Migraine | മൈഗ്രെയ്ന്‍ നിങ്ങളെ അലട്ടുന്നുണ്ടോ? ഇലക്കറികൾ കഴിച്ച് മൈഗ്രെയ്ൻ ഒഴിവാക്കാമെന്ന് പഠനം
- Published by:Sarath Mohanan
- news18-malayalam
Last Updated:
ലോകജനസംഖ്യയുടെ 15% ആളുകൾ ഈ നാഡീസംബന്ധമായ രോഗത്താല്‍ പ്രയാസം അനുഭവിക്കുന്നുണ്ട്.
മൈഗ്രെയ്ന്‍ (migraine) ഉള്ളവര്‍ രോഗം മാറാനായി ഒട്ടുമിക്ക ചികിത്സാരീതികളും പരീക്ഷിച്ചു നോക്കിയവരാകും. ചിലരില്‍ പഠിച്ച പണി പതിനെട്ടും നോക്കിയാലും മൈഗ്രെയ്ന്‍ വിട്ടുപോകാറില്ല. തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍ ചിലരില്‍ രോഗം പെട്ടെന്ന് തന്നെ സുഖപ്പെടാറുമുണ്ട്. ആവര്‍ത്തിച്ചുണ്ടാകുന്ന മൈഗ്രെയ്ന്‍ കുറയ്ക്കാനുള്ള വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഇലക്കറികള്‍ (dark green leafy vegetables), സസ്യാഹാരം എന്നിവ അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമം പിന്തുടർന്നാൽ മൈഗ്രെയ്ൻ കുറയ്ക്കാനാകുമെന്നാണ് ബ്രിട്ടീഷ് ഗവേഷകര്‍ (british researchers) ശുപാര്‍ശ ചെയ്യുന്നത്. ലോകജനസംഖ്യയുടെ 15% ആളുകൾ ഈ നാഡീസംബന്ധമായ രോഗത്താല്‍ (neurological disease) പ്രയാസം അനുഭവിക്കുന്നതിനാല്‍ ഇത് പഠനവിധേയമാകേണ്ട ഒരു വിഷയം തന്നെയാണ്.
നിങ്ങള്‍ മൈഗ്രെയ്ന്‍ നേരിടുന്നുണ്ടെങ്കില്‍ കടും പച്ച നിറത്തിലുള്ള ഇലക്കറികള്‍ കഴിക്കാന്‍ ശ്രമിക്കുക. ബ്രിട്ടീഷ് ജേണല്‍ കേസ് റിപ്പോര്‍ട്ടുകളില്‍ (ബിഎംജെ കേസ് റിപ്പോര്‍ട്ടുകള്‍) പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം നിര്‍ദേശിക്കുന്നത്. കഴിഞ്ഞ 12 വര്‍ഷമായി വിട്ടുമാറാത്ത മൈഗ്രെയ്ൻ ബാധിച്ച 60 വയസ്സുള്ള ഒരാളെ ശാസ്ത്രജ്ഞര്‍ പഠനത്തിന്റെ ഭാഗമായി പിന്തുടര്‍ന്നു. എന്നാല്‍ രോഗി മൈഗ്രെയ്ന്‍ മാറാന്‍ എല്ലാ പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. തലവേദന തടയാന്‍ ചോക്കലേറ്റ്, കഫീന്‍, നട്ട്‌സ് മുതലായവവ അദ്ദേഹം ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. യോഗയും മെഡിറ്റേഷനും പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
advertisement
തുടര്‍ന്ന്, ലൈഫ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'ലോ ഇന്‍ഫ്ലമേറ്ററി ഫുഡ്‌സ് എവരിഡേ' ഡയറ്റ് രോഗി പിന്തുടരണമെന്ന് ഗവേഷകര്‍ നിര്‍ദ്ദേശിച്ചു. ഇത് പോഷക സമൃദ്ധമായ, കടും പച്ച ഇലക്കറികളാല്‍ സമ്പുഷ്ടമായ സസ്യാഹാര രീതിയെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണമാണ്. കൂടാതെ, പാലുല്‍പ്പന്നങ്ങള്‍, മാംസം, അന്നജം തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളുടെ ഉപഭോഗം ഗണ്യമായി കുറയ്ക്കണമെന്നും ഗവേഷകര്‍ നിര്‍ദേശിച്ചു.
ഈ രീതി പിന്തുടർന്നതോടെ രോഗിയ്ക്ക് ഒരു മാസത്തില്‍ 18 മുതല്‍ 24 ദിവസങ്ങള്‍ വരെ ഉണ്ടാകുന്ന തലവേദന ഒരു ദിവസമായി കുറഞ്ഞു. രണ്ട് മാസങ്ങള്‍ക്കുള്ളിലാണ് ഫലം കണ്ട് തുടങ്ങിയത്. കൂടാതെ, മൈഗ്രെയ്ന്‍ വരാതിരിക്കാനുള്ള മരുന്നുകളും അദ്ദേഹം നിര്‍ത്തിയെന്ന് ഗവേഷകര്‍ പറയുന്നു. മൂന്ന് മാസത്തിന് ശേഷം രോഗിക്ക് തലവേദന ഇല്ലാതായെന്നും പഠനത്തില്‍ പറയുന്നു. ഏഴ് വര്‍ഷത്തിലേറെയായി അദ്ദേഹത്തെ ഇതുവരെയും മൈഗ്രെയ്ന്‍ ബാധിച്ചിട്ടില്ല.
advertisement
'എനിക്ക് അവസാനമായി തലവേദന ഉണ്ടായത് എനിക്ക് ഓര്‍മയില്ല, എനിക്ക് എന്റെ ജീവിതം തിരിച്ചുകിട്ടി. എന്റെ ഭക്ഷണക്രമം മാറ്റിയതിനു ശേഷം ഒരു ബോണസ് എന്ന നിലയില്‍, എന്റെ ആസ്മയും കുറഞ്ഞു, അതിനാല്‍ ഞാന്‍ ആസ്മ മരുന്നുകളും ഒഴിവാക്കി. എന്റെ കൊളസ്ട്രോള്‍ മരുന്ന് ഒഴിവാക്കാനും എനിക്ക് കഴിഞ്ഞു'' രോഗി പറഞ്ഞു.
ഈ ഫലങ്ങള്‍ മരുന്നിന്റെ ഉപയോഗം കൊണ്ടുണ്ടാകുന്ന മൈഗ്രെയ്ൻ ചികിത്സയുടെ ഫലത്തെക്കാൾ വളരെ കൂടുതലാണ്, പ്രതിമാസം മൈഗ്രെയ്ന്‍ ഉണ്ടാകുന്നത് 50 ശതമാനം കുറയ്ക്കുക എന്നതാണ് ലക്ഷ്യമെന്നും സ്‌പെഷ്യലിസ്റ്റുകള്‍ വിലയിരുത്തുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 24, 2021 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Migraine | മൈഗ്രെയ്ന്‍ നിങ്ങളെ അലട്ടുന്നുണ്ടോ? ഇലക്കറികൾ കഴിച്ച് മൈഗ്രെയ്ൻ ഒഴിവാക്കാമെന്ന് പഠനം


