റമദാനിൽ നോമ്പെടുക്കുന്ന മുസ്ലീങ്ങൾക്ക് 40 വർഷമായി ഇഫ്താറൊരുക്കുന്ന ഹിന്ദു ക്ഷേത്രം
- Published by:Vishnupriya S
- news18-malayalam
Last Updated:
ഈ അമ്പലത്തിൽ ഏകദേശം 1200 പേർക്കാണ് ദിവസവും ഇഫ്താറിനായി ഭക്ഷണം ഒരുക്കുന്നത്
വൈകുന്നേരമാവുമ്പോഴേക്കും ചെന്നൈയിലെ മൈലാപ്പൂരിലുള്ള സൂഫിദാർ ട്രസ്റ്റിൽ ഇപ്പോൾ ഭക്ഷണം പാകം ചെയ്യാനുള്ള തിരക്കാണ്. എല്ലാവരും ഒത്തൊരുമിച്ച് അതിന് വേണ്ടി പ്രവർത്തിക്കുകയാണ്. “വേഗമാവട്ടെ... നമുക്ക് 5.50ന് മുമ്പ് ഭക്ഷണം വിളമ്പേണ്ടതുണ്ട്. സൂര്യാസ്തമയം ചിലപ്പോൾ നേരത്തെ ആയെന്ന് വരാം. വ്രതമെടുക്കുന്നവർക്ക് കൃത്യസമയത്ത് തന്നെ ഭക്ഷണം നൽകണം,” റംസാൻ മാസത്തിൽ മുസ്ലിം സഹോദരങ്ങൾക്കായി ഇഫ്താറിന് ഒരുക്കേണ്ട വിഭവങ്ങളുടെ മേൽനോട്ടം വഹിക്കുന്ന രാം ദേവ് സഹപ്രവർത്തകർക്ക് നിർദ്ദേശം നൽകുകയാണ്.
പുണ്യമാസത്തിൽ വ്രതശുദ്ധിയോടെ നോമ്പെടുക്കുകയാണ് ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ. അവർക്കൊപ്പം നോമ്പിൻെറ പുണ്യം പങ്കിട്ടെടുക്കുകയാണ് സൂഫിദാർ ട്രസ്റ്റിലെ വോളണ്ടിയർമാർ. ഡോ. രാധാകൃഷ്ണ റോഡിലുള്ള ഈ അമ്പലത്തിൽ ഏകദേശം 1200 പേർക്കാണ് ദിവസവും ഇഫ്താറിനായി ഭക്ഷണം ഒരുക്കുന്നത്. രാം ദേവിൻെറ നേതൃത്വത്തിൽ മുരളിയും കോമളുമടങ്ങുന്ന 26 അംഗ സംഘമാണ് ഇഫ്താറിന് ഭക്ഷണം ഒരുക്കുന്നത്. ഇവിടെ തയ്യാറാക്കുന്ന ഭക്ഷണം ദിവസവും വൈകുന്നേരം വാനിൽ വലാജാഹ് വലിയ പള്ളിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്.
40 വർഷങ്ങൾക്ക് മുമ്പ് ഹിന്ദുമത വിശ്വാസിയായ ദാദാ രത്തൻചന്ദ് എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് മുസ്ലിങ്ങൾക്ക് ഇഫ്താറൊരുക്കി തുടങ്ങിയത്. ഇന്ത്യ – പാകിസ്താൻ വിഭജന കാലത്ത് സിന്ധിൽ നിന്നും ഇന്ത്യയിലെത്തി ചെന്നൈയിൽ അഭയം തേടിയ ആളാണ് ദാദാ രത്തൻചന്ദ്. സൂഫിദാർ ട്രസ്റ്റ് ഉണ്ടാക്കുന്നത് അദ്ദേഹമാണ്. “എല്ലാ ദൈവങ്ങളും ഒന്നാണെന്നാണ് ഗുരുജി ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. ഞങ്ങൾ മുസ്ലിങ്ങൾ ധരിക്കുന്ന തൊപ്പി ധരിച്ച് കൊണ്ടാണ് ഇഫ്താറിനായുള്ള വിഭവങ്ങൾ ഒരുക്കുന്നത്. മുസ്ലീം സഹോദരങ്ങളോടുള്ള ആദരവ് കൊണ്ടാണ് തൊപ്പി ധരിക്കുന്നത്. ഭക്ഷണത്തിൽ മുടിയോ വിയർപ്പോ ഒന്നും തന്നെ പൊഴിയരുതെന്നും ഞങ്ങൾക്ക് നിർബന്ധമുണ്ട്. വളരെ ശ്രദ്ധയോടെയാണ് ഭക്ഷണം പാകം ചെയ്യുന്നത്,” ഇഫ്താറിന് നേതൃത്വം നൽകാറുള്ള രാം ദേവ് പറഞ്ഞു.
advertisement
“ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ആത്മീയമായ ഒരു പുണ്യ പ്രവർത്തി കൂടിയാണ്,” അദ്ദേഹം വ്യക്തമാക്കി. ഓട്ടോമൊബൈൽ ബിസിനസ് നടത്തുന്ന ഒരു കുടുംബത്തിലാണ് രാം ദേവ് ജനിച്ചത്. “കുടുംബപരമായി ഞങ്ങൾ വ്യവസായം ചെയ്യുന്നവരാണ്. ആ ജോലി ചെയ്യുന്ന സമയത്ത് എനിക്ക് ട്രസ്റ്റിൻെറ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചില്ല. അത് കൊണ്ടാണ് ബിസിനസിൽ നിന്ന് മാറി പൂർണമായും സേവനം ചെയ്യാൻ തീരുമാനിച്ച് ഇറങ്ങിത്തിരിച്ചത്,” രാം ദേവ് പറഞ്ഞു.
രാജസ്ഥാനിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള വോളണ്ടിയർമാരാണ് രാം ദേവിനൊപ്പം ട്രസ്റ്റിൻെറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഫ്രൈഡ് റൈസ്, വെജിറ്റബിൾ അച്ചാർ, പഴങ്ങൾ, പാൽ, വെള്ളം, ബിസ്കറ്റ്, കാരയ്ക്ക തുടങ്ങിയവയെല്ലാം ഇഫ്താറിൽ ഒരുക്കാറുണ്ട്. മൈലാപ്പൂരിലെ വലിയ പള്ളിയും ഈ ട്രസ്റ്റിൻെറ അമ്പലവും തമ്മിൽ ഏറെക്കാലമായി തന്നെ വലിയ അടുപ്പമുണ്ട്. അമ്പലം ഉണ്ടാക്കുന്ന സമയത്ത് തന്നെ ദാദ രത്തൻ ചന്ദും അർക്കോട്ട് റോയൽ ഫാമിലിയും തമ്മിൽ ഉണ്ടാക്കിയ കരാറിൻെറ കൂടി ഭാഗമായാണ് പുണ്യമാസത്തിൽ മുസ്ലീം സഹോദരങ്ങൾക്ക് ഇഫ്താർ ഒരുക്കുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
March 29, 2024 12:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
റമദാനിൽ നോമ്പെടുക്കുന്ന മുസ്ലീങ്ങൾക്ക് 40 വർഷമായി ഇഫ്താറൊരുക്കുന്ന ഹിന്ദു ക്ഷേത്രം