• HOME
 • »
 • NEWS
 • »
 • life
 • »
 • ഇവിടെ മനുഷ്യത്വവും പാഠ്യവിഷയം; പ്രദീപിന്‍റെ പി.എസ്.സി പരിശീലനം ജീവിതത്തിൽ പ്രകാശം നിറച്ചത് നൂറുകണക്കിന് കുടുംബങ്ങളിൽ...

ഇവിടെ മനുഷ്യത്വവും പാഠ്യവിഷയം; പ്രദീപിന്‍റെ പി.എസ്.സി പരിശീലനം ജീവിതത്തിൽ പ്രകാശം നിറച്ചത് നൂറുകണക്കിന് കുടുംബങ്ങളിൽ...

നൂറുകണക്കിന് ആളുകളെ ജീവിതത്തിൽ കൈപിടിച്ചുയർത്തിയ പി.എസ്.സി ക്ലാസിനെക്കുറിച്ചും ജീവകാരുണ്യപ്രവർത്തനങ്ങളെക്കുറിച്ചും പ്രദീപ് ന്യൂസ് 18നോട് സംസാരിക്കുന്നു...

pradeep_mukhathala_psc

pradeep_mukhathala_psc

 • News18
 • Last Updated :
 • Share this:
  അനുരാജ് ജി.ആർ

  കൊല്ലത്തിനടുത്ത് മുഖത്തല എന്ന ഗ്രാമം. അവിടെ മുരാരി ക്ഷേത്രത്തിന് അടുത്തുള്ള ഋതുപർണിക എന്ന വീട് എന്നും മൂന്നരയോടെ ഉണരും. നാലുമണിയോടെ ചെറുപ്പക്കാരായ നിരവധിയാളുകൾ ബൈക്കുകളിലും മറ്റുമായി അവിടേക്ക് വരും. കെ.എസ്.ഇ.ബിയിൽ കാഷ്യറായ പ്രദീപ് നടത്തുന്ന പി.എസ്.സി പരിശീലനക്ലാസ് ലക്ഷ്യമിട്ടാണ് അവരുടെ വരവ്. ഒരുപാട് പ്രത്യേകതകളുള്ള പി.എസ്.സി പരിശീലനമാണ് പ്രദീപിന്‍റേത്. ജി.കെയ്ക്കും കണക്കിനും ഇംഗ്ലീഷിനുമൊപ്പം മനുഷ്യത്വം ഒരു പ്രധാന പാഠ്യവിഷയമാകുന്നുവെന്നതാണ് സവിശേഷത. പി.എസ്.സിക്ക് മനുഷ്യത്വം പാഠ്യവിഷയമോ? മൂക്കത്ത് വിരൽ വെക്കണ്ടാ, പ്രദീപിന്‍റെ അങ്ങനെയൊന്ന് കൂടിയുണ്ട്. കുട്ടികളിൽനിന്ന് ഫീസ് വാങ്ങിയല്ല പ്രദീപ് ഈ ക്ലാസ് നടത്തുന്നത്. പകരം ഫീസായി നൽകാൻ വിദ്യാർഥികൾ ആഗ്രഹിക്കുന്ന തുക സമാഹരിച്ച് പാവപ്പെട്ടവരെ സഹായിക്കുകയാണ് ചെയ്യുന്നത്. കഠിന പരിശീലനത്തിലൂടെ പാവപ്പെട്ട കുടുംബങ്ങളിൽ സർക്കാർ ജോലിയെന്ന പ്രകാശം നിറയ്ക്കുന്ന പ്രദീപ്, അതിനൊപ്പം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും മാറാരോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരെയും സഹായിക്കാനായി ഓടിയെത്തുന്നു... പി.എസ്.സി ക്ലാസിനെക്കുറിച്ചും ജീവകാരുണ്യപ്രവർത്തനങ്ങളെക്കുറിച്ചും പ്രദീപ് ന്യൂസ് 18നോട് സംസാരിക്കുന്നു...

