അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കുള്ള വിഗ്രഹം തെരഞ്ഞെടുത്തു; നിർമ്മിച്ചത് മൈസൂരിലെ ശിൽപകലാകുടുംബത്തിലെ അംഗം
- Published by:Sarika KP
- news18-malayalam
Last Updated:
യോഗിരാജ് നിർമിച്ച വിഗ്രഹമാണ് അയോധ്യയിൽ പ്രതിഷ്ഠിക്കാനായി തിരഞ്ഞെടുത്തതെന്ന് മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ സുരേഷ് കുമാറും സ്ഥിരീകരിച്ചു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠക്കായുള്ള ശ്രീരാമവിഗ്രഹം (Ram Lalla) തിരഞ്ഞെടുത്തു. പ്രശസ്ത ശില്‍പിയും മൈസൂരു സ്വദേശിയുമായ അരുൺ യോഗിരാജ് തയ്യാറാക്കിയ ശിൽപമാണ് ഇതിനായി തിരഞ്ഞെടുത്തത്. ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യോഗിരാജ് നിർമിച്ച വിഗ്രഹമാണ് അയോധ്യയിൽ പ്രതിഷ്ഠിക്കാനായി തിരഞ്ഞെടുത്തതെന്ന് മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ സുരേഷ് കുമാറും സ്ഥിരീകരിച്ചു. ജനുവരി 22ന് ഈ ശ്രീരാമവിഗ്രഹം അയോധ്യയിൽ പ്രതിഷ്ഠിക്കും.
''മൈസൂരിലെ ശിൽപി അരുൺ യോഗിരാജ് നിർമിച്ച ശിൽപം രാമവിഗ്രഹം അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നു. ഇത് സംസ്ഥാനത്തെ മുഴുവൻ രാമഭക്തർക്കും അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണ്. അരുൺ യോഗിരാജിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ'', യെദ്യൂരപ്പ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ബെംഗളൂരു സ്വദേശി ഗണേഷ് ഭട്ട്, രാജസ്ഥാൻ സ്വദേശി സത്യ നാരായൺ പാണ്ഡെ എന്നിവരുമായി സഹകരിച്ചാണ് അരുൺ യോഗിരാജ് ഈ ശിൽപം നിർമിച്ചത്. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റാണ് യോഗിരാജിന്റെ ശിൽപം തിരഞ്ഞെടുത്തത്.
advertisement
ഇത് സംസ്ഥാനത്തിനും കർണാടകയുടെ സാംസ്കാരിക തലസ്ഥാനമായ മൈസൂരിനും അഭിമാനകരമായ നേട്ടമാണെന്ന് കർണാടക ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര പറഞ്ഞു. കർണാടകയിലെ ചിക്കമംഗളൂരുവിനടുത്താണ് രാമഭക്തനായ ഹനുമാന്റെ ജന്മസ്ഥലമായ കിഷ്കിന്ധ സ്ഥിതി ചെയ്യുന്നതെന്ന് വിശ്വസിക്കപ്പെടുതെന്നും അതിനാൽ കർണാടകയ്ക്ക് ശ്രീരാമനുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും അരുൺ യോഗിരാജിനെ അഭിനന്ദിച്ച് രംഗത്തെത്തി.
advertisement
അഞ്ച് തലമുറകളിലായി ശിൽപകലാമേഖലയിൽ പ്രവർത്തിക്കുന്ന കുടുംബത്തിലെ അംഗമാണ് അരുൺ യോഗിരാജ്. അദ്ദേഹത്തിന്റെ പിതാവും മുത്തച്ഛനുമെല്ലാം ശിൽപികളായിരുന്നു. ഈ രംഗത്തെ അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം മുൻപും അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യാ ഗേറ്റിലെ, സുഭാഷ് ചന്ദ്രബോസിന്റെ 30 അടി പ്രതിമ നിർമിച്ചതും അദ്ദേഹമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് അനാച്ഛാദനം ചെയ്തത്. സുഭാഷ് ചന്ദ്രബോസിന്റെ രണ്ടടി ഉയരമുള്ള പ്രതിമയും യോഗിരാജ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചിരുന്നു. ആദിശങ്കരാചാര്യ, ഹനുമാൻ, ഡോ. ബി.ആർ. അംബേദ്കർ, സ്വാമി രാമകൃഷ്ണ പരമഹംസർ, ബനശങ്കരി ദേവി, മൈസൂർ രാജാവ് ജയചാമരാജേന്ദ്ര വോഡയാർ എന്നിവരുടെ പ്രതിമകളും അരുൺ യോഗിരാജ് തയ്യാറാക്കിയിട്ടുണ്ട്. മൈസൂർ രാജകുടുംബവും അദ്ദേഹത്തിന്റെ കഴിവുകൾ അംഗീകരിച്ചിട്ടുണ്ട്.
advertisement
എംബിഎ ബിരുദം നേടിയതിനു ശേഷം കുറച്ചുകാലം ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിട്ടുള്ളയാൾ കൂടിയാണ് അരുൺ യോഗിരാജ്. 2008-ലാണ് ശിൽപകലാ പാരമ്പര്യം പിന്തുടരാൻ അദ്ദേഹം തീരുമാനിച്ചത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 02, 2024 12:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കുള്ള വിഗ്രഹം തെരഞ്ഞെടുത്തു; നിർമ്മിച്ചത് മൈസൂരിലെ ശിൽപകലാകുടുംബത്തിലെ അംഗം