'ട്രാൻസ് വ്യക്തികൾക്കും മാമോദീസ സ്വീകരിക്കാം, തലതൊട്ടപ്പനും തലതൊട്ടമ്മയും ആകാം': ഫ്രാൻസിസ് പാപ്പ
- Published by:Vishnupriya S
- news18-malayalam
Last Updated:
എല്ലാ മനുഷ്യർക്കും സഭയിൽ ഇടം നൽകുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം
ട്രാൻസ് വ്യക്തികൾക്കും മാമോദീസ സ്വീകരിക്കാമെന്നും തലതൊട്ടപ്പനും തലതൊട്ടമ്മയും ആകാമെന്നും പള്ളികളിൽ വെച്ചു നടത്തപ്പെടുന്ന വിവാഹങ്ങൾക്ക് സാക്ഷികളാകാമെന്നും ഫ്രാൻസിസ് പാപ്പ. എല്ലാ മനുഷ്യർക്കും സഭയിൽ ഇടം നൽകുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സഭയിൽ ട്രാൻസ്‌ജെൻഡേഴ്സിന് കൂടുതൽ പങ്കാളിത്തം നൽകുന്നതു സംബന്ധിച്ച മാർപ്പാപ്പയുടെ സന്ദേശം ഒക്ടോബർ 31-ന് അംഗീകരിച്ച വത്തിക്കാൻ രേഖയിൽ (Vatican document) വ്യക്തമാക്കിയിട്ടുണ്ട്. ചില ട്രാൻസ്‌ജെൻഡേഴ്സും ഇവരുടെ അവകാശങ്ങൾക്കായി വാദിക്കുന്നവരും പുതിയ നീക്കത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തി.
ഇത് പുരോഗതിയുടെ സൂചനയാണെന്നും അവർ അഭിപ്രായപ്പെട്ടു. “ട്രാൻസ്‌ജെൻഡർ വ്യക്തികളെ സഭയിലെ കൂദാശകളിൽ പൂർണമായി സ്വാഗതം ചെയ്യുന്നത് ഒരു നല്ല ചുവടുവെയ്പാണ്,” സ്വവർഗാനുരാഗികളായ കത്തോലിക്കർക്ക് വേണ്ടി വാദിക്കുന്ന മേരിലാൻഡ് ആസ്ഥാനമായുള്ള ന്യൂ വേസ് മിനിസ്ട്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫ്രാൻസിസ് ഡിബെർണാർഡോ പറഞ്ഞു. “വിശ്വാസികളെ ഏതെങ്കിലും തരത്തിൽ അപകീർത്തിപ്പെടുകയോ അവരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയോ ചെയ്യുന്നില്ലെങ്കിൽ ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്ക് മാമോദീസ നൽകാം”, എന്നാണ് വത്തിക്കാൻ പുറത്തിറക്കിയ പുതിയ രേഖയിൽ പറയുന്നത്.
advertisement
എന്നാൽ എന്താണ് ഈ ‘അപകീർത്തിപ്പെടുത്തൽ’ എന്നതിനെക്കുറിച്ച് രേഖയിൽ വിശദീകരണമൊന്നും നൽകിയിട്ടല്ല. തങ്ങളുടെ ജെൻഡർ ഐഡന്റിന്റി എന്താണെന്നു തിരിച്ചറിയാനാകാത്ത കുട്ടികൾക്കും കൗമാരക്കാർക്കും മാമോദീസ സ്വീകരിക്കാമെന്നും വത്തിക്കാൻ രേഖയിൽ പറയുന്നു. ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്ക് മാമോദീസയിൽ തലതൊട്ടപ്പനും തലതൊട്ടമ്മയും ആകാമെന്നും മാമോദീസ നൽകുന്ന പുരോഹിതൻ ഇവിടെ തന്റെ വിവേകം ഉപയോഗപ്പെടുത്തണമെന്നും സഭാ സമൂഹത്തെ അപകീർത്തികപ്പെടുത്തുകയോ അവർക്കിടയിൽ തെറ്റായ ധാരണകൾ ഉണ്ടാകാനോ സാധ്യതയില്ലെന്ന് അദ്ദേഹം ഉറപ്പുവരുത്തുകയും ചെയ്യണമെന്നും വത്തിക്കാൻ പുറത്തിറക്കിയ പുതിയ രേഖയിൽ പറയുന്നു.
വിശ്വാസം അനുസരിച്ച് ജീവിതം നയിക്കുന്ന, സ്വവർഗാനുരാഗികൾ ഉൾപ്പെടെയുള്ള ആർക്കും തലതൊട്ടപ്പനോ തലതൊട്ടമ്മയോ ആകാം എന്നും രേഖയിൽ പറയുന്നുണ്ട്. ഒരു വിവാഹ ചടങ്ങിന് ട്രാൻസ് വ്യക്തികൾ സാക്ഷികളാകുന്നതിനെ നിലവിലെ സഭാ നിയമം വിലക്കുന്നില്ലെന്നും വത്തിക്കാൻ പുറത്തിറക്കിയ രേഖയിൽ പറയുന്നു. സ്വവർഗ ദമ്പതികൾക്ക്, തങ്ങൾ ദത്തെടുത്ത കുട്ടിയെയോ അല്ലെങ്കിൽ വാടക അമ്മയിൽ ജനിച്ച കുട്ടിയെയോ സ്നാനപ്പെടുത്താൻ കഴിയുമെന്നും രേഖ വ്യക്തമാക്കുന്നു.
advertisement
എൽജിബിടിക്യു വിഭാഗങ്ങളെ കത്തോലിക്കാ സഭയിലേക്ക് കൂടുതൽ സ്വാഗതം ചെയ്യുന്നതിനെക്കുറിച്ച് ഫ്രാൻസിസ് പാപ്പ മുൻപും സംസാരിച്ചിട്ടുണ്ട്. സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമാമായി കാണുന്ന നിയമങ്ങളെ അപലപിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. എൽജിബിടിക്യു വിഭാഗങ്ങളെ സഭയിലേക്ക് സ്വാഗതം ചെയ്യണമെന്നും ബിഷപ്പുമാരോട് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. എൽ.ജി.ബി.ടി.ക്യു വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി വാദിക്കുന്നവർ ഈ പ്രസ്താവനയെ ‘ചരിത്രപരം’ എന്നാണ് വിശേഷിപ്പിച്ചത്. എങ്കിലും ഇതു സംബന്ധിച്ച സഭയുടെ പഠനങ്ങളിൽ ഇതുവരെ മാറ്റമൊന്നും വരുത്തിയിട്ടില്ല.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 10, 2023 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
'ട്രാൻസ് വ്യക്തികൾക്കും മാമോദീസ സ്വീകരിക്കാം, തലതൊട്ടപ്പനും തലതൊട്ടമ്മയും ആകാം': ഫ്രാൻസിസ് പാപ്പ