ഷാരൂഖ് ഖാന്‍ മക്കയില്‍ ഉംറ നിർവഹിച്ചു; ഹജ്ജും ഉംറയും തമ്മിലെന്താണ് വ്യത്യാസം?
- Published by:Rajesh V
- trending desk
Last Updated:
മക്കയിലേയ്ക്കുള്ള ഒരു ചെറിയ തീര്‍ത്ഥാടനമാണ് ഉംറ. ഇസ്ലാം മതവിശ്വാസത്തില്‍ നിർബന്ധമായ ഹജ്ജിന്റ ഒരു ചെറിയ പതിപ്പാണ് ഉംറ.
സൗദി അറേബ്യയിലെ മക്കയില്‍ ഉംറ നിർവ്വഹിക്കാൻ ഷാരൂഖ് ഖാന്‍ എത്തിയത് മാധ്യമങ്ങളില്‍ വലിയ വാർത്തയായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫാന്‍സ് ഗ്രൂപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് ഷാരൂഖ് ഉംറയ്ക്കായി സൗദിയിലെത്തിയ വിവരം കൂടുതല്‍ പേരിലേക്കെത്തിയത്. ഷാരൂഖിന്റെ ഈ ചിത്രം പുറത്തു വന്നതോടെ പലരുടെയും സംശയമാണ് എന്താണ് ഉംറ എന്നത്. അതേപ്പറ്റി കൂടുതലറിയാം.
എന്താണ് ഉംറ?
മക്കയിലേയ്ക്കുള്ള ഒരു ചെറിയ തീര്‍ത്ഥാടനമാണ് ഉംറ. ഇസ്ലാം മതവിശ്വാസത്തില്‍ നിർബന്ധമായ ഹജ്ജിന്റ ഒരു ചെറിയ പതിപ്പാണ് ഉംറ. ഇത് ഒരു അറബി വാക്കാണ്. അതിനര്‍ത്ഥം ഒരു പ്രശസ്തമായ സ്ഥലം സന്ദര്‍ശിക്കുന്നു എന്നാണ്. ഉംറ എന്നത് ഇസ്ലാമിന്റെ അഞ്ച് പ്രധാന തത്വങ്ങളില്‍ നിര്‍ബന്ധമായും ചെയ്യപ്പെടേണ്ട ഒന്നല്ല. വര്‍ഷത്തില്‍ ഏത് സമയത്തും ഉംറ നടത്താം. കുറച്ച് മണിക്കൂറുകള്‍ കൊണ്ട് ഈ കർമ്മം നിർവഹിക്കാനാകും.
ഉംറയുടെ പ്രാധാന്യം എന്ത്?
അത്ര അറിയപ്പെടാത്ത തീർത്ഥാടനമാണെങ്കിലും, ഉംറ ഒരു വിശുദ്ധ യാത്ര തന്നെയാണ്, ഇസ്ലാം വിശ്വാസികൾ അവരുടെ വിശ്വാസം വർധിപ്പിക്കാനും പ്രാർത്ഥിക്കാനും പാപമോചനം തേടാനുമുള്ള അവസരമായാണ് ഉംറ നിർവ്വഹിക്കുന്നത്. ഉംറ നിർവഹിക്കുന്നവർ തങ്ങളുടെ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്നുവെന്നാണ് വിശ്വാസം.
advertisement
[Pics]: King #ShahRukhKhan performing Umrah at Makka Sharif ❤️@iamsrk#Pathaan #KingKhan pic.twitter.com/Rb1Uz3bfzk
— Team Shah Rukh Khan Fan Club (@teamsrkfc) December 1, 2022
ഉംറത്ത് എന്ത് വസ്ത്രമാണ് ധരിക്കുന്നത്?
തീര്‍ത്ഥാടനം തുടങ്ങുന്നതിന് മുമ്പ് വിശ്വാസി ആദ്യം ചെയ്യേണ്ടത് ശുദ്ധീകരണ കര്‍മ്മങ്ങളാണ്. മേക്കപ്പ്, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവ ഈ സമയത്ത് ഉപയോഗിക്കാന്‍ പാടില്ല. പുരുഷന്‍മാര്‍ വെളുത്ത രണ്ട് വസ്ത്രമാണ് ധരിക്കേണ്ടത്. ഒന്ന് ശരീരത്തിന്റെ താഴത്തെ പകുതിയിലും മറ്റൊന്ന് ശരീരവും തോളും മൂടുന്ന തരത്തിലുള്ളതും ആയിരിക്കണം. അടിവസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. പുരുഷന്‍മാര്‍ക്ക് ചെരിപ്പ് ധരിക്കാം. തലമറയ്ക്കാന്‍ പാടില്ല.
advertisement
സ്ത്രീകള്‍ ശരീരം മറയ്ക്കുന്ന ഹിജാബ് പോലുള്ള അയഞ്ഞ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. മുഖം മറയ്ക്കാന്‍ പാടില്ലെന്നുമാണ് വിശ്വാസം.
ഉംറ നിർവഹിക്കുന്നത് എങ്ങനെ?
ഹജ്ജ് അല്ലെങ്കില്‍ ഉംറ നിര്‍വഹിക്കുന്നതിന് മുസ്ലീം വിശ്വാസി ആദ്യം ഇഹ്‌റാമില്‍ പ്രവേശിക്കണം. ഇതു പ്രകാരം ഇഹ്‌റാമില്‍ പ്രവേശിക്കുന്ന വ്യക്തി ആരുമായും വഴക്കിടുകയോ അശ്ലീല വാക്കുകള്‍ ഉപയോഗിക്കുകയോ ചെയ്യരുത്. ഒരു മൃഗത്തെയും ഉപദ്രവിക്കാന്‍ പാടില്ല. ഒരു ചെറുപ്രാണിയെപ്പോലും ഉപദ്രവിക്കരുതെന്നാണ് ഇഹ്‌റാം പ്രമാണത്തില്‍ പറയുന്നത്.
തീര്‍ത്ഥാടകര്‍ മക്കയിലേക്കുള്ള പ്രവേശനത്തിന്റെ ആദ്യപടിയായ മീഖാത്തില്‍ എത്തുമ്പോള്‍ എന്തിന് വേണ്ടിയാണ് ഉംറയ്ക്കായി എത്തിയത് എന്നുള്ള ലക്ഷ്യങ്ങള്‍ അവരുടെ ഉദ്ദേശങ്ങളും ഉറക്കെ പാരായണം ചെയ്യണം.
advertisement
തുടര്‍ന്ന് ഇസ്ലാമിലെ ഏറ്റവും പവിത്രമായ ദേവാലയമായ കഅബയിലേക്ക് നടക്കുമ്പോള്‍, തീര്‍ത്ഥാടകര്‍ തല്‍ബിയ ചൊല്ലണം. തങ്ങളുടെ വരവ് അല്ലാഹുവിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ സേവകരാണെന്ന് അറിയിക്കുകയും ചെയ്യുന്നതാണ് ഇത്. മസ്ജിദുല്‍ ഹറാം എന്നറിയപ്പെടുന്ന മക്കയിലെ വലിയ മസ്ജിദ് സമുച്ചയത്തിലാണ് കഅബ സ്ഥിതി ചെയ്യുന്നത്.
മസ്ജിദിലെ`ഓരോ ചുവടിലും അല്ലാഹുവിനോട് തങ്ങളുടെ തെറ്റുകള്‍ക്ക് മാപ്പ് നല്‍കാനും കരുണയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കണം. തുടര്‍ന്ന് വിശ്വാസികള്‍ ത്വവാഫ് ചെയ്യുന്നു. കഅബയെ എതിര്‍ ഘടികാരദിശയില്‍ ഏഴ് തവണ പ്രദക്ഷിണം ചെയ്യുന്നു. ഈ ചടങ്ങ് നടത്തിയ ശേഷം, തീര്‍ത്ഥാടകര്‍ കഅബയ്ക്ക് സമീപമുള്ള അബ്രഹാമിന്റെ സ്ഥലമായ മഖാം ഇബ്രാഹിമില്‍ ഖുറാനിലെ വാക്യങ്ങള്‍ പാരായണം ചെയ്യണം. പിന്നീട് സംസം എന്ന വിശുദ്ധ ജലം സേവിക്കും.
advertisement
ഇതിന് ശേഷം സഫ പര്‍വ്വതത്തിനും മര്‍വ്വ പര്‍വ്വതത്തിനും ഇടയില്‍ തീര്‍ത്ഥാടകര്‍ ഏഴ് പ്രാവശ്യം പ്രാര്‍ത്ഥനകള്‍ ചൊല്ലി വലം വയ്ക്കും. തരിശായ ഭൂമിയില്‍ തന്റെ കുഞ്ഞായ ഇസ്മായിലിന് വെള്ളം അന്വേഷിച്ച് ഇബ്രാഹിം നബിയുടെ ഭാര്യ ഹജ്ജര്‍ നടത്തിയ യാത്രയെ അനുസ്മരിച്ചാണ് ഈ ചടങ്ങ് നടത്തുന്നത്. ഒരു കുന്നില്‍ നിന്ന് മറ്റൊന്നിലേക്ക് എത്തിയ ഹജ്ജറിന് മുന്നില്‍ ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെട്ടുവെന്നും അവിടെ വിശുദ്ധജലം സൃഷ്ടിച്ചുവെന്നും അങ്ങനെ ഇസ്മായിലിന്റെ ജീവന്‍ രക്ഷിച്ചുവെന്നുമാണ് ഐതിഹ്യം. ഇപ്പോഴും ഈ ജലസ്രോതസ്സില്‍ നിന്ന് തീര്‍ത്ഥാടകര്‍ വെള്ളം കുടിക്കാറുണ്ട്.
advertisement
ഈ ചടങ്ങ് പൂര്‍ത്തിയാക്കിയ ശേഷം ഒരു പ്രാര്‍ത്ഥനയാണ് ഉള്ളത്. തഖ്‌സീര്‍ എന്നാണ് അത് അറിയപ്പെടുന്നത്. മുടി മുറിയ്ക്കുക, തല മൊട്ടയടിയ്ക്കുക എന്നിവ ഈ പ്രാര്‍ത്ഥനയുടെ ഭാഗമാണ്. പുനര്‍ജന്മത്തിന്റെയും തീര്‍ത്ഥാടനത്തിന്റെയും പൂര്‍ത്തീകരണമായി കണക്കാക്കിയാണ് ഈ ചടങ്ങുകള്‍ നടത്തുന്നത്. സ്ത്രീകളായ തീര്‍ത്ഥാടകര്‍ തങ്ങളുടെ തലമുടിയുടെ ചെറിയ ഭാഗം മാത്രമെ മുറിക്കാറുള്ളു. തഖ്‌സീറിന് ശേഷം ഇഹ്‌റാം പിന്തുടരേണ്ടതില്ല.
ഉംറയും ഹജ്ജും തമ്മിലുള്ള വ്യത്യാസം?
ഉംറ നിർബന്ധമായും നിർവഹിക്കേണ്ട ഒന്നല്ല. എന്നാൽ ശാരീരിക ശേഷിയുള്ള മുസ്ലീങ്ങള്‍ നിര്‍ബന്ധമായും ചെയ്യേണ്ടതാണ് ഹജ്ജ്. ഇസ്ലാമിന്റെ അഞ്ച് അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ് ഹജ്ജ്. മുസ്ലീങ്ങള്‍ അവരുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ചെയ്യേണ്ടതാണ് ഹജ്ജ് തീര്‍ത്ഥാടനം.
advertisement
വര്‍ഷത്തില്‍ ഏത് സമയത്തും നടത്താവുന്നതാണ് ഉംറ. എന്നാൽ ഇസ്ലാമിക ചാന്ദ്രമാസ കലണ്ടറിലെ അവസാന മാസമായ ദുല്‍ഹിജ എട്ടിനും 13 നും ഇടയിലാണ് മുസ്ലീങ്ങള്‍ ഹജ്ജിന് പോകുന്നത്.
ഉംറ തീര്‍ത്ഥാടനം ഹജ്ജിനെ അപേക്ഷിച്ച് ചെലവ് കുറഞ്ഞതും വേഗത്തില്‍ നടത്താന്‍ കഴിയുന്നതുമാണ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ വരെ സൗദി അറേബ്യ 176 രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കായി രണ്ട് ദശലക്ഷത്തിലധികം വിസകള്‍ അനുവദിച്ച് കഴിഞ്ഞു.
ഈ വര്‍ഷം 10 ലക്ഷം മുസ്ലീങ്ങളാണ് ഹജ്ജ് പൂര്‍ത്തിയാക്കിയത്. കൊവിഡ് വൈറസ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്കും 18 നും 65 നും ഇടയില്‍ പ്രായമുള്ളവര്‍ക്കുമാണ് ഈ വര്‍ഷം തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. 85 ശതമാനത്തോളം തീര്‍ത്ഥാടകരും വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഹജ്ജിനായി എത്തുന്നത്.
യാത്ര ചെയ്യാന്‍ സാധിക്കുന്ന എല്ലാ ഇസ്ലാം മതവിശ്വാസികളും ചെയ്യേണ്ടതാണ് ഹജ്ജ് തീര്‍ത്ഥാടനം. ഏകദേശം 1,400 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാചകന്‍ മുഹമ്മദ് നബി സഞ്ചരിച്ച പാതയിലൂടെ വിശ്വാസികളെ നയിക്കുകയെന്നതാണ് ഹജ്ജ് തീര്‍ത്ഥാടനത്തിലൂടെ ലക്ഷ്യമിടുന്നത്. ഏകദേശം അഞ്ച് ദിവസമെടുത്താണ് വിശ്വാസികള്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കുന്നത്.
മലപ്പുറത്ത് നിന്ന് മക്കയിലേക്ക് കാല്‍നടയായി ഹജ്ജിന് പോകുന്ന ശിഹാബ് എന്ന യുവാവിന്‍റെ കഥ അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. എട്ടു മാസംകൊണ്ട് യാത്ര പൂർത്തിയാക്കാന്‍ കഴിയുമെന്നാണ് യുവാവിന്റെ പ്രതീക്ഷ. കഴിഞ്ഞ ജൂണിലാണ് യാത്ര ആരംഭിച്ചത്. 8640 കിലോമീറ്റര്‍ ദൂരം, 280 ദിവസം കൊണ്ട് ലക്ഷ്യത്തിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. സൗദിയിൽ ചെന്നശേഷം 2023-ലെ ഹജ്ജിന് അപേക്ഷിക്കാനാണ് പദ്ധതി.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 03, 2022 5:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
ഷാരൂഖ് ഖാന്‍ മക്കയില്‍ ഉംറ നിർവഹിച്ചു; ഹജ്ജും ഉംറയും തമ്മിലെന്താണ് വ്യത്യാസം?