Monekypox| എന്താണ് മങ്കിപോക്സ് രോഗം? രോഗലക്ഷണങ്ങൾ എന്തെല്ലാം? വിശദാംശങ്ങൾ അറിയാം

Last Updated:

യൂറോപ്പിന് പിന്നാലെ അമേരിക്കയിലും ഇന്നലെ റഷ്യയിലും രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് അരോഗ്യവകുപ്പ് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിരുന്നു

കേരളത്തിൽ ഒരാൾ മങ്കിപോക്സ് (വാനര വസൂരി) ലക്ഷണങ്ങളോട് ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ചിട്ടില്ല. സാമ്പിൾ പരിശോധനാ ഫലം വൈകിട്ടോടെ ലഭിക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. യൂറോപ്പിന് പിന്നാലെ അമേരിക്കയിലും ഇന്നലെ റഷ്യയിലും രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് അരോഗ്യവകുപ്പ് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിരുന്നു. സാധാരണയായി ആഫ്രിക്കയില്‍ മാത്രം കണ്ടുവന്നിരുന്ന വാനരവസൂരി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നൽകിയത്. ഈ സാഹചര്യത്തിൽ മങ്കിപോക്സിനെ കുറിച്ച് വിശദമായി അറിയാം.
എന്താണ് മങ്കിപോക്‌സ്?
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. എൺപതുകളില്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാമ്യതയുണ്ട്. സാധാരണയായി മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.
രോഗം പകരുന്നത് എങ്ങനെ?
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് മങ്കിപോക്സ് പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വാനര വസൂരി വൈറസ് കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് വാനര വസൂരി വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.
advertisement
പ്ലാസന്റ വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്‌സിനേഷന്‍ നിര്‍ത്തലാക്കിയതിനാല്‍ പൊതുജനങ്ങളില്‍ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാമെന്ന് വിദഗ്ധർ പറയുന്നത്.
വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് 5 മുതല്‍ 21 ദിവസം വരെയാകാം. 2 മുതല്‍ 4 ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ് എന്നതാണ് ആശ്വാസം.
advertisement
രോഗ ലക്ഷണങ്ങള്‍
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജക്ടിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ച് രോഗത്തിന്റെ ഗുരുതരാവസ്ഥയിൽ മാറ്റം വരാം. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്‌സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു.
advertisement
ചികിത്സ
വൈറല്‍ രോഗമായതിനാല്‍ മങ്കിപോക്സിന് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. രോഗത്തിന് വാക്‌സിനേഷന്‍ നിലവിലുണ്ട്
ശ്രദ്ധിക്കേണ്ടവ
വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പര്‍ക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിന് മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുന്‍കരുതലുകൾ സ്വീകരിക്കണം.
മലയാളം വാർത്തകൾ/ വാർത്ത/Life/
Monekypox| എന്താണ് മങ്കിപോക്സ് രോഗം? രോഗലക്ഷണങ്ങൾ എന്തെല്ലാം? വിശദാംശങ്ങൾ അറിയാം
Next Article
advertisement
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
  • എൻഡിഎ 200ൽ അധികം സീറ്റുകൾ നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്നു.

  • ബിജെപി 88 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 82 സീറ്റുകളിൽ വിജയിച്ചു.

  • മഹാസഖ്യം 35 സീറ്റുകളിൽ മാത്രം മുന്നേറുന്നു, ആർജെഡി 24, കോൺഗ്രസ് 6 സീറ്റുകളിൽ വിജയിച്ചു.

View All
advertisement