കാൻ കഴിയും. അതുപോലെ, സൗഹൃദത്തെക്കുറിച്ചുള്ള നിങ്ങളുടെ തോന്നലുകളും വിശ്വാസങ്ങളും പ്രകടിപ്പിക്കാൻ ഒരുപക്ഷെ ഒരു ചെറുകഥ എഴുതുന്നതിലൂടെ നിങ്ങൾക്ക് കഴിഞ്ഞേക്കാം. ഉറക്കക്കുറവ് നേരിടുന്ന ആളാണെങ്കിൽ ഒരു മൂങ്ങയുടെ പരിപ്രേക്ഷ്യത്തിലൂടെ കവിത എഴുതിക്കൊണ്ട് ആ ആശങ്കകൾ പങ്കിടാനുള്ള സ്വാതന്ത്ര്യം സർഗാത്മക രചന നിങ്ങൾക്ക് നൽകുന്നു.

   വെല്ലുവിളി നേരിട്ട അനുഭവങ്ങൾ, സങ്കടകരമായ സംഭവങ്ങൾ എന്നിവയെക്കുറിച്ച് സർഗാത്മകമായി എഴുതുന്നതിലൂടെ മറ്റുള്ളവരോട് നേരിട്ട് പറയാൻ ബുദ്ധിമുട്ടോ സങ്കീർണതയോ തോന്നുന്ന കാര്യങ്ങൾ മറ്റൊരു വിധത്തിൽ ആവിഷ്കരിക്കാൻ നിങ്ങൾക്ക് കഴിയും. പറയാൻ ശ്രമിക്കുന്ന കാര്യങ്ങളെ ഉചിതമായ ബിംബങ്ങളുടെയും രൂപകങ്ങളുടെയും സഹായത്തോടെ ആവിഷ്കരിക്കാനുള്ള വലിയ സാധ്യതയാണ് സർഗാത്മക രചന തുറന്നിടുന്നത്. ഇത്തരത്തിൽ സർഗാത്മകമായി കൈക്കൊള്ളുന്ന തീരുമാനങ്ങൾ സ്വയം അവബോധവും ആത്മാഭിമാനവും വളർത്തിയെടുക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും നമ്മെ സഹായിക്കുന്നു.

   മേൽ സൂചിപ്പിച്ച എഴുത്തുരീതികൾ കഴിഞ്ഞ വർഷം ഉണ്ടായ അനുഭവങ്ങളെക്കുറിച്ച് ഇരുത്തി ചിന്തിക്കാനും സ്വയം ചില ചോദ്യങ്ങൾ ചോദിക്കാനും ക്രിയാത്മകവും നിർണായകവുമായ തീരുമാനങ്ങൾ കൈക്കൊള്ളാനും നിങ്ങളെ സഹായിക്കും. ദിവസവും പതിനഞ്ചു മിനിറ്റ് നേരം എഴുത്തിനായി ചെലവഴിക്കുന്നതിലൂടെ നിങ്ങൾ നിങ്ങളെക്കുറിച്ച് തന്നെ കൂടുതൽ ബോധവാന്മാരാവുകയും അതിലൂടെ മാനസികാരോഗ്യം വളരെയധികം മെച്ചപ്പെടുകയും ചെയ്യും.
   Published by:Aneesh Anirudhan
   First published:
   )}