കഴിച്ചിട്ട് ബില്ലടച്ചില്ലെന്ന് ആരോപണം; സത്യം തെളിഞ്ഞതോടെ കുടുംബത്തിന് 86 ലക്ഷം രൂപ നഷ്ടപരിഹാരം
- Published by:meera_57
- news18-malayalam
Last Updated:
കുടുംബം മുഴുവന്‍ ബില്ലും അടച്ചതിനുശേഷമാണ് ഹോട്ടല്‍ വിട്ടതെന്ന യാഥാര്‍ത്ഥ്യം പിന്നീടാണ് മനസ്സിലായത്
പബ്ബില്‍ ബില്ലടയ്ക്കാതെ ഇറങ്ങിപോയെന്ന വ്യാജ ആരോപണത്തെ തുടര്‍ന്ന് വടക്കന്‍ അയര്‍ലണ്ടില്‍ നിന്നുള്ള ഒരു സമ്പന്ന കുടുംബം 75,000 പൗണ്ട് (ഏകദേശം 86.3 ലക്ഷം രൂപ) നഷ്ടപരിഹാരം നേടി. പബ്ബിലെത്തി ഭക്ഷണം കഴിച്ചിട്ട് പണം നല്‍കാതെ ഇറങ്ങി പോയെന്നായിരുന്നു കുടുംബത്തിന് എതിരെയുള്ള ആരോപണം. യുകെയിലെ ഡെര്‍ബിഷെയറിലെ ഒരു പബ്ബാണ് കുടുംബത്തിന് നഷ്ടംപരിഹാരം നല്‍കേണ്ടി വന്നത്.
പീറ്റര്‍, ആന്‍ മക്ഗിര്‍, മക്കളായ പീറ്റര്‍ ജൂനിയര്‍, കരോള്‍ എന്നിവര്‍ക്കു നേരെയാണ് പബ്ബ് ഭക്ഷണം കഴിച്ചിട്ട് പണം നല്‍കിയില്ലെന്ന ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് സംഭവം നടക്കുന്നത്. 150 പൗണ്ട് (ഏകദേശം 17,200 രൂപയാണ്) ആണ് പബ്ബിൽ ബില്ല് അടയ്ക്കാനുണ്ടായിരുന്നത്. ഭക്ഷണം കഴിച്ചിട്ട് ബില്ലടച്ചില്ലെന്ന ആരോപണം പുറത്തറിഞ്ഞതോടെ സമ്പന്ന കുടുംബത്തിന് വലിയ നാണക്കേടായി.
ടൈഡ്‌സ്‌വെല്ലിലെ ഹോഴ്‌സ് ആന്‍ഡ് ജോക്കി പബ്ബ് ആണ് ഇവര്‍ക്കെതിരെ ബില്ലടച്ചില്ലെന്ന ആരോപണം ഉന്നയിച്ചത്. കുടുംബത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പങ്കുവെച്ചുകൊണ്ട് പബ്ബ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ സംഭവം പുറത്തറിയുകയും കുടുംബത്തിന് മാനക്കേടാകുകയും ചെയ്തു. സ്റ്റീക്‌സും പന്നിയിറച്ചിയും കഴിക്കുകയും കുടിക്കയും ചെയ്തിട്ട് ബില്ല് താരതെ കുടുംബം പബ്ബിൽ നിന്നും കടന്നുകളഞ്ഞതായി പോസ്റ്റില്‍ ആരോപിക്കുന്നു. 'കഴിച്ചിട്ട് ബില്ലടയ്ക്കാതെ കടന്നുകളഞ്ഞവര്‍' (ഡൈന്‍ ആന്‍ ഡാഷേര്‍സ്) എന്നും പോസ്റ്റില്‍ കുടുംബത്തെ മുദ്ര കുത്തിയിട്ടുണ്ട്.
advertisement
എന്നാല്‍, കുടുംബം മുഴുവന്‍ ബില്ലും അടച്ചതിനുശേഷമാണ് ഹോട്ടല്‍ വിട്ടതെന്ന യാഥാര്‍ത്ഥ്യം പിന്നീടാണ് മനസ്സിലായത്. പബ്ബിലെ ഒരു ജീവനക്കാരന്‍ ഇവരുടെ ബില്ല് കൈപ്പറ്റിയെങ്കിലും അത് രേഖപ്പെടുത്താന്‍ വിട്ടുപോകുകയായിരുന്നു.
കൗണ്ടി ടൈറോണില്‍ നിന്നുള്ള വളരെ സമ്പന്നവും ആദരണീയരുമായ ഒരു കുടുംബമാണ് മക്ഗിര്‍ കുടുംബം. 1.3 മില്യണ്‍ പൗണ്ട് കരുതല്‍ ധനമുള്ള, രണ്ട് മില്യണ്‍ പൗണ്ട് മൂല്യമുള്ള മക്ഗിര്‍ എന്‍ജിനീയറിങ് എന്ന വിജയകരമായ ബിസിനസ് ഈ കുടുംബത്തിന്റേതാണെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇവരുടെ ഒരു കുടുംബ സുഹൃത്താണ് അവരുടെ കുടുംബ പശ്ചാത്തലത്തെ കുറിച്ച് ഔട്ട്‌ലെറ്റിനെ അറിയിച്ചത്. ഒമാഗ് പ്രദേശത്തെ വളരെ അറിയപ്പെടുന്ന, എല്ലാവരും ബഹുമാനിക്കുന്ന കുടുംബമാണ് മക്ഗിറിന്റേതെന്നും ഇവിടുത്തെ ഏറ്റവും സമ്പന്നമായ കുടുംബമാണിതെന്നും ഈ കുടുംബ സുഹൃത്താണ് പബ്ബിനെ അറിയിച്ചത്. ഈ ആരോപണം കേട്ടപ്പോള്‍ എല്ലാവരും ഞെട്ടിപ്പോയെന്നും മക്ഗിര്‍ കുടുംബത്തിന് പണത്തിന്റെ കുറവില്ലെന്നും അയാള്‍ പറഞ്ഞു.
advertisement
പബ്ബ് സംഭവം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ ഇത് വലിയ നാണക്കേടുണ്ടാക്കിയെന്ന് കുടുംബം പറഞ്ഞു. വിവിധ പത്രങ്ങളിലും ഇതേ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതോടെയാണ് സംഭവത്തില്‍ നിയമപരമായ നീക്കമുണ്ടായത്. ബെല്‍ഫാസ്റ്റ് ഹൈക്കോടതിയില്‍ ബാരിസ്റ്റര്‍ പീറ്റര്‍ ഗിര്‍വാന്‍ പബ്ബിന്റെ ആരോപണം കുടുംബത്തെ എങ്ങനെ ബാധിച്ചുവെന്ന് വിശദീകരിച്ചു.
150 പൗണ്ടിന്റെ ബില്ലടയ്ക്കാതെ മനഃപൂര്‍വ്വം കടന്നുകളഞ്ഞതായുള്ള വ്യാജ ആരോപണം അപകീര്‍ത്തികരമാണെന്നും അദ്ദേഹം വാദിച്ചു. ആരോപണങ്ങള്‍ തെറ്റാണെന്നും അങ്ങനെ ഒരു പ്രവൃത്തി കുടുംബത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും പബ്ബിന്റെ പ്രസ്താവനകള്‍ക്ക് വസ്തുതാപരമായി അടിസ്ഥാനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
കേസില്‍ ഒത്തുതീര്‍പ്പിന്റെ ഭാഗമായി മക്ഗിര്‍ കുടുംബത്തിന് 75,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ പബ്ബ് സമ്മതിച്ചു. കുടുംബത്തിന്റെ നിയമപരമായ ചെലവുകളും അവര്‍ വഹിച്ചു. തങ്ങളുടെ ആരോപണങ്ങള്‍ തെറ്റാണെന്നും തെറ്റ് സമ്മതിച്ചുകൊണ്ടുള്ള ക്ഷമാപണവും പബ്ബ് കോടതിയില്‍ വായിച്ചു.
സംഭവങ്ങള്‍ കെട്ടടങ്ങിയ ശേഷം കാരോള്‍ മക്ഗിര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. "ദൈവത്തിന് നന്ദി... എല്ലാം കഴിഞ്ഞു, ഞങ്ങളുടെ പേരുകള്‍ നീക്കം ചെയ്യപ്പെട്ടു. ഞങ്ങളുടെ എല്ലാ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരു ഉപദേശം- ഭക്ഷണം കഴിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഭക്ഷണത്തിനും പാനീയത്തിനും പണം നല്‍കരുത്. കാരണം ഇത് സംഭവിക്കാം... കൂടാതെ ഒരു കാര്‍ഡ് ഉപയോഗിക്കുക, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് പണമടച്ചതിന് തെളിവുകളൊന്നുമില്ലായിരുന്നു".
advertisement
ഐറിഷ് കുടുംബത്തെ മാനംകെടുത്തിയ വ്യാജ പോസ്റ്റുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നാണ് ബിബിസി പറയുന്നത്. അവകാശവാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല എന്ന് പബ്ബ് സമ്മതിച്ചിട്ടുമുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 02, 2025 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
കഴിച്ചിട്ട് ബില്ലടച്ചില്ലെന്ന് ആരോപണം; സത്യം തെളിഞ്ഞതോടെ കുടുംബത്തിന് 86 ലക്ഷം രൂപ നഷ്ടപരിഹാരം