അയോധ്യ ശ്രീരാമക്ഷേത്രത്തിലെ രാംലല്ലാ വിഗ്രഹം ഒക്ടോബർ 31 ന് ട്രസ്റ്റിന് കൈമാറും
- Published by:Vishnupriya S
- news18-malayalam
Last Updated:
കറുത്ത കല്ലിൽ നിർമിച്ച വിഗ്രഹം ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ശ്രീരാമ വിഗ്രഹം ആയിരിക്കുമെന്ന് ശിൽപികളിലൊരാളായ വിപിൻ ബദൗരിയ പറഞ്ഞു
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിക്കാനിരിക്കുന്ന രാംലല്ല വിഗ്രഹത്തിന്റെ നിർമാണം ഏതാണ്ട് പൂർത്തിയായെന്നും ഒക്ടോബർ 31-നകം ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന് വിഗ്രഹം കൈമാറുമെന്നും ശിൽപികളിലൊരാളായ വിപിൻ ബദൗരിയ. ”കറുത്ത കല്ലിൽ നിർമിച്ച വിഗ്രഹം ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ശ്രീരാമ വിഗ്രഹം ആയിരിക്കും. ഈ വിഗ്രഹം കാണുന്നവരെയെല്ലാം വിസ്മയിപ്പിക്കും”, വിപിൻ ബദൗരിയ പറഞ്ഞു.
”ഞങ്ങളുടെ ശ്രമങ്ങൾ ചില നല്ല ഫലങ്ങൾ നൽകിയതിൽ എനിക്ക് സന്തോഷമുണ്ട്. വിഗ്രഹം സംബന്ധിച്ച ജോലികൾ ഏതാണ്ട് പൂർത്തായായി. ചില മിനുക്കുപണികൾക്ക് ശേഷം ഈ മാസം അവസാനത്തോടെ വിഗ്രഹം ട്രസ്റ്റിന് കൈമാറും”, അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് പ്രത്യേക തരം കല്ലുകൾ ഉപയോഗിച്ച് മൂന്ന് വിഗ്രഹങ്ങളാണ് നിർമിക്കുന്നതെന്നും ഇതിൽ ഏറ്റവും മികച്ചത് ‘ഗർഭഗൃഹ’ത്തിൽ സ്ഥാപിക്കുമെന്നും ബാക്കി രണ്ടെണ്ണം മറ്റൊരു ക്ഷേത്രത്തിൽ സ്ഥാപിക്കുമെന്നും ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.
advertisement
”വിഗ്രഹം നിർമിക്കുന്നതിനായി മൂന്ന് ശിൽപികളെ നിയോഗിച്ചിട്ടുണ്ട്. മൂന്ന് വ്യത്യസ്ത കല്ലുകൾ ഉപയോഗിച്ചാണ് അവർ അയോധ്യയിൽ വിഗ്രഹം നിർമിക്കുന്നത്”, ക്ഷേത്രത്തിന്റെ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് ന്യൂസ് 18നോട് പറഞ്ഞു. കർണാടകയിലെ കാർക്കള ടൗൺ സ്വദേശിയും പ്രശസ്ത കലാകാരനുമായ വാസുദേവ് കാമത്തിന്റെ രേഖാചിത്രം അടിസ്ഥാനമാക്കിയാകും വിഗ്രഹം നിർമിക്കുന്നതെന്ന് ട്രസ്റ്റിന്റെ ഭാരവാഹികൾ പറഞ്ഞു. അദ്ദേഹത്തിന്റെ രാമായണ പരമ്പരയിലെ ചിത്രങ്ങൾ ലോകപ്രശസ്തമാണ്.
“ഒരു കൈയിൽ വില്ലും മറുകൈയിൽ അമ്പും പിടിച്ചുകൊണ്ട് താമരയുടെ മുകളിൽ നിൽക്കുന്ന അഞ്ചു വയസുകാരനായ ശ്രീരാമനെയാണ് വിഗ്രഹത്തിൽ കാണിച്ചിരിക്കുന്നത്. മികച്ച കൊത്തുപണികളും ഡിസൈനുകളുമാണ് വിഗ്രഹത്തിൽ കാണാനാകുക. 51 ഇഞ്ച് ഉയരമുള്ള പ്രതിമയിൽ ശ്രീരാമനുമായി ബന്ധപ്പെട്ട എല്ലാ അടയാളങ്ങളും കൊത്തിവെച്ചിട്ടുണ്ട്”, ബദൗരിയ പറഞ്ഞു. മൂന്ന് ടീമുകളാണ് വിഗ്രഹം നിർമിക്കുന്നതിന്റെ പിന്നണിയിൽ പ്രവർത്തിച്ചത്.
advertisement
ഇതിൽ ബദൗരിയ അടങ്ങുന്ന ടീമും മൈസൂരിൽ നിന്നുള്ള അരുൺ യോഗിരാജിന്റെ ടീമും കർണാടകയിൽ നിന്നുള്ള കൃഷ്ണശില (കറുത്ത കല്ല്) ഉപയോഗിച്ചാണ് വിഗ്രഹം നിർമിച്ചിരിക്കുന്നത്. ഏറ്റവും ആകർഷകവും ഈടുനിൽക്കുന്നതുമായ ശിൽപങ്ങൾ കൃഷ്ണശില കൊണ്ടാണ് സാധാരണ നിർമിക്കാറുള്ളതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ശിൽപ നിർമാണത്തിനായി ഉപയോഗിക്കുന്ന ഏറ്റവും മികച്ച കല്ലുകളിൽ ഒന്നാണിത്. മംഗലാപുരത്ത് നിന്ന് 60 കിലോമീറ്റർ അകലെ, കർണാടകയിലെ ഒരു ചെറിയ പട്ടണമായ കാർക്കളയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലാണ് കൃഷ്ണശില കാണപ്പെടുന്നത്.
advertisement
10 ടൺ ഭാരവും 6 അടി വീതിയും 4 അടി കനവും ഏകദേശം ഒരു അടി നീളവുമുള്ള കല്ല് ഒരു മാസം മുമ്പ് കാർക്കളയിലെ നെല്ലിക്കരു ഗ്രാമത്തിൽ നിന്ന് പ്രത്യേകമായി കൊണ്ടുവന്നതാണെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. മൂന്നാമത്തെ ടീമായ, ജയ്പൂരിൽ നിന്നുള്ള സത്യ നാരായൺ പാണ്ഡെയും സംഘവും മക്രാനയിൽ നിന്നുള്ള ‘എ-ക്ലാസ്’ കല്ലുകളും മാർബിളുകളുമാണ് വിഗ്രഹത്തിന്റെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ദേവന്മാരുടെയും ദേവതകളുടെയും മനോഹരമായ ശിൽപങ്ങൾ കൊത്തിയെടുക്കാൻ രാജസ്ഥാനി മക്രാന മാർബിൾ ഉപയോഗിക്കാറുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Ayodhya,Faizabad,Uttar Pradesh
First Published :
October 19, 2023 2:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
അയോധ്യ ശ്രീരാമക്ഷേത്രത്തിലെ രാംലല്ലാ വിഗ്രഹം ഒക്ടോബർ 31 ന് ട്രസ്റ്റിന് കൈമാറും