ജന്മദിനത്തില്‍ പുത്തനുടുപ്പ് ധരിക്കാന്‍ രണ്ടാഴ്ച പച്ചക്കറികളും പോഷകങ്ങളും മാത്രം കഴിച്ച 16-കാരി ഗുരുതരാവസ്ഥയില്‍
- Published by:meera_57
- news18-malayalam
Last Updated:
കഠിനമായ ഭക്ഷണക്രമീകരണ രീതികള്‍ ഉണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചുള്ള ശക്തമായ മുന്നറിയിപ്പുകൂടിയാണ് ഈ പെൺകുട്ടിയുടെ അനുഭവം
ശരീരസൗന്ദര്യം നിലനിര്‍ത്താനും ഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയിരിക്കാനും പലവിധത്തില്‍ ഡയറ്റ് എടുക്കുന്നവരാണ് പലരും. എന്നാല്‍ ശരിയായ രീതിയിലല്ലാത്ത കഠിനമായ ഭക്ഷണക്രമങ്ങള്‍ പിന്തുടരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. യുട്യൂബും മറ്റ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും വരുന്ന വീഡിയോകൾ കണ്ട് ഡയറ്റെടുക്കുന്നവരാണ് ഇവരിൽ കൂടുതൽ പേരും. കൃത്യമായി ഡയറ്റീഷ്യന്മാരുടെ നിര്‍ദ്ദേശങ്ങളില്ലാതെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ചിലപ്പോള്‍ ജീവന്‍തന്നെ അപകടത്തിലാക്കിയെന്നും വരാം.
മധ്യ ചൈനയിലെ ഹനാന്‍ പ്രവിശ്യയില്‍ നിന്നുള്ള ഒരു 16-കാരി ഇത്തരത്തില്‍ കഠിനമായ ഡയറ്റ് എടുത്ത് ഗുരുതരാവസ്ഥയിലായി. തന്റെ ജന്മദിനത്തില്‍ പുതിയ വസ്ത്രം ധരിക്കുന്നതിനായി സ്വീകരിച്ച ഭക്ഷണക്രമമാണ് മേയ് എന്നുവിളിക്കുന്ന പെണ്‍കുട്ടിയെ ഗുരുതരമായ ആരോഗ്യസ്ഥിതിയിലേക്ക് നയിച്ചത്. ഇതേത്തുടര്‍ന്ന് കുട്ടി 12 മണിക്കൂര്‍ അടിയന്തിര ചികിത്സയ്ക്ക് വിധേയയായി.
ജന്മദിനത്തില്‍ പുത്തനുടുപ്പ് പാകമാകാനായി പെണ്‍കുട്ടി രണ്ടാഴ്ച്ചയോളം പച്ചക്കറികളും പോഷകങ്ങളും മാത്രം ചെറിയ അളവിലാണ് കഴിച്ചിരുന്നതെന്ന് സിയാവോക്‌സിയാങ് മോര്‍ണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. അപകടകരമായ ഭക്ഷണരീതി കാരണം കുട്ടിക്ക് കൈകാലുകള്‍ക്ക് ശക്തി നഷ്ടമാകുകയും കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
advertisement
മേയ്യുടെ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് അപകടകരമാംവിധം താഴ്ന്നതായും ഇത് ഗുരുതരമായ ഹൈപ്പോകലീമിയയ്ക്ക് കാരണമായതായും മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തി. ഈ അവസ്ഥ ശ്വാസതടസ്സത്തിനും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനും കാരണമാകുമെന്ന് ഹനാന്‍ പീപ്പിള്‍സ് ആശുപത്രിയില്‍ പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ ഡോ. പെങ് മിന്‍ പറഞ്ഞു.
അസന്തുലിതമായ ഭക്ഷണക്രമവും ശരീരത്തിലുണ്ടായ നിര്‍ജ്ജലീകരണവുമാണ് രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയാന്‍ സാധാരണ കാരണമാകുന്നതെന്ന് ഹനാനിലെ മറ്റൊരു ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍ ലി വിശദീകരിച്ചു.
കഠിനമായ ഭക്ഷണക്രമീകരണ രീതികള്‍ ഉണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചുള്ള ശക്തമായ മുന്നറിയിപ്പുകൂടിയാണ് മേയ്യുടെ അനുഭവം. പ്രത്യേകിച്ച് ശരീരഭാരം നിയന്ത്രിക്കാന്‍ ഇത്തരം രീതികള്‍ പിന്തുടരുന്ന ചെറുപ്പക്കാര്‍ക്ക്. ആരോഗ്യകരമായ പൊട്ടാസ്യത്തിന്റെ അളവ് നിലനിര്‍ത്താന്‍ ചിക്കന്‍, വാഴപ്പഴം, ഉരുളക്കിഴങ്ങ് തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള സമീകൃതഹാരവും ദിവസേന ആവശ്യത്തിന് വെള്ളവും കഴിക്കണമെന്ന് ഡോ. പെങ് നിര്‍ദ്ദേശിച്ചു.
advertisement
ഇപ്പോള്‍ മേയ്യുടെ ആരോഗ്യം സാധാരണനിലയിലായിട്ടുണ്ട്. ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ശരീരഭാരം കുറയ്ക്കാന്‍ ഇനിയൊരിക്കലും ഇത്തരത്തിലുള്ള കഠിനമായ രീതികള്‍ സ്വീകരിക്കില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
സമാനമായി കഴിഞ്ഞ വര്‍ഷം 26 വയസ്സുള്ള ഒരു ചൈനീസ് യുവാവിനെയും ഹൈപ്പോകലീമിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശരീരഭാരം കുറയ്ക്കാന്‍ അദ്ദേഹം ഇടവിട്ട് ഉപവാസമെടുത്തു. ദിവസവും കഠിനമായി വ്യായാമം ചെയ്തിട്ടും എട്ട് മണിക്കൂര്‍ ഇടവേളയെടുത്ത് മാത്രമാണ് അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നത്. 2021-ല്‍ ധാരാളം വെള്ളം കുടിച്ച് ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രമിച്ച 38-കാരിയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സതേടിയിരുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 25, 2025 9:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ജന്മദിനത്തില്‍ പുത്തനുടുപ്പ് ധരിക്കാന്‍ രണ്ടാഴ്ച പച്ചക്കറികളും പോഷകങ്ങളും മാത്രം കഴിച്ച 16-കാരി ഗുരുതരാവസ്ഥയില്‍