  ജീവിതഭാരം ചുമലിലേറ്റാൻ പി.എസ്.സി പഠനം

  പ്ലസ് ടു പഠിക്കുമ്പോഴാണ് അച്ഛൻ രാധാകൃഷ്ണപിള്ളയുടെ ആകസ്മികമായ മരണം. തുടർന്ന് മൂന്ന് ആൺമക്കളെ തയ്യൽജോലി ചെയ്താണ് അമ്മ ലീല പഠിപ്പിച്ചത്. ബാലാരിഷ്ടതകൾ നിറഞ്ഞ ഈ യൌവ്വനകാലത്ത് കുട്ടികൾക്ക് ട്യൂഷനെടുത്ത് കിട്ടുന്ന വരുമാനം കൂടി അമ്മയെ സഹായിക്കാനായി പ്രദീപ് നൽകി. സ്വന്തം പഠനത്തിനൊപ്പം, വീട്ടിലെ കടബാധ്യതകൾ കൂടി തീർക്കുകയെന്നതായിരുന്നു പ്രദീപിന്‍റെ ലക്ഷ്യം. കൊല്ലം ഫാത്തിമ കോളേജിൽ ബിരുദത്തിന് ചേർന്നപ്പോഴാണ് കൂട്ടുകാർക്കൊപ്പം പി.എസ്.സി പരിശീലനം തുടങ്ങിയത്. ക്ലാസ് ഇല്ലാത്തപ്പോൾ കൊല്ലം പബ്ലിക് ലൈബ്രറിയിൽ പോയി അവർ പി.എസ്.സി ജോലിക്കുവേണ്ടി പഠിച്ചു. ചിട്ടയായുള്ള പഠനത്തിന് വൈകാതെ ഫലമുണ്ടായി. എം.എയ്ക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോൾ എൽ.ഡി ക്ലാർക്കായി നിയമനം കിട്ടി. യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ്, കമ്പനി ബോർഡ് കോർപറേഷൻ അസിസ്റ്റന്‍റ് തുടങ്ങിയ 11 പരീക്ഷകളുടെ റാങ്ക് ലിസ്റ്റിൽ പ്രദീപ് ഇടംനേടി. ഒടുവിൽ സ്വീകരിച്ച കെ.എസ്.ഇ.ബി കാഷ്യർ തസ്തികയിലാണ് ഇപ്പോൾ പ്രദീപ് ജോലി ചെയ്യുന്നത്.

  വായനശാല പി.എസ്.സി പഠനകളരിയാക്കി

    മുഖത്തല ശാന്തി ലൈബ്രറിയുടെ ജോയിന്‍റ് സെക്രട്ടറിയായിരിക്കെ 2012ലാണ് വായനശാലയിൽ സൌജന്യ പി.എസ്.സി പരിശീലനം ആരംഭിക്കുന്നത്. സുഹൃത്തിനും അയാളുടെ ഭാര്യയ്ക്കുമായി തുടങ്ങിയ ക്ലാസിൽ നാട്ടിലെ കൂടുതൽ ചെറുപ്പക്കാരെത്തി. എല്ലാവരെയും വായനശാലയിൽ ഉൾക്കൊള്ളാനാകാതെ വന്നപ്പോൾ ക്ലാസ് വീടിന്‍റെ ടെറസിലേക്ക് മാറ്റി. പൊതുവിജ്ഞാനം, സമകാലികം, ഇംഗ്ലീഷ്, കണക്ക് അങ്ങനെ എല്ലാ വിഷയങ്ങളും പ്രദീപ് പഠിപ്പിച്ചു. ചോദ്യപേപ്പറുകൾ വർക്കൌട്ട് ചെയ്തുള്ള ക്ലാസ് പലരെയും പി.എസ്.സി റാങ്ക് ലിസ്റ്റുകളിലേക്ക് എത്തിച്ചു. ക്ലാസിന്‍റെ മികവ് അറിഞ്ഞു ദൂരസ്ഥലങ്ങളിൽനിന്ന് കൂടുതൽപേർ മുഖത്തലയിലെ പ്രദീപിനെ അന്വേഷിച്ച് എത്തി.

  Read Also- 'എന്തിനാണ് സംസ്കൃതം എടുത്തതെന്ന് ചോദിച്ചവർക്കുള്ള മറുപടിയാണിത്' കേരള സർവകലാശാലയിൽ ബി.എ ഒന്നാം റാങ്ക് നേടിയ ഐഫുന

  വൈകാതെ ക്ലാസിന് ഒരു അടുക്കുംചിട്ടയുംകൊണ്ടുവരാനും ജോലിക്ക് പോകാനുള്ള സൌകര്യത്തിന് അനുസരിച്ച് സമയക്രമവും മാറ്റി. രാവിലെ നാലര മുതൽ ഏഴര വരെ ക്ലാസ് സമയം നിശ്ചയിച്ചു. ഇതിനായി രാത്രിയിൽ 11.30 ഉറങ്ങാൻകിടക്കുന്ന പ്രദീപ് പുലർച്ചെ 3.45ന് എഴുന്നേൽക്കും. നാലരയോടെ ക്ലാസിലേക്ക് എത്തും. രണ്ടുപേരിൽ തുടങ്ങിയ ക്ലാസ് ഇപ്പോൾ നാലു ബാച്ചുകളിലായി ആകെ ആയിരത്തോളം വിദ്യാർഥികളാണുള്ളത്. രണ്ടു ബാച്ചുകളുടെ ക്ലാസ് വീട്ടിന് മുകളിലെ ടെറസിൽ നടത്തുന്നുണ്ട്. മറ്റ് രണ്ട് ബാച്ചുകൾ മുഖത്തല ക്ഷേത്രത്തിന് സമീപത്തുള്ള കരയോഗമന്ദിരത്തിലെ കെട്ടിടത്തിന് മുകളിലാണ് നടത്തുന്നത്. ഇപ്പോൾ അന്യ ജില്ലകളിൽനിന്നുള്ള കുട്ടികൾ കൂടുതലായി വരുന്നു. തൃശൂർ, കോഴിക്കോട്, ഇടുക്കി, എറണാകുളം, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിൽനിന്നുള്ള കുട്ടികൾ മുഖത്തലയിൽ പേയിങ് ഗസ്റ്റായി വീടുകളിൽ താമസിച്ച് ക്ലാസിന് വരുന്നു. എഞ്ചിനിയറിങ് കഴിഞ്ഞവരും വിരമിച്ച ആർമി, നേവി, എയർഫോഴ്സ് ഉദ്യോഗസ്ഥരും ടെക്നോപാർക്ക് ജീവനക്കാരും വിവിധ പ്രൈവറ്റ് കമ്പനികളിൽ ജോലി ചെയ്യുന്നവരും ക്ലാസിന് വരുന്നുണ്ട്.

  പ്രദീപിന്‍റെ ക്ലാസിലേക്ക് പ്രവേശനം അത്ര എളുപ്പമല്ല...

  പകൽ സമയത്ത് കോച്ചിങ് സെന്‍ററുകളിൽ പോകാത്ത പാവപ്പെട്ടവർക്കുവേണ്ടിയാണ് ക്ലാസുകൾ തുടങ്ങിയതെങ്കിലും ഇപ്പോൾ താൽപര്യത്തോടെ വരുന്ന എല്ലാവരെയും സ്വീകരിക്കും. പുതിയതായി ചേരാൻ വരുന്നവർക്ക് ആയിരം ക്വസ്റ്റ്യൻ കൊടുത്ത് ഒരാഴ്ച പഠിക്കാൻ സമയവും നൽകും. അതിനുശേഷം 100 മാർക്കിന് ഒരു പരീക്ഷ നടത്തും. ഇതിൽ 90ൽ കൂടുതലുള്ളവർക്ക് പ്രവേശനം നൽകും. 90ൽ കുറവാണെങ്കിൽ ഒരവസരം കൂടി നൽകും. അതിലും മാർക്ക് കുറവാണെങ്കിൽ പ്രവേശനം നൽകില്ല. കാരണം നിരവധിയാളുകൾ പ്രവേശനത്തിനായി കാത്തുനിൽക്കുന്നുണ്ട്. പഠിക്കാൻ താൽപര്യമുള്ളവരെ മാത്രമെ പ്രവേശനം നൽകുകയുള്ളുവെന്നും പുതിയതായി ആരെയും ഇപ്പോൾ ക്ലാസിൽ പ്രവേശനം നൽകുന്നില്ലെന്നും ജോലി ലഭിച്ചുപോകുന്ന ഒഴിവിലേക്കാണ് എൻട്രൻസ് നടത്തി കയറ്റുന്നതെന്നും പ്രദീപ് പറയുന്നു. പകൽ സമയങ്ങളിൽ ഫ്രീയുള്ളവർ അടുത്തുള്ള കോച്ചിങ് സെന്‍ററുകളിൽ പോകാനും നിർദേശിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

  പഠിച്ചേ മതിയാകൂ, അല്ലാത്തവർ പുറത്ത്

  പ്രദീപിന്‍റെ ക്ലാസുകൾക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. എല്ലാ വിഷയങ്ങളും പ്രദീപ് തന്നെയാണ് എടുക്കുന്നത്. റാങ്ക് ഫയൽ, ക്വസ്റ്റ്യൻ പേപ്പർ, തൊഴിൽ വാർത്ത, തൊഴിൽ വീഥി എന്നിവയിൽനിന്നുള്ള ഭാഗങ്ങൾ പഠിക്കാനായി നൽകും. ഇംഗ്ലീഷ്, കണക്ക്, ഐ.ടി, മലയാളം എന്നിവയുടെ ക്ലാസ് വിശദമായി പ്രദീപ് തന്നെ എടുക്കും. എല്ലാ ദിവസവും ടെസ്റ്റ് പേപ്പർ ഉണ്ടാകും. ഇതിന് മാർക്ക് 100ൽ 90ൽ കുറയാൻ പാടില്ല. രണ്ടുതവണയിലധികം അങ്ങനെ മാർക്ക് കുറഞ്ഞാൽ അവരെ പറഞ്ഞുവിടും. ഇനി പഠിക്കാൻ അതിയായ ആഗ്രഹമുണ്ടായിട്ടും, പിന്നാക്കം നിൽക്കുന്നവരെ പ്രദീപ് സഹായിക്കും. ഇവർക്കായി പ്രത്യേകം വിളിച്ചു പറഞ്ഞുകൊടുത്ത് മറ്റുള്ളവർക്കൊപ്പം എത്തിക്കാനും ശ്രമിക്കും. പഠനം മാത്രമായി പരിശീലനം ഒതുക്കുന്നില്ല. യോഗാ ക്ലാസുകളും മദ്യം-മയക്കുമരുന്ന് എന്നിവയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ക്ലാസുകളും ബൈബൈക്കപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്ന ക്ലാസുകളും അതത് വിഷയങ്ങളിൽ വിദഗ്ധരായവർ വന്ന് കുട്ടികൾക്ക് എടുത്തുനൽകാറുണ്ട്.

  ജീവിത വിജയം കണ്ടെത്തിയവർ നിരവധി  റാങ്ക് തിളക്കത്തിലും പ്രദീപിന്‍റെ കുട്ടികൾ പിന്നിലല്ല. അടുത്തിടെ തന്നെ എസ്.ഐ, എക്സൈസ് ഇൻസ്പെക്ടർ, ജയിലർ, പൊലീസ് കോൺസ്റ്റബിൾ പരീക്ഷകളിൽ ഒന്നാം റാങ്കും, എക്സൈസ് ഓഫീസർ പരീക്ഷയിൽ അഞ്ച്, എട്ട്, ഒമ്പത്, പത്ത് തുടങ്ങിയ 15 വരെയുള്ള റാങ്കുകളും ജൂനിയർ എംപ്ലോയിമെന്‍റ് പരീക്ഷയിൽ ആറാം റാങ്കും എന്നിവയും സ്വന്തമാക്കി. പ്രദീപിന്‍റെ ശിഷ്യരിൽ 372 പേർ വിവിധ സർക്കാർ വകുപ്പുകളിൽ ജോലി നേടിയെടുക്കുകയും എഴുന്നൂറോളം പേർ വിവിധ ലിസ്റ്റുകളിൽ ഇടംനേടുകയും ചെയ്തിട്ടുണ്ട്. ക്ലാസിൽ കർക്കശക്കാരനാണെങ്കിലും പുറത്ത് എല്ലാവർക്കും സ്വന്തം ജ്യേഷ്ഠനെ പോലെ ആയതുകൊണ്ടാകും ഇവിടെ ഇത്ര വലിയ വിജയശതമാനമുണ്ടാകുന്നത്.

  ക്ലാസ് തുടങ്ങി ഏഴുവർഷത്തിലേറെ പിന്നിടുമ്പോൾ പ്രദീപിന് അഭിമാനിക്കാൻ വക നൽകുന്ന സമ്മാനങ്ങളാണ് ശിഷ്യർ ദക്ഷിണയായി നൽകിയത്. സർക്കാർ ജോലിയിലൂടെ ഇവിടെനിന്ന് ജീവിതം വിജയം നേടിയവർ നിരവധി. ഇവിടെനിന്ന് സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ്, ജൂനിയർ എംപ്ലോയിമെന്‍റ് ഓഫീസർ, എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ്, പൊലീസ് കോൺസ്റ്റബിൾ, എസ്.ഐ, എക്സൈസ്, യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ്, കമ്പനി ബോർഡ് കോർപറേഷൻ, എന്നീ തസ്തികകളിലായി നൂറുകണക്കിന് പേർ ജോലിക്ക് കയറി. അടുത്തിടെ വന്ന പൊലീസ് കോൺസ്റ്റബിൾ ലിസ്റ്റിൽ ഇവിടെനിന്ന് 340 പേർ ഇടംപിടിച്ചു.

  മനുഷ്യത്വമെന്ന പാഠ്യവിഷയം...

  അച്ഛൻ കരൾരോഗം ബാധിച്ചുമരിച്ചപ്പോൾ ചികിത്സയ്ക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ടിയ അനുഭവമാണ് മനുഷ്യത്വമെന്ന പാഠ്യവിഷയംകൂടി ഉൾപ്പെടുത്താൻ പ്രദീപിനെ പ്രേരിപ്പിച്ചത്. അതിരാവിലെയും രാത്രിയിലുമായി പ്രദീപ് എടുക്കുന്ന ക്ലാസിന് ഫീസ് വാങ്ങാറില്ല. എന്നാൽ സമൂഹത്തിൽ അവശതയും ബുദ്ധിമുട്ടും അനുഭവിക്കുന്നവരെ സഹായിക്കുള്ള മനസ് ശിഷ്യർക്ക് ഉണ്ടാകണമെന്നത് പ്രദീപിന് നിർബന്ധമാണ്. കഴിഞ്ഞ കാലങ്ങളിൽ ആശയറ്റ നിരവധിയാളുകൾക്ക് സഹായവുമായി പ്രദീപും കുട്ടികളും എത്തി. എണ്ണിയാലൊടുങ്ങാത്ത സന്നദ്ധപ്രവർത്തനങ്ങൾ ഇവർ ഏറ്റെടുത്തു. ഏറ്റവുമൊടുവിൽ ക്ലാസിൽ വന്നുകൊണ്ടിരുന്ന സുജിത്ത് എന്ന ചെറുപ്പക്കാരന്‍റെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി രണ്ടുലക്ഷം രൂപ നൽകി സഹായിച്ചു. കൊല്ലം ജില്ലയിലെ വിവിധ സ്കൂളുകളിലെ കുട്ടികൾക്കും ബുക്കും ബാഗും ഉൾപ്പടെയുള്ള തുടങ്ങി ആവശ്യമായ എല്ല പഠനോപകരണങ്ങളും വാങ്ങിനൽകി. മെയ് 15ന് മുമ്പ് സ്കൂളുകളിൽ പോയി അർഹരായ കുട്ടികളുടെ ലിസ്റ്റ് എടുത്തു. ടീച്ചർമാരാണ് പാവപ്പെട്ട വീടുകളിലെ കുട്ടികളുടെ ലിസ്റ്റ് നൽകിയത്. ഓരോ സ്കൂളിൽനിന്ന് 35 വീതം കുട്ടികളുണ്ടായിരുന്നു. ഈ കുട്ടികൾക്ക് ബാഗും ബുക്കും മറ്റും മെയ് 15ന് നൽകി. തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ വീടുകളിൽ ബാഗ് എത്തിച്ചു. മറ്റെല്ലാം കുട്ടികൾക്കും സ്കൂൾ തുറന്ന ദിവസം ബുക്കും പെൻസിലും നൽകി.

  അഞ്ചാലുംമ്മൂട് വൃദ്ധസദനം, കരീപ്ര വൃദ്ധസദനം, ചാത്തന്നൂർ അനാഥാലയം എന്നിവിടങ്ങളിൽ ഇക്കഴിഞ്ഞ ഏപ്രിലിൽ വിഷുദിനത്തിൽ എല്ലാവർക്കും കൈനീട്ടവും വിഷുക്കോടികോടിയുമായി ഉദ്യോഗാർഥികളെത്തി. കൂടാതെ അന്നത്തെ ഭക്ഷണവും അവിടെ നൽകി. ഗാനമേള ട്രൂപ്പുകളിൽ പോകുന്ന ഇവിടുത്തെ വിദ്യാർഥികൾ അവിടുത്തെ അന്തേവാസികൾക്കുവേണ്ടി അവർ ആവശ്യപ്പെട്ട പാട്ടുകൾ പാടിനൽകി. കൂടാതെ തെരുവോരങ്ങളിലെ ലോട്ടറി കച്ചവടക്കാർക്കും പെട്ടിക്കടക്കാർക്കും മെഴുകുതിരി കച്ചവടക്കാർക്കും കുട്ടികളറിയുന്ന സമൂഹത്തിലെ പാവപ്പെട്ടവർക്കും വിഷുക്കോടി നൽകി. വൃക്ക മാറ്റിവെക്കലിന് വിധേയനായ കടവൂരിലെ ഒരു രോഗിക്ക് 40000 രൂപ നൽകി. കൊല്ലം മിയ്യണ്ണൂരിലുള്ള കുട്ടികളുടെ സ്നേഹാലയത്തിൽ സ്ഥിരമായി ആവശ്യമുള്ള സഹായങ്ങൾ ചെയ്തുകൊടുക്കുന്നു.

  ഇനി സന്നദ്ധപ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സംഘടിപ്പിക്കുന്നത് ഇങ്ങനെ. രണ്ടിലധികം ദിവസം ആബ്സന്‍റാകാൻ പാടില്ലെന്നതാണ് പ്രദീപിന്‍റെ കർശനനിർദ്ദേശം. അബ്സന്‍റായാൽ ബുക്കോ പേനയോ പെൻസിലോ വാങ്ങിനൽകണം. ഇങ്ങനെ ശേഖരിക്കുന്നു സാമഗ്രികളാണ് പാവപ്പെട്ട കുട്ടികളെ സഹായിക്കാനായി നൽകുന്നത്. നെടുമ്പനയിലെ ക്യാൻസർ രോഗിയായ ഹെന എന്ന കുട്ടിക്കു 25000 രൂപയും കരീപ്രയിലെ ഒരു ക്യാൻസർ രോഗിക്ക് 20000 രൂപ നൽകുകയും പട്ടത്താനത്ത് നഴ്സിങ് ഫീസ് അടയ്ക്കാൻ ബുദ്ധിമുട്ടായ കുട്ടിയുടെ ഫീസ് അടയ്ക്കുകയും ചെയ്തു. വീടുപണി പൂർത്തിയാക്കാൻ ബുദ്ധിമുട്ടിയ ഒരു കുട്ടിയുടെ രക്ഷിതാവിന് ഒരുലക്ഷം രൂപ സ്വരൂപിച്ചുനൽകി. ഇവിടെ പഠിച്ച് ജോലി കിട്ടിയ 372 പേരുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളുണ്ട്. വലിയ തുക ആവശ്യമായി വരുമ്പോൾ അവരും ഈ കാരുണ്യപ്രവർത്തനങ്ങളിൽ സഹകരിക്കും. കൂടാതെ ക്ലാസിലെത്തുന്ന എല്ലാ കുട്ടികളും രക്തദാനത്തിന് സദാ സജ്ജരാണ്. നേത്രദാനം, അവയവദാനം എന്നിവയുടെ ഫോമുകൾ പൂരിപ്പിച്ചുനൽകുകയുംചെയ്യാറുണ്ട്. കൊല്ലം ബീച്ചും പരിസരവും വൃത്തിയാക്കുന്ന പരിപാടിയാണ് പുതിയതായി ആലോചിക്കുന്നത്. കൂടാതെ ഓണത്തിന് പാവപ്പെട്ട കുടുംബങ്ങൾക്ക് പത്ത് കിലോ അരി വീതം നൽകാനുള്ള പരിപാടി ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദീപും കുട്ടികളും.

  ദുരിതാശ്വാസവുമായി പ്രളയബാധിത മേഖലകളിലും

  കേരളത്തെ മുക്കിയ പ്രളയത്തിലും രക്ഷാപ്രവർത്തകരായി പ്രദീപും കുട്ടികളും ഉണ്ടായിരുന്നു. ആറുദിവസത്തോളം ആലപ്പുഴയിലെ പ്രളയമേഖകളിൽ രക്ഷാപ്രവർത്തകരായി അവർ ഉണ്ടായിരുന്നു. പ്രളയബാധിതരെ സഹായിക്കാനായി മൂന്നരലക്ഷം രൂപ ഇവർ നൽകി. ഇരുന്നൂറ്റിഅമ്പതോളം പേരാണ് ചെങ്ങന്നൂരിലും വൈക്കത്തും കൊല്ലം ജില്ലയിലെ ദുരിതാശ്വാസക്യാംപുകളിലും സന്നദ്ധസേവനവുമായി എത്തിയത്. പ്രളയത്തിൽ ഇവർ നൽകിയ സേവനത്തിന് ചടയമംഗലം ജഡായുപാറയിൽ നടന്ന ചടങ്ങിൽവെച്ച് കളക്ടർ പ്രശസ്തിപത്രം നൽകി ആദരിച്ചു.

  സമൂഹത്തിന്‍റെ ആദരമേറ്റുവാങ്ങി

  വിവിധ രാഷ്ട്രീയപാർട്ടികൾ സാമൂഹ്യസംഘടനകൾ, ക്ലബുകൾ, ലൈബ്രറികൾ തുടങ്ങിയവയൊക്കെ പ്രദീപിനെ ആദരിച്ചിട്ടുണ്ട്. കൂടാതെ കെ.എസ്.ഇ.ബിയിലെ ഉന്നതഉദ്യോഗസ്ഥരും സഹപ്രവർത്തകരും എല്ലാ പിന്തുണയും നൽകി പ്രദീപിന് ഒപ്പമുണ്ട്.

  Read Also- അഖിലിന്റെ റാങ്ക് നേട്ടം; പൂവണിഞ്ഞത് അശോകന്റെ സ്വപ്നങ്ങൾ

  പി.എസ്.സിക്കെതിരായ ആരോപണങ്ങൾ...

  യൂണിവേഴ്സിറ്റി കോളേജ് വിവാദവുമായി ബന്ധപ്പെട്ടുള്ള പി.എസ്.എസിക്കെതിരായ ആരോപണങ്ങൾ പ്രദീപ് വിശ്വസിക്കുന്നില്ല. ഇപ്പോഴത്തെ വിവാദങ്ങളിