issക്രിസ്തുസന്ദേശം ജീവിതത്തിലൂടെ സമൂഹത്തിനു പകര്‍ന്നു നല്കിയ മലബാറിലെ മിഷനറി ലീനസ് മരിയ പത്രോണി എന്ന സുക്കോളച്ചനെ ദൈവദാസനായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ഒന്‍പതാം ചരമവാര്‍ഷികദിനത്തിലാണ് ദൈവദാസനായി ഉയര്‍ത്തിയത്. ഫാദർ സുക്കോളിനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെ ആദ്യപടിയായാണ് ദൈവദാസൻ പ്രഖ്യാപനം
ദീര്‍ഘകാലം പ്രവര്‍ത്തിച്ച പരിയാരം മരിയപുരം നിത്യസഹായമാത തീര്‍ഥാടന ദേവാലയത്തില്‍ വെള്ളിയാഴ്ച രാവിലെ ഖബറിടത്തിൽ പ്രാർഥനാഞ്ജലിയോടെയാണ് ചടങ്ങുകളാരംഭിച്ചത്. കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല ഫാ.സുക്കോളിനെ ദൈവദാസനായി പ്രഖ്യാപിക്കുന്ന വത്തിക്കാൻ ഡിക്രി പ്രഖ്യാപിച്ചു. സിബിസിഐ പ്രസിഡന്റ് മാർ ജോസഫ് തോമസ് ഖബറിടത്തിലെ പ്രാർഥനകൾക്ക് നേതൃത്വം നൽകി. സുക്കോളച്ചന്റെ സ്വർണോലിക്ക ഇടവക പ്രതിനിധി ലൂക്ക ഖബറിടത്തിൽ ദീപം തെളിച്ചു. ഫാദർ സുക്കോളിന്റെ ബന്ധുക്കളും മരിയപുരം ദേവാലയത്തിൽ എത്തിയിരുന്നു.
പൊന്തിഫിക്കൽ ദിവ്യബലിക്ക് ഫാ. സുക്കോളിന്റെ ജന്മനാടായ തെന്ത്രോ അതിരൂപത ആർച്ച് ബിഷപ് ഡോ. ലൂയിജി ബ്രെസാർ പ്രധാന കാർമികത്വം വഹിച്ചു. കോഴിക്കോട് രൂപത മെത്രാൻ ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി തുടങ്ങിയവർ പങ്കെടുത്തു. പൊതുസമ്മേളനവും സ്നേഹവിരുന്നും നടത്തി. ആറരപ്പതിറ്റാണ്ട് ത്യാഗനിഷ്ഠയോടെ സേവനംചെയ്ത സുക്കോളച്ചന്റെ ജീവിതത്തിന് തിരുസഭ നൽകിയ അംഗീകാരമായി ദൈവദാസൻ പ്രഖ്യാപനം.
ഇന്നത്തെ കണ്ണൂര്‍, കോഴിക്കോട്, വയനാട്, ജില്ലകളിലായിരുന്നു സുക്കോളച്ചന്റെ മുഴുവന്‍ ശുശ്രൂഷകളും നടന്നത്. അദ്ദേഹം ശിരസില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചാല്‍ പ്രതിസന്ധികളും രോഗപീഡകളും വിഷമതകളും മാറിക്കിട്ടുമെന്ന് അനേകായിരങ്ങൾ വിശ്വസിച്ചിരുന്നു.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ
ജാതി-മത ഭേദമില്ലാതെ ഏഴായിരത്തിലധികം കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്കി. അയ്യായിരത്തിലധികം പേര്‍ക്ക് തയ്യല്മിഷന് വാങ്ങിക്കൊടുത്തു. ഓട്ടോറിക്ഷ ഉള്‍പ്പെടെ വാഹനങ്ങള്‍ വാങ്ങി നല്കി അനേകര്‍ക്ക് ജീവനോപാധി ഒരുക്കി.
അമ്മയുടെ നേര്‍ച്ചയിലൂടെ പുരോഹിതൻ
ഇറ്റലിയുടെ വടക്കന്‍ ഭൂപ്രദേശത്തെ തെന്ത്രോസിലാണ് കത്തോലിക്കാ മതനവീകരണ കൗണ്‍സില്‍ എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ തെന്ത്രോസ് സൂനഹദോസ് നടന്നത്. തെന്ത്രോസ് അതിരൂപതയില്‍പെട്ട ഗ്രാമമായ സര്നോനിക്കോയിലെ പ്രസിദ്ധവും സഭാപാരമ്പര്യവുമുള്ള സുക്കോള്‍ കുടുബത്തിലായിരുന്നു ജനനം. ജൂസെപ്പെ-ബാര്‍ബരാ ദമ്പതികളുടെ മകനായി 1916 ഫെബ്രുവരി എട്ടിന് ജനിച്ച ലീനസ് മരിയ പത്രോണിന് തൊട്ടടുത്ത ദിവസം ജ്ഞാനസ്നാനം നല്കി. വിശുദ്ധ പത്രോസിന്റെ ആദ്യപിന്ഗാമിയായിരുന്ന ലീനോസ് പാപ്പായുടെ പേരായിരുന്നു നല്‍കിയത്. കുടുംബത്തിലെ ആദ്യത്തെ രണ്ടു കുഞ്ഞുങ്ങള്‍ ബാല്യത്തില്‍ മരണപ്പെട്ടതിനാല്‍ മൂന്നാമത്തേത് ആണ്കുഞ്ഞാണെങ്കില് പുരോഹിതനാക്കാമെന്ന് അമ്മ നേര്‍ച്ച നേര്‍ന്നിരുന്നു.
ലീനസ് മരിയ പത്രോണി പന്ത്രണ്ടാം വയസില്‍ സെമിനാരി പരിശീലനത്തിന് ചേര്‍ന്നു. പരിശീലനം പൂര്‍ത്തിയാക്കി 1940 മാര്‍ച്ച് ഒമ്പതിന് വൈദികപട്ടം സ്വീകരിച്ചു. ആദ്യ മൂന്നു വര്‍ഷക്കാലം വിവിധ ഇടവകകളില്‍ സേവനം ചെയ്തു.
ഈശോ സഭയിൽ നിന്ന് ഇന്ത്യയിലേക്ക്
അദ്ദേഹത്തിന്റെ ഇടവകപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു. വിശുദ്ധ ഇഗ്നേഷ്യസിന്റെയും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെയും മാതൃക സ്വീകരിച്ച് ലോകമെങ്ങും സുവിശേഷസാക്ഷ്യമേകാന് ആഗ്രഹിച്ച് ഈശോസഭയില്‍ അംഗമാകുവാന്‍ മേലധികാരികളുടെ അനുമതിക്കായി ഫാ. സുക്കോള്‍ അപേക്ഷിച്ചു. 1943 ഡിസംബര്‍ രണ്ടിന് നവസന്യാസ പരിശീലനം തുടങ്ങി. 1945 ഡിസംബറില്‍ വ്രതവാഗ്ദനം നടത്തി ഈശോസഭയില്‍ അംഗമായി. വെനീസ് പ്രൊവിന്സിന് കീഴിലുള്ള കാലിക്കറ്റ് മിഷനില്‍ ചേരുവാനുള്ള അപേക്ഷ സ്വീകരിച്ച ഈശോസഭാ നേതൃത്വം അദ്ദേഹത്തെ ഇന്ത്യയിലേക്കയയ്ക്കാന് അനുമതി നല്കി.
ചുണ്ടേൽ പളളി വികാരിയായി കേരളത്തിൽ
ഫാ. വില്യം ലോണ്ടോര്നി, സ്ക്കൊളൊസ്റ്റിക്ക് എലിജിയോ, കാന്തോനി എന്നീ വൈദികര്‍ക്കും ബ്രദര്‍ ഗലിം ബേര്ത്തി, കല്ലിഗാരോ എന്നിവര്‍ക്കും ഒപ്പമായിരുന്നു 1948 ഏപ്രിലില്‍ കപ്പല്‍യാത്ര പുറപ്പെട്ടത്. മുംബൈയിലെത്തി. അവിടെനിന്ന് കോഴിക്കോട് വന്നു. ക്രൈസ്റ്റ് ഹാളില്‍ മൂന്നു മാസത്തോളം താമസിച്ച് ഭാഷാപഠനം നടത്തി.
1948 ജൂണില്‍ വയനാട് ചുണ്ടേല്‍ വിശുദ്ധ യൂദാതദേവൂസ് തീര്‍ത്ഥാടന ദൈവാലയ വികാരിയായി ചുമതലയേറ്റു. യുവത്വത്തിന്റെ ആവേശത്തോടെ സൈക്കിളില്‍ സഞ്ചരിച്ച് വയനാട്ടില്‍ മൂന്നുവര്‍ഷത്തെ ശുശ്രൂഷ ചെയ്തു. അവിടെനിന്ന് കണ്ണൂർ പള്ളിക്കുന്ന് ഇടവകയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. 1980-ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു.
വലിയ മാറ്റം കൊണ്ടു വന്ന ചിറക്കല്‍ മിഷന്
ഒരു ഇടവകയില്‍ നാല്പതുവര്ഷത്തിലധികം -ദേശീയ പാതയോരത്ത് പരിയാരത്ത് മരിയാപുരം ഇടവകയുടെ വികാരിയായി അദ്ദേഹം ശുശ്രൂഷ ചെയ്തു.കത്തോലിക്കാ സഭയില്‍ അപൂര്‍വമാണിത്.
ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന ദീനസേവന സഭ (ഡിഎസ്എസ്) സ്ഥാപിക്കുന്നതില്‍ മദര്‍ പേത്രായ്ക്ക് സുക്കോളച്ചന്റെ സഹായവും പിന്‍ബലവും ഉണ്ടായിരുന്നു. കണ്ണൂരിലെ പട്ടുവത്ത് ഡിഎസ്എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിസ്തൃതമായ ഭൂമി അദ്ദേഹം നല്‍കിയതാണ്. ചിറക്കല്‍ മിഷന് എന്ന പേരില്‍ കോഴിക്കോട് രൂപതയില്‍ പ്രസിദ്ധമായ ഭൂപ്രദേശത്ത് ആത്മീയരംഗത്തും ഭൗതികരംഗത്തും വലിയ മാറ്റം ഉണ്ടാക്കാന്‍ സുക്കോളച്ചന് കഴിഞ്ഞു.
ദീനസേവന സഭയെ വളര്‍ത്തുന്നതില്‍ ഫാ. സുക്കോള്‍ വലിയ പങ്കുവഹിച്ചു. ജലക്ഷാമമുള്ളയിടങ്ങളില്‍ കുഴല്‍ക്കിണറുകളും മറ്റിടങ്ങളില്‍ കിണറുകളും കുഴിച്ചു നല്കി. വലിയ കായികാധ്വാനം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് കറവപ്പശുക്കളെയും ആടുകളെയും നല്കി. വിദ്യാഭ്യാസ-പഠന-ചികിത്സാസഹായം തേടിയെത്തിയിരുന്ന ഒരാളെപ്പോലും അദ്ദേഹം നിരാശപ്പെടുത്തിയില്ല.
ഇപ്പോഴത്തെ കണ്ണൂര്‍ രൂപതയില്‍ മുപ്പതിലധികം ഇടവകകള്‍ സ്ഥാപിച്ച അച്ചന്, ദൈവാലയങ്ങള്‍, കോണ്‍വെന്റുകള്‍, സ്കൂളുകള്‍ എന്നിവയ്ക്ക് കെട്ടിടസൗകര്യം, ഭൂമി, മറ്റ് ഭൗതികസൗകര്യങ്ങള് തുടങ്ങിയവ ഒരുക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.മുമ്പ് കണ്ണൂര്‍ കോഴിക്കോട് രൂപതയുടെ ഭാഗമായിരുന്നു.
മലബാറിനെ കര്‍മമേഖലയായി തിരഞ്ഞെടുത്ത സുക്കോളച്ചന്റെ ആഗ്രഹംപോലെ ഈ മണ്ണില്‍ത്തന്നെ അന്ത്യവിശ്രമംകൊള്ളാനും സാധിച്ചു. 2014 ജനുവരി ഏഴിന് 98-ാമത്തെ വയസിലാണ് അദ്ദേഹം അന്തരിച്ചത്. ദേശീയ പാതയില്‍ തളിപ്പറമ്പിനടുത്ത പരിയാരം മരിയാപുരം നിത്യസഹായ ദൈവാലയത്തിലാണ് അദ്ദേഹത്തിന്റെ കബറിടം.
നാലു പതിറ്റാണ്ട് ശുശ്രൂഷ ചെയ്ത അച്ചന് സ്ഥാപിച്ച മരിയാപുരം നിത്യസഹായ മാതാവിന്റെ ദൈവാലയത്തില്‍ അദ്ദേഹത്തിന്റെ കബറിടത്തില്‍ പൂക്കളര്‍പ്പിച്ചും തിരികത്തിച്ചും പ്രാര്‍ത്ഥിച്ച് അനേകർ അനുഗ്രഹം നേടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.