'തോമസ് ജോസഫിനെ രക്തസാക്ഷിയായോ ഇരയായോ കാണാൻ സാധ്യമല്ല, അനുകമ്പ പുരട്ടാനുമില്ല': സക്കറിയ

Last Updated:

''ഇരുപതാം നൂറ്റാണ്ടിലെ മലയാളത്തിലെ ഏറ്റവും അസാധാരണങ്ങളായ 10 കഥകൾ എടുത്താൽ അതിലൊന്ന് എഴുതിയിട്ടുള്ള ഈ കഥാകാരന്റെ മേൽ വന്നു ചേർന്നത് ശുഷ്‌ക്കാന്തിയോടെയുള്ള തമസ്കരണവും കാണാമറയത്തേക്കു നീക്കി നിർത്തലും ആണ്...''

സക്കറിയ, തോമസ് ജോസഫ്
സക്കറിയ, തോമസ് ജോസഫ്
കഴിഞ്ഞ ദിവസം അന്തരിച്ച എഴുത്തുകാരൻ തോമസ് ജോസഫിനെ കുറിച്ച് സക്കറിയ എഴുതിയ കുറിപ്പ്
തോമസ് ജോസഫ് കടന്നുപോകുമ്പോൾ മലയാള സാഹിത്യത്തിലെ ഒരു അസാധാരണ ലോകത്തിന്റെ സ്രഷ്ടാവ് ചരിത്രത്തിലേക്ക് പ്രവേശിക്കുകയാണ്. അദ്‌ഭുതാനുഭൂതികളുടെയും അനിർവചനീയങ്ങളായ മാനസികാവസ്ഥകളുടെയും അത്തരമൊരു ലോകം തോമസിന് മുമ്പോ ശേഷമോ മലയാളത്തിൽ ആവിർഭവിച്ചിട്ടില്ല. തോമസിന് ഒരു പാശ്ചാത്യ സമാനത ഉണ്ടെങ്കിൽ അത് ബോർഹസ് ആയിരിക്കും.
സ്വപ്നവും ഉണർവിന്റെ ഇടവേളകളും നിദ്രയും അർദ്ധനിദ്രയും ഭീതിയും തീവ്രാഭിനിവേശങ്ങളും ഒന്നിക്കുന്ന ഒരു ഭൂതാവിഷ്ടലോകമായിരുന്നു അത്. സ്വർഗ്ഗവും നരകവും സാത്താനും ദൈവവും മാലാഖമാരും മൃഗപക്ഷികളും ചേർന്നുണ്ടാക്കിയ അദ്‌ഭുതഭാവനകളുടെ മാന്ത്രിക നിലവറയായിരുന്നുവത്. ചിലപ്പോൾ ശ്വാസം മുട്ടിക്കുന്ന ഒരു പാതാള അറ.
advertisement
മലയാള വായനക്കാർക്ക് ഇന്ന് ലഭ്യമായി കൊണ്ടിരിക്കുന്ന പരമ്പരാഗതവും ആധുനികവും - ഉത്തരാധു നികവും - ആയ എഴുത്തിൽ നിന്ന് അകന്നു നിൽക്കുന്നതായിരുന്നു തോമസിന്റെ എഴുത്ത്‌ ആവിഷ്കരിച്ച കലാപകാരിയായ ധ്യാനാത്മകത. ആ മൗലികതയെ തിരിച്ചറിയാനോ തോമസിന്റെ എഴുത്തിന്റെ അസ്‌തിത്വം പോലും അംഗീകരിക്കാനോ സാഹിത്യപ്രാമാണിത്തങ്ങളുടെ ഘനീഭവിച്ച മനസ്സുകൾ വിസമ്മതിച്ചു. ആധുനികത തന്നെ വിഗ്രഹാരാധനകളിലും ജാതി-മത ജീർണതകളിലും കെട്ടിപ്പിണഞ്ഞു കിടക്കുന്ന പാരമ്പര്യവാദമായി കലാശിച്ചിരിക്കുന്ന ഒരു സാഹിത്യത്തിൽ അതൊരു അദ്‌ഭുതമല്ല. മലയാളവിമർശനത്തിന്റെ ശ്രദ്ധയാകർഷിക്കാനുള്ള താരപരിവേഷം അഥവാ മാധ്യമവിഗ്രഹപദവി തോമസിന് ഉണ്ടായിരുന്നില്ല എന്നതാണ് മറ്റൊരു സത്യം. അത് ഉണ്ടാക്കാൻ തോമസ് ശ്രമിച്ചും ഇല്ല.
advertisement
തോമസിന്റെ കഥകൾക്ക് കുറച്ചു വർഷങ്ങൾ മുമ്പ് ഞാൻ എഴുതിയ ഒരു കുറിപ്പിൽ നിന്ന് ചില വാചകങ്ങൾ ഉദ്ധരിക്കുകയാണ് :
