വെറും ഒരു പഴത്തിന് 500 രൂപ! ഭക്ഷണത്തിന് തീവിലയുള്ള വിമാനത്താവളം അറിയാം
- Published by:meera_57
- news18-malayalam
Last Updated:
പ്രതിദിനം ശരാശരി 2,20,000 യാത്രക്കാരാണ് ഈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്
വിമാനത്താവളങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് തീവിലയാണെന്ന് പറയേണ്ടതില്ലല്ലോ? വിമാനത്താവളത്തില്‍ നിന്നും ഒരു ചായ കുടിക്കണമെങ്കില്‍ പോലും ചെലവ് കൂടും. ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി ചെലവ് കുറയ്ക്കാന്‍ നോക്കിയാലും ലഘുഭക്ഷണവും വെള്ളവും മാത്രം കഴിച്ചാലും അവസാനം ബില്ല് വരുമ്പോള്‍ പോക്കറ്റ് കാലിയാകുന്ന അവസ്ഥ.
വിമാനത്താവളങ്ങളില്‍ പ്രീമിയം നിരക്കായിരിക്കുമെന്ന് അറിയാമെങ്കിലും ചില ബില്ലുകള്‍ കേട്ടാല്‍ ഞെട്ടിപ്പോകും. ഇത്തരത്തില്‍ ഭക്ഷണത്തിന്റെ വിലയില്‍ ഞെട്ടിച്ചിരിക്കുകയാണ് ലോകത്തിലെ ഒരു പ്രധാന വിമാനത്താവളം. അത് ഏത് വിമാനത്താവളമാണെന്നല്ലേ?
തുര്‍ക്കിയിലെ പ്രധാന വിമാനത്താവളമായ ഇസ്താംബൂള്‍ വിമാനത്താവളത്തെയാണ് യാത്രക്കാര്‍ 'ലോകത്തിലെ ഏറ്റവും ചെലവേറിയ വിമാനത്താവളം' എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഭക്ഷണസാധനങ്ങളുടെ ഉയര്‍ന്ന വില തന്നെയാണ് ഇതിനുകാരണം. ഭക്ഷണസാധനങ്ങള്‍ക്കും പാനീയങ്ങള്‍ക്കും തീവിലയാണ് വിമാനത്താവളത്തില്‍ ഈടാക്കുന്നത് ഇത് നിങ്ങളുടെ കണ്ണ് നിറയ്ക്കും.
അടിസ്ഥാന ഭക്ഷണസാധനങ്ങള്‍ക്കുപോലും വലിയ വില ഈടാക്കുന്നതിനാലാണ് ഇറ്റാലിയന്‍ പത്രമായ 'കൊറിയര്‍ ഡെല്ല സെറ' ഇസ്താംബൂള്‍ വിമാനത്താവളത്തെ ഏറ്റവും ചെലവേറിയ വിമാനത്താവളമെന്ന് വിശേപ്പിച്ചിട്ടുള്ളതെന്ന് 'ദ മിറര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.
advertisement
പ്രതിദിനം ശരാശരി 2,20,000 യാത്രക്കാരാണ് ഈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. ഭക്ഷണ സാധനങ്ങള്‍ക്ക് ഇവിടെ അന്യായവിലയാണ് ഈടാക്കുന്നതെന്നാണ് യാത്രക്കാര്‍ക്കിടയിലെ സംസാരം.
വിമാനത്താവളത്തിലെ ഭക്ഷണശാലകള്‍ ഒരു വാഴപ്പഴത്തിന് ഈടാക്കുന്നത് ഏകദേശം അഞ്ച് പൗണ്ടാണ്. അതായത് 565 ഇന്ത്യന്‍ രൂപ. ഒരു ബിയര്‍ കുടിക്കാന്‍ 15 പൗണ്ട് (1,698 രൂപ) നല്‍കണം. വെറും 90 ഗ്രാം തൂക്കം വരുന്ന 'ലസാഗ്ന' (ഇറ്റാലിയന്‍ വിഭവം) 21 പൗണ്ടിന് (2,376 രൂപ) വില്‍ക്കുന്നത് താന്‍ കണ്ടതായി ഇറ്റാലിയന്‍ വാര്‍ത്ത വെബ്‌സൈറ്റായ 'എല്‍-ഇക്കണോമിയ'യ്ക്കുവേണ്ടി എഴുതുന്ന ലിയോനാര്‍ഡ് ബെര്‍ബെറി വെളിപ്പെടുത്തി. ഒരു ഇഷ്ടിക കഷ്ണം പോലെയാണ് ഈ വിഭവം തോന്നിയതെന്നും വിമാനത്താവളത്തിലെ മോശം അനുഭവത്തെക്കുറിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
advertisement
ഇറ്റാലിയന്‍ ചിക്കന്‍ സാലഡ് വിമാനത്താവളത്തില്‍ വില്‍ക്കുന്നത് 15 പൗണ്ടിനാണ് (1,698 രൂപ). സ്വാദിഷ്ടമായ ക്രോസിയന്റ്‌സുകള്‍ക്ക് 1,410 രൂപ മുതല്‍ 1,698 രൂപ വരെ ഈടാക്കുന്നുണ്ടെന്നും ലിയോനാര്‍ഡ് കണ്ടെത്തി. ബിയര്‍ വില്‍ക്കുന്നതും അമിത വിലയ്ക്കാണ്.
വിമാനത്താവളത്തിലെ ഫാസ്റ്റ് ഫൂഡ് കേന്ദ്രങ്ങളും അദ്ദേഹം ചുറ്റിനടന്ന് കണ്ടു. അവിടെയും വിലകള്‍ അദ്ദേഹത്തെ അമ്പരപ്പിച്ചതായി ലിയോനാര്‍ഡ് പറയുന്നു. മക്‌ഡൊണാള്‍ഡ്‌സ്, ബെര്‍ഗര്‍ കിങ്‌സ് തുടങ്ങിയ പോക്കറ്റ് ഫ്രണ്ട്‌ലി ഫാസ്റ്റ് ഫൂഡ് ശൃംഖലകള്‍ പോലും ഇവിടെ ഉയര്‍ന്ന വിലയാണ് ഈടാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പോപ്പീസില്‍ നാല് ഫ്രൈഡ് ചിക്കന്‍ വിങ്‌സിനും ഫ്രഞ്ച് ഫ്രൈസിനും കൊക്കകോളയ്ക്കും ഈടാക്കിയത് 1,698 രൂപയാണ്. മക്‌ഡൊണാള്‍ഡ്‌സില്‍ നിന്നും ബിഗ് മാകും ഡബിള്‍ ക്വാര്‍ട്ടര്‍ പൗണ്ടറും വാങ്ങാന്‍ കൊടുക്കേണ്ടത് 2,000 രൂപയും 2,450 രൂപയുമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
advertisement
തീപിടിച്ച വിലയില്‍ സോഷ്യല്‍മീഡയയിലും പ്രതിഷേധമുയരുന്നുണ്ട്. റെഡ്ഡിറ്റിലൂടെ ഇവര്‍ അന്യായവില ഈടാക്കുന്നതില്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെ നിരക്കിനേക്കാള്‍ 2-4 മടങ്ങ് ഉയര്‍ന്ന വിലയാണ് ഇസ്താംബൂളില്‍ ഈടാക്കുന്നതെന്ന് ഒരാള്‍ കമന്റ് ചെയ്തു. വില ഇത്രയധികം കൂടാന്‍ എന്തെങ്കിലും കാരണമുണ്ടോ? എന്ന് ചോദിച്ചുകൊണ്ടായിരുന്നു മറ്റൊരു പ്രതികരണം. ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ വളരെ മികച്ച സൗകര്യങ്ങളാണ് ഉള്ളതെന്നും എന്നാല്‍, അന്യായ വില ഇതിന്റെ പ്രീതികെടുത്തുന്നതായും മറ്റൊരു വ്യക്തി റെഡ്ഡിറ്റില്‍ കുറിച്ചു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 19, 2025 1:33 PM IST