World Menstrual Hygiene Day 2024 | സ്ത്രീകളിൽ ആര്‍ത്തവ ശുചിത്വ അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യമെന്ത്?
- Published by:Sarika KP
- news18-malayalam
Last Updated:
ആരോഗ്യരംഗവും വിദ്യാഭ്യാസ മേഖലയും പുരോഗതി പ്രാപിച്ചെങ്കിലും ഇപ്പോഴും ആര്‍ത്തവ ശുചിത്വത്തെപ്പറ്റി ചില അബദ്ധ ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്.
ജീവിതത്തിലെ ഒരു സ്വഭാവിക മാറ്റമാണ് ആര്‍ത്തവം. എന്നാല്‍ അതേപ്പറ്റിയുള്ള അറിവില്ലായ്മയും സാമൂഹികമായുള്ള നിയന്ത്രണങ്ങളും നിരവധി വെല്ലുവിളികളാണ് സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഈ വെല്ലുവിളികള്‍ കൂടുതലായി നേരിടേണ്ടി വരുന്നത്. ആരോഗ്യരംഗവും വിദ്യാഭ്യാസ മേഖലയും പുരോഗതി പ്രാപിച്ചെങ്കിലും ഇപ്പോഴും ആര്‍ത്തവ ശുചിത്വത്തെപ്പറ്റി ചില അബദ്ധ ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. ആര്‍ത്തവ ശുചിത്വത്തിന് പ്രാധാന്യം നല്‍കേണ്ടതിന്റെ 9 കാരണങ്ങളെപ്പറ്റിയാണ് ഇന്നിവിടെ ചര്‍ച്ച ചെയ്യുന്നത്.
1. പെണ്‍കുട്ടികളെ ശാക്തീകരിക്കുക, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുക: തങ്ങളുടെ കഴിവുകള്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ പ്രകടിപ്പിക്കുന്നതിന് സ്ത്രീകള്‍ക്ക് അവകാശമുണ്ട്. ആര്‍ത്തവത്തിന്റെ പേരില്‍ ഒരിക്കലും അവര്‍ പിന്നോട്ട് പോകാന്‍ പാടില്ല. ആര്‍ത്തവ ശുചിത്വത്തെപ്പറ്റിയുള്ള തുറന്ന ചര്‍ച്ചകളും ബോധവല്‍ക്കരണവും ഇതേക്കുറിച്ചുള്ള തെറ്റായ ധാരണകളെ ഇല്ലാതാക്കാന്‍ സഹായിക്കും. ഇതോടെ ആര്‍ത്തവത്തെ വളരെ ആത്മവിശ്വാസത്തോടെ നേരിടാന്‍ പെണ്‍കുട്ടികള്‍ക്ക് സാധിക്കും. കൂടാതെ അവരുടെ വിദ്യാഭ്യാസം തുടരാനും ഇതിലൂടെ സാധിക്കും.
2. നേരത്തേയുള്ള ബോധവല്‍ക്കരണം: സാധാരണയായി 10-15 വയസ്സിനിടെയാണ് പെണ്‍കുട്ടികളില്‍ ആര്‍ത്തവമുണ്ടാകുന്നത്. ചില പെണ്‍കുട്ടികളില്‍ 8-9 വയസ്സിനിടയിലും ആര്‍ത്തവമുണ്ടാകാറുണ്ട്. ആര്‍ത്തവത്തെപ്പറ്റി വളരെ ചെറിയ പ്രായത്തില്‍ തന്നെ അവര്‍ക്ക് പറഞ്ഞുകൊടുക്കുന്നതിലൂടെ അവരുടെ അനാവശ്യ ആശങ്കകള്‍ ഒഴിവാക്കാന്‍ സാധിക്കും. ഇതിലൂടെ ആര്‍ത്തവത്തെ ധൈര്യത്തോടെ നേരിടാനും അവര്‍ക്ക് കഴിയും.
advertisement
3. ആരോഗ്യവും ശുചിത്വവും: ആര്‍ത്തവസമയത്തെ വൃത്തിഹീനമായ പ്രവൃത്തികള്‍ ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. വൃത്തിയുള്ള സാനിട്ടറി പാഡുകള്‍ ഉപയോഗിക്കാനും അവ കൃത്യമായി സംസ്‌കരിക്കാനും കുട്ടികളെ നാം പഠിപ്പിക്കണം. അതിലൂടെ ആര്‍ത്തവ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കും.
4. സാമൂഹിക നിയന്ത്രണങ്ങള്‍ ഭേദിക്കുക: ആര്‍ത്തവത്തെക്കുറിച്ചുള്ള മൗനം ചില അബദ്ധധാരണകള്‍ സമൂഹത്തില്‍ പടരാന്‍ കാരണമാകും. അതിനാല്‍ ആര്‍ത്തവ ശുചിത്വത്തെപ്പറ്റിയും മറ്റും തുറന്ന് സംസാരിക്കാന്‍ ശ്രമിക്കുക.
5. പിന്തുണയുടെ അന്തരീക്ഷം കെട്ടിപ്പടുക്കുക: ആര്‍ത്തവ ശുചിത്വത്തിന് പ്രാധാന്യം നല്‍കുന്നതിലൂടെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വലിയ രീതിയിലുള്ള പിന്തുണ നല്‍കാന്‍ സാധിക്കും. വൃത്തിയുള്ള ടോയ്‌ലറ്റുകളും, കുറഞ്ഞനിരക്കില്‍ സാനിട്ടറി പാഡുകളും എല്ലാ സ്ത്രീകള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അധികൃതര്‍ മുന്നോട്ട് വരണം.
advertisement
6. സ്‌കൂളിലെ കൊഴിഞ്ഞുപോക്ക്: ആര്‍ത്തവം കാരണം പെണ്‍കുട്ടികള്‍ സ്‌കൂളില്‍ ഹാജരാകുന്നത് കുറയുന്നു. അത് അവരുടെ ഭാവിയെയാണ് ബാധിക്കുന്നത്. ആര്‍ത്തവ ശുചിത്വത്തെപ്പറ്റിയുള്ള ബോധവല്‍ക്കരണവും സാനിട്ടറി പാഡുകളുടെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും ലഭ്യതയും സ്‌കൂളുകളിലെ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സഹായിക്കും.
7. ദേശീയ ഉല്‍പ്പാദനക്ഷമത വര്‍ധിക്കും; ആര്‍ത്തവം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ ആരോഗ്യത്തോടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. ഇത് രാജ്യത്തെ തൊഴില്‍ക്ഷമത വര്‍ധിപ്പിക്കുകയും സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ ഒരു മുതല്‍ക്കൂട്ടാകുകയും ചെയ്യും.
advertisement
8. ലിംഗവിവേചനം കുറയ്ക്കണം: ആര്‍ത്തവ ശുചിത്വത്തെപ്പറ്റിയുള്ള അറിവില്ലായ്മ സമൂഹത്തിലെ താഴെത്തട്ടിലുള്ള പെണ്‍കുട്ടികളെ ദോഷകരമായി ബാധിക്കും. അതിനാല്‍ ലിംഗ വിവേചനം ഇല്ലാതാക്കാനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് എല്ലാവരിലും ബോധവല്‍ക്കരണം നടത്തുകയും ചെയ്യണം.
9. ആരോഗ്യകരമായ ഭാവി കെട്ടിപ്പടുക്കുക: ആര്‍ത്തവ ശുചിത്വത്തിന് പ്രാധാന്യം നല്‍കുന്നതിലൂടെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യവും ക്ഷേമവുമാണ് ഉറപ്പാക്കുന്നത്. അതിലൂടെ ആരോഗ്യകരമായ ഒരു ഭാവിതലമുറയെ കെട്ടിപ്പടുക്കാന്‍ സാധിക്കും.
ആര്‍ത്തവ ശുചിത്വം എന്നത് സ്ത്രീകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. അതൊരു സാമൂഹിക പ്രശ്‌നം കൂടിയാണ്. സ്‌കൂളുകള്‍, കോളേജുകള്‍, തുടങ്ങി എല്ലാ മേഖലയിലുള്ളവരും ഇക്കാര്യത്തില്‍ അവരവരുടേതായ പങ്ക് വഹിക്കേണ്ടതുണ്ട്. ഇത്തരം ബോധവല്‍ക്കരണത്തിലൂടെ ആര്‍ത്തവത്തെപ്പറ്റിയുള്ള തെറ്റായ ധാരണകളും രീതികളും ഇല്ലാതാക്കാനും സ്ത്രീകള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കാനും സാധിക്കും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 29, 2024 9:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
World Menstrual Hygiene Day 2024 | സ്ത്രീകളിൽ ആര്‍ത്തവ ശുചിത്വ അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യമെന്ത്?