"ഇരുപതാം നൂറ്റാണ്ടിലെ മലയാളത്തിലെ ഏറ്റവും അസാധാരണങ്ങളായ 10 കഥകൾ എടുത്താൽ അതിലൊന്ന് എഴുതിയിട്ടുള്ള ഈ കഥാകാരന്റെ മേൽ വന്നു ചേർന്നത് ശുഷ്‌ക്കാന്തിയോടെയുള്ള തമസ്കരണവും കാണാമറയത്തേക്കു നീക്കി നിർത്തലും ആണ്... ഇന്നത്തെ മാധ്യമാവശ്യങ്ങളുടെ വെളിച്ചത്തിൽ വായിച്ചെടുക്കാവുന്ന ഒരു ലോകമല്ല തോമസ് ജോസഫിന്റേത്. അതുകൊണ്ടായിരിക്കണം ഇന്നിന്റെ ശാക്തീകരണങ്ങളിൽ മുഴുകി ഇരിക്കുന്നവർക്ക് തോമസ് ജോസഫിന്റെ ലോകം അന്യമായി പോകുന്നത്. അവർ അതിനെ പിന്തള്ളുന്നതു ഭാവിയിലേക്കാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഭാഗ്യവശാൽ എഴുത്തിന്റെ അന്തിമവിധി ഭാവിയിൽ ആണ്."
advertisement
ആ കുറിപ്പിൽ നിന്ന് തന്നെ: " പക്ഷെ തോമസ് ജോസഫിനെ ഒരു രക്തസാക്ഷിയായോ ഇരയായോ കാണാൻ എനിക്ക് സാധ്യമല്ല. തോമസിന്റെ പ്രതിഭയുടെ വഴികളിലെ ദുർഘടതകളുടെ മേൽ അനുകമ്പ പുരട്ടാനും ഞാൻ തയ്യാറല്ല. അവയെല്ലാം അദ്ദേഹത്തിൻറെ ജീവിതഭൂമിശാസ്ത്രത്തിലെ നൽകപ്പെട്ട അടയാളങ്ങളാണ്. ഞാൻ അദ്‌ഭുതപ്പെടുന്നത് തോമസിന്റെ കഥകളെ കണ്ടില്ലെന്നു നടിക്കുകയും കാണാതിരിക്കുകയും ചെയ്യുന്ന ഉത്തരാധുനികമായിതീർന്നു എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന മലയാളസാഹിത്യത്തിലെ പ്രാമാണിത്തങ്ങളെപറ്റിയാണ്. അപ്പോൾ എന്തായിരിക്കാം അവരുടെ ആ ഉത്തരാധുനികത? ഏതു നവീന യാഥാസ്ഥിതികത്വങ്ങൾ കൊണ്ടാണ് അവർ ആ ഉത്തരാധുനികതയുടെ അതിരുകൾ മറച്ചു കെട്ടിയിരിക്കുന്നത്?"
advertisement
കഴിഞ്ഞ രണ്ടര വർഷത്തോളമായി എന്റെ സുഹൃത്ത് അനുഭവിച്ച അന്ധകാരം അവസാനിച്ചതിൽ എനിക്ക് ഈ നിമിഷത്തിൽ ആശ്വാസമേയുള്ളു. തോമസിന്റെ വേർപാടിൽ തോമസിന്റെ കുടുംബം അനുഭവിക്കുന്ന വേദനയിൽ ഞാൻ പങ്കു ചേരുന്നു. എന്റെ പ്രിയ സുഹൃത്തിനു വിട.
തോമസ് ജോസഫിന്റെ സംസ്കാരം നടത്തി
കഴിഞ്ഞ ദിവസം അന്തരിച്ച കഥാകൃത്ത് തോമസ് ജോസഫിന്റെ (67) സംസ്കാരം നടത്തി. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി കിടപ്പിലായിരുന്നു. ചിത്രശലഭങ്ങളുടെ കപ്പൽ, മരിച്ചവർ സിനിമ കാണുകയാണ്, ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്, പശുവുമായി നടക്കുന്ന ഒരാൾ, അവസാനത്തെ ചായം, നോവൽ വായനക്കാരൻ, ദൈവത്തിന്റെ പിയാനോയിലെ പക്ഷികൾ, പരലോക വാസസ്ഥലങ്ങൾ എന്നിവയാണ് പ്രധാന കൃതികൾ.
advertisement
2013ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു. 1954 ജൂൺ 8ന് എറണാകുളം ജില്ലയിലെ ഏലൂരിൽ വാടയ്ക്കൽ തോമസിന്റെയും വെള്ളയിൽ മേരിയുടെയും മകനായാണ് ജനനം. പുതുതലമുറയില്‍ വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ തോമസ് ജോസഫിന്റെ കഥകള്‍ മലയാളസാഹിത്യത്തില്‍ വേറിട്ടുനില്‍ക്കുന്നവയാണ്.
എണ്‍പതുകളുടെ തുടക്കം നരേന്ദ്രപ്രസാദിന്റെ പത്രാധിപത്യത്തില്‍ തിരുവനന്തപുരത്തുനിന്നിറങ്ങിയ സാകേതം മാസികയില്‍ 'അത്ഭുത സമസ്യ' പ്രസിദ്ധികരിച്ചതോടെയാണ് മലയാള കഥാസാഹിത്യത്തില്‍ ശ്രദ്ധേയനായത്. ഈ കഥ പിന്നിട് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. ഏഴുകഥാസമാഹാരങ്ങളാണ് തോമസ് ജോസഫിന്റെതായി പുറത്തുവന്നത്. പരലോക വാസസ്ഥലങ്ങള്‍ എന്ന നോവലും രചിച്ചു. ഇന്ത്യന്‍ ലിറ്ററേച്ചറില്‍ തോമസ് ജോസഫിന്റെ പല കഥകളും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രസിദ്ധികരിച്ചിട്ടുണ്ട്.
advertisement
ചന്ദ്രിക, ഇന്ത്യന്‍ എക്‌സ്പ്രസ് എന്നി ദിനപത്രങ്ങളില്‍ ജോലി ചെയ്തിരുന്നു. 2013ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് മരിച്ചവര്‍ സിനിമ കാണുകയാണ് എന്ന കഥാസമാഹാരത്തിന് ലഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Life/
'തോമസ് ജോസഫിനെ രക്തസാക്ഷിയായോ ഇരയായോ കാണാൻ സാധ്യമല്ല, അനുകമ്പ പുരട്ടാനുമില്ല': സക്കറിയ
Next Article
advertisement
റിലയന്‍സിന്റെ രണ്ടാം പാദ അറ്റാദായത്തില്‍ 9.6 ശതമാനം വര്‍ധന; അറ്റാദായം 18,165 കോടി രൂപ
റിലയന്‍സിന്റെ രണ്ടാം പാദ അറ്റാദായത്തില്‍ 9.6 ശതമാനം വര്‍ധന; അറ്റാദായം 18,165 കോടി രൂപ
  • റിലയന്‍സ് ഇന്‍ഡസ്ട്രീസ് സെപ്റ്റംബര്‍ പാദത്തില്‍ 9.6% വര്‍ധനയോടെ 18,165 കോടി രൂപ അറ്റാദായം നേടി.

  • ഉപഭോക്തൃ ബിസിനസുകളുടെ മികച്ച പ്രകടനവും ഓയില്‍ ടു കെമിക്കല്‍ യൂണിറ്റിന്റെ മുന്നേറ്റവും തുണയായി.

  • ആദ്യ പാദത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ കുറവ് സംഭവിച്ചെങ്കിലും ഓഹരി വില ഉയർന്ന പ്രവണതയിലാണ്.

View All
advertisement