• HOME
  • »
  • NEWS
  • »
  • life
  • »
  • ചോരപുരണ്ടതല്ല ഇലന്തൂരിന്റെ ഇന്നലെകൾ; ഗാന്ധിജിയുടെ പാദം പതിഞ്ഞതിന്റെ പേരിൽ അഭിമാനിച്ച മണ്ണ്

ചോരപുരണ്ടതല്ല ഇലന്തൂരിന്റെ ഇന്നലെകൾ; ഗാന്ധിജിയുടെ പാദം പതിഞ്ഞതിന്റെ പേരിൽ അഭിമാനിച്ച മണ്ണ്

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഇലന്തൂരിന് നിര്‍ണായക സ്ഥാനമാണുള്ളത്. ഗാന്ധിജി ഈ ഗ്രാമത്തിൽ പ്രസംഗിക്കാന്‍ എത്തിയത് 85 വര്‍ഷം മുമ്പാണ്. ഗാന്ധിജിയുടെ അവസാന കേരള സന്ദർശനത്തിന്റെ ഒൻപതാം ദിവസമായിരുന്നു അദ്ദേഹം ഇലന്തൂരിൽ എത്തിയത്

  • Share this:
നാടിനെയാകെ ഞെട്ടിച്ച ഇരട്ടനരബലിയുടെ പേരിൽ നാണം കെട്ടു പോകേണ്ടതല്ല പത്തനംതിട്ടയിലെ ഇലന്തൂർ എന്ന ഗ്രാമത്തിന്റെ യശസ്. അരിഞ്ഞ് അറുപതോളം കഷണങ്ങളാക്കി ആഴത്തിൽ കുഴിച്ചിട്ട നാരീശരീരങ്ങളുടെ അഴുകിയ ഗന്ധത്താൽ മൂക്ക് പൊത്തുന്നതിനു മുമ്പ്, വന്യമായ ലഹരിയിൽ കൂർത്ത മുന കൊണ്ട് ഗുഹ്യഭാഗങ്ങളിൽ നിന്ന് ചിതറി തെറിച്ച ചോരചുവപ്പ് കണ്ട് ഉന്മാദം വന്ന അധമമനസുകളെയോർത്ത് തല കുനിക്കുന്നതിനു മുമ്പ് ഈ നാട് തല ഉയർത്തിപ്പിടിച്ചത് അഹിംസയുടെ പതാകാ വാഹകനായ മഹാത്മാവിന്റെ പാദസ്പർശ്ശമേറ്റ മണ്ണ് എന്ന പേരിലായിരുന്നു. നിസഹായകളായ രണ്ട്‌ സ്ത്രീകളെ പണക്കൊതിയുടെ കൂർത്ത വാൾതലപ്പുകൾ അംഗഭംഗം വരുത്തുന്നതിന് മുമ്പ് ആ നാടിനെ ഓർമിച്ചിരുന്നത് ലളിതമായ ജീവിതത്തിന് ഊടും പാവും നെയ്ത ഖാദി പ്രസ്ഥാനത്തിന് മധ്യതിരുവിതാംകൂറിൽ തുടക്കമിട്ട മണ്ണ് എന്ന പേരിലായിരുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഇലന്തൂരിന് നിര്‍ണായക സ്ഥാനമാണുള്ളത്. ഗാന്ധിജി ഈ ഗ്രാമത്തിൽ പ്രസംഗിക്കാന്‍ എത്തിയത് 85 വര്‍ഷം മുമ്പാണ്. ഗാന്ധിജിയുടെ അവസാന കേരള സന്ദർശനത്തിന്റെ ഒൻപതാം ദിവസമായിരുന്നു അദ്ദേഹം ഇലന്തൂരിൽ എത്തിയത്. 1937 ജനുവരി 20ന്. ഭാരതം സ്വതന്ത്ര്യത്തിനു വേണ്ടി ചോരയും ജീവനും നൽകിയ കാലത്ത് ഗാന്ധിജി അഞ്ച് തവണ കേരളം സന്ദർശിച്ചിരുന്നു.അതിൽ അഞ്ചാം സന്ദർശനം ജനുവരി 12 മുതൽ 21 വരെ വരെ ആയിരുന്നു.

Also Read- നിങ്ങൾ ഈ 'ശ്രീദേവി'യുമായി ഫേസ്ബുക്ക് ചാറ്റ് നടത്തിയിട്ടുണ്ടോ? പോലീസ് 100 പേജ് ചാറ്റ് ഹിസ്റ്ററി പരിശോധിക്കുന്നു

ഗാന്ധിജിയുടെ സന്ദേശവും ദേശീയ പ്രസ്ഥാനത്തിന്റെ ചൈതന്യവും പഴയ തിരുവിതാംകൂർ സംസ്ഥാനത്ത് കൊണ്ടുവന്നവരിൽ പ്രധാനിയാണ് കെ.കുമാർ എന്ന കുമാർജി(1894–1973). ഇലന്തൂർ ഗാന്ധിയെന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം മഹാത്മാഗാന്ധിയുടെ പ്രധാന ശിഷ്യന്മാരിൽ ഒരാളായിരുന്നു.വൈക്കം സത്യാഗ്രഹ സംഘാടകരിൽ ഒരാൾ കൂടിയായിരുന്ന അദ്ദേഹമാണ് ഗാന്ധിജിയുടെ ഇലന്തൂർ സന്ദർശനത്തിന് കാരണമായതും.

ഇന്ന് ഇലന്തൂർ പഞ്ചായത്ത് ഓഫിസ് കെട്ടിടം സ്ഥിതി ചെയ്യുന്ന പെരുവേലിൽ പുരയിടമായിരുന്നു ആ ബുധനാഴ്ചയിലെ വേദിയായത്. അന്ന് ദേശം ദേവതുല്യമായി ആരാധിച്ചിരുന്ന ഗാന്ധിജിയെ കാണാനും ആ വാക്കുകൾ കേൾക്കാനും നാട് ഒന്നായി ഒഴുകിയെത്തി. വലിയൊരു ഉത്സവ പ്രതീതിയായിരുന്നു എന്നാണ് വിവരണങ്ങളിൽ. ചെങ്ങന്നൂരിലെ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം ആറന്മുള വഴി നടന്നാണ് ഗാന്ധിജിയും സംഘവും ഇലന്തൂരിലെത്തിയത്. പരിപാടിക്കായി പ്രത്യേകം തയാറാക്കിയ വേദിയിലെ നീളൻ പീഠത്തിൽ ഗാന്ധി ഇരുന്നു. ആബാല വൃദ്ധം ജനങ്ങൾ സ്വാതന്ത്ര്യ സ്വപ്നങ്ങൾ നിറഞ്ഞ കണ്ണും കാതും കൂർപ്പിച്ചിരുന്നു.സ്വാതന്ത്ര്യത്തിന്റെ പ്രസക്തിയെക്കുറിച്ച് ഇംഗ്ലീഷിൽ പറഞ്ഞു തുടങ്ങിയ അദ്ദേഹം ഇംഗ്ലീഷുകാരെ തുരത്താൻ ഖാദിയെ പ്രോത്സാഹിപ്പിക്കണമെന്നും
ആഹ്വാനം ചെയ്തു. കുമാർജി മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.

ഒരു മാതൃകാ ഗ്രാമമെന്നാണ് ഗാന്ധി ഇലന്തൂരിനെ തന്റെ പ്രസംഗത്തിൽ വിശേഷിപ്പിച്ചത്. ക്ഷേത്രപ്രവേശന വിളംബരത്തിന് മുമ്പ് തന്നെ 'ദളിതരെ' ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കുന്നതിന് ഈ മേഖലയിൽ നടത്തിയ ചരിത്രപരമായ പ്രവർത്തനങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. 'വിളംബരം പുറപ്പെടുവിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ സ്വന്തം ഇച്ഛാശക്തിയിൽ തൊട്ടുകൂടായ്മയിൽ നിന്ന് മുക്തി നേടിയതിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. ഇപ്പോഴത്തെ ഈ വിളംബരം നിങ്ങളുടെ പ്രവൃത്തിക്ക് ഔദ്യോഗിക മുദ്ര പതിപ്പിച്ച് അംഗീകാരം നൽകുകയും നിങ്ങളുടെ പ്രവൃത്തിയെ തിരുവിതാംകൂർ മുഴുവൻ സ്വീകാര്യമാക്കുകയും ചെയ്യുന്നു,' അദ്ദേഹം പറഞ്ഞു. ചെയ്തു വന്ന മഹത്തായ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാൻ ഗാന്ധി എല്ലാവരെയും പ്രചോദിപ്പിച്ചു. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Also Read- ഇലന്തൂർ നരബലി കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം

1936 നവംബർ 12 ലെ ക്ഷേത്ര പ്രവേശന വിളംബരത്തിന് വളരെ മുമ്പേ ഇലന്തൂരിലെ ഭഗവതിക്കുന്ന് ക്ഷേത്രവും തേവർ നടയും അന്നത്തെ തൊട്ടുകൂടാത്തവ സമൂഹങ്ങൾക്ക് വാതിൽ മുന്നിൽ തുറന്നിട്ടതായാണ് സൂചന. ഏതാണ്ട് അവഗണിക്കപ്പെട്ടതാണ് ഈ ചരിത്രവസ്തുത.

പ്രഭാഷണത്തിന് ശേഷം ഖാദർ ദാസ് ടി പി ഗോപാല പിള്ളയെയും പുളിന്തിട്ട പി സി ജോർജിനെയും കുമാർജി മഹാത്മാവിന് പരിചയപ്പെടുത്തി. ഗോപാല പിള്ളയ്ക്ക് മഹാത്മജി കടലാസിൽ കുറിച്ചു നൽകിയ സന്ദേശമാണ് ഖാദി മാർഗം സ്വീകരിക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്. കുമാർജിയുടെ അമ്മ വിളമ്പിയ പാലും പഴങ്ങളും കഴിച്ച ശേഷം അടൂരിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഗാന്ധിജി ഇലന്തൂരിൽ വെച്ച് ഒരു കുഞ്ഞിന് പേരിടുകയും ചെയ്തു.

ഗാന്ധിജിയുടെ സന്ദർശനമാണ് പ്രദേശവാസികളെ ഖാദി പ്രസ്ഥാനത്തിലേക്ക് കൂടുതലായി അടുപ്പിച്ചത്. മധ്യ തിരുവിതാംകൂറിൽ ഖാദി പ്രസ്ഥാനം ആരംഭിച്ചത് തന്നെ ഇലന്തൂരിലാണ്. നാട്ടുകാരിൽ പലരും ഖാദി പ്രസ്ഥാനം സജീവമായിരുന്ന മറ്റിടങ്ങളിൽ പോയി നൂൽനൂൽക്കാൻ പഠിച്ചു. ഗാന്ധിയൻ ഖദർ ദാസ് ഗോപാലപിള്ള 1941 ഒക്ടോബർ 2ന് മഹാത്മാ ഖാദി ആശ്രമത്തിന് തുടക്കം കുറിച്ചതും ഇലന്തൂരിലെ തുണ്ടുപറമ്പിൽ പുരയിടത്തിലായിരുന്നു. ഇതോടെ കൂടുതൽ പ്രദേശവാസികൾ നൂൽനൂൽപ് പഠിച്ചെടുത്തു. അന്ന് രൂപീകരിച്ച ചർക്കാ സംഘമാണ് ഇന്നത്തെ ഖാദി ജില്ലാ ഓഫിസായി വളർന്നത്. തുടർന്ന് ഇലന്തൂരിൽ ഒട്ടേറെ ഖാദി പ്രസ്ഥാനങ്ങൾ ആരംഭിച്ചു.അങ്ങനെ തിരുവിതാംകൂറിൽ ഖാദി പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഇലന്തൂർ നൽകിയ സംഭാവനകൾ വളരെ വലുതാണ്.

ഗാന്ധിയുടെ സന്ദർശന സ്മരണക്കായി അന്നത്തെ പ്രസംഗ വേദി പെരുവേലിൽ പുരയിടത്തിൽ
ഗാന്ധി മണ്ഡപം സ്മാരകം നിർമിച്ച് ഗാന്ധി പ്രതിമയും സ്മൃതിമണ്ഡപവും സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോൾ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഈ വളപ്പിൽ തന്നെ ഗാന്ധി മ്യുസിയവും ഉണ്ട്. കോ ഓപ്പറേറ്റീവ് പ്രസിനു സമീപം കെ.കുമാറിന്റെ പ്രതിമയുമുണ്ട്. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നിർണായക വർഷങ്ങളിൽ എ.ഐ.സി.സി (അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി), കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി, ടി.സി-പി.സി.സി / കെ.പി.സി.സി എന്നിവയുടെ പ്രവർത്തക സമിതിയിൽ സേവനമനുഷ്ഠിച്ച കുമാർജി ഇലന്തൂർ വില്ലേജ് യൂണിയൻ ഇന്നുള്ള വിധം പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്ന 1952 ൽ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി.

Also Read- രണ്ടുപെണ്‍കുട്ടികളെ ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; ഷാഫിയുടെ കുറ്റസമ്മത മൊഴി

ഖാദി ആശ്രമം പിന്നീട് സൊസൈറ്റിയായി, കാലക്രമേണ സർക്കാരിനു കൈമാറി. നിലവിൽ ജില്ലാ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ഓഫിസ് പ്രവർത്തിക്കുന്നു. തൊട്ടടുത്ത് ഖദർ ദാസിന്റെ പ്രതിമയും.

ഗാന്ധിജിക്ക് പുറമെ ആചാര്യ വിനോബാ ഭാവെ,ജയപ്രകാശ് നാരായൺ, ബി.രാമകൃഷ്ണ റാവു, ചരൺ എസ് ഭായി,ടാക്കർ ബാപ്പ, കെ കേളപ്പൻ,കുമ്പളത്ത് ശങ്കു പിള്ള തുടങ്ങിയ ദേശീയ സ്വാതന്ത്ര്യ സമര നായകരും അക്കാലത്ത് ഈ ഗ്രാമം സന്ദര്‍ശിച്ചിരുന്നു. ഗാന്ധിജിയുമായും സ്വതന്ത്ര്യ സമരവുമായും ബന്ധപ്പെടുന്ന ദിവസങ്ങളിൽ ഈ നാട് ആ പാവന സ്മരണകൾ പുതുക്കാറുണ്ട്. മാറുന്ന കാലത്തിന് മൂകസാക്ഷിയായി മഹാത്മാക്കളുടെ പ്രതിമകളും.
Published by:Rajesh V
First published: