ധനുമാസത്തിലെ തിരുവാതിര നാളിലാണ് തിരുവാതിര ആഘോഷം. കേരളത്തിലും തമിഴ്നാട്ടിലെ ചില പ്രദേശങ്ങളിലും തിരുവാതിര ആഘോഷിക്കാറുണ്ട്. എന്നാൽ നമ്മുടെ മുൻതലമുറക്കാർ ആരോഗ്യത്തിന് ഏറെ പ്രാധാന്യം കൊടുത്തിരുന്നു എന്നതിന്റെ തെളിവു കൂടിയാണ് ധനുമാസത്തിലെ തിരുവാതിര.
തിരുവാതിരയുടെ ചടങ്ങുകളിൽ ഉപയോഗിക്കുന്നതെല്ലാം സ്ത്രീയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന വിഭവങ്ങളാണ്. കൈകൊട്ടിക്കളിയും തുടിച്ചു കുളിയുമെല്ലാം ശരീരത്തിനും മനസ്സിനും ഉണർവും ആരോഗ്യവും നൽകും. തിരുവാതിര വ്രതം നോൽക്കുന്നവർ അരിയാഹാരം ഒരു നേരമേ കഴിക്കൂ. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കിഴങ്ങുവർഗങ്ങൾ ഉൾപ്പെട്ടതായിരിക്കും.
തിരുവാതിരയുടെ അന്ന് ഏത്തപ്പഴം നുറുക്കും കായ ഉപ്പേരിയും കൂവ കുറുക്കിയതും തിരുവാതിരപ്പുഴുക്കും ആണ് പ്രധാനം. ഗോതമ്പു കഞ്ഞിയാകും ഉച്ചഭക്ഷണം, ഒപ്പം തിരുവാതിരപ്പുഴുക്കും. കൂവയ്ക്ക് മുലപ്പാലിനോളം ഗുണങ്ങളുണ്ട്. ദഹനപ്രശ്നങ്ങൾ അകറ്റാനും ഹോർമോൺ സന്തുലനം നിലനിർത്താനും, ഹൃദയാരോഗ്യമേകാനും രക്തസമ്മർദം നിയന്ത്രിക്കാനും കൂവ സഹായിക്കും. മൂത്രത്തിലെ അണുബാധ അകറ്റാനും കൂവയ്ക്കു കഴിവുണ്ട്. ചർമസൗന്ദര്യത്തിനും നല്ലതാണ് കൂവ.
Also read- ധനുമാസക്കുളിരേറി തിരുവാതിര എത്തുമ്പോൾ
ചേന, കാച്ചിൽ, ചേമ്പ്, കൂർക്ക, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്, ഏത്തയ്ക്ക, വൻപയർ ഇവയെല്ലാം വേവിച്ച് തേങ്ങയും ജീരകവും മുളകും ചേർത്ത് തയാറാക്കുന്ന തിരുവാതിരപ്പുഴുക്ക് ആണ് തിരുവാതിരയുടെ പ്രധാന രുചിക്കൂട്ട്. ഈ കിഴങ്ങു വർഗങ്ങളെല്ലാം പോഷകസമ്പുഷ്ടവും ആരോഗ്യദായകവുമാണ്. ആന്റിഓക്സിഡന്റുകൾ ധാരാളമുള്ള കാച്ചിൽ രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദവും കുറയ്ക്കാനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
നാരുകൾ ധാരാളം അടങ്ങിയ ചേമ്പിനും ഇതേ ഗുണങ്ങളുണ്ട്. ഡയേറിയയ്ക്കും ദഹനപ്രശ്നങ്ങൾക്കും എല്ലാം കൂർക്ക പരിഹാരമേകും. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഓർമശക്തിക്കും കാഴ്ചശക്തിക്കും മികച്ച മധുരക്കിഴങ്ങിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. പ്രോട്ടീനുകളുടെ കലവറയായ വൻപയർ ഊർജ്ജമേകാൻ സഹായിക്കും.
തിരുവാതിരപ്പുഴുക്കിൽ ഉപയോഗിക്കുന്ന കിഴങ്ങുകളെല്ലാം ആരോഗ്യത്തിന് ഏറ്റവും മികച്ചവയാണ്. ഈ വിഭവങ്ങൾ എല്ലാം തന്നെ ഇപ്പോൾ വ്യാപകമായികൊണ്ടിരിക്കുന്ന ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാൻ ഏറ്റവും അനുയോജ്യമാണ്. തിരുവാതിര കളിച്ചുകൊണ്ടാണ് രാത്രി ഉറക്കമൊഴിയുന്നത്. കാലുകൾ കൊണ്ടുള്ള ചുവടുകൾക്ക് പ്രാധാന്യം കൂടുതലുള്ള തിരുവാതിരക്കളി അരക്കെട്ടിന്റെ മസിലുകൾക്ക് ബലം വയ്ക്കുന്നതിനുള്ള ഒരു ഉത്തമ വ്യായാമം കൂടിയാണ്.
വിഷാദരോഗങ്ങൾ പോലുള്ളവ തണുപ്പ് കാലത്താണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ശീതകാലത്തെ ഈ ആഘോഷം ഇതുപോലുള്ള അസുഖങ്ങൾ ഉള്ളവരിൽ അതിന്റെ തീവ്രത കുറയ്ക്കാൻ നല്ലതാണ്. തിരുവാതിര ആഘോഷം സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യപുഷ്ടിക്ക് മാത്രമല്ല സ്ത്രീ ഹോർമോണുകളെ ക്രമീകരിച്ച് ആരോഗ്യം നിലനിർത്തുന്നതിനു കൂടി പര്യാപ്തമാണ്.
ചെറിയ കുട്ടികൾ മുതൽ അമ്മൂമ്മമാർ വരെ ചുവടുവയ്ക്കുന്ന തിരുവാതിരയുമായി ബന്ധപ്പെട്ടതെല്ലാം ആരോഗ്യം നൽകുന്നതാണ്. എട്ടങ്ങാടി, തിരുവാതിരപ്പുഴുക്ക്, കൂവ കുറുക്കിയത്, പാതിരാപ്പൂവ്, ശരീരം അനങ്ങിയുള്ള കൈകൊട്ടിക്കളി, വെളുപ്പിനെയുള്ള തുടിച്ചു കുളി ഇവയെല്ലാം ആരോഗ്യകരമാണ്. ആഘോഷം എന്ന പേരിൽ കുറച്ച് ആരോഗ്യശീലങ്ങളെ സ്ത്രീകൾക്കായി കരുതിവയ്ക്കുകയായിരുന്നു പഴമക്കാർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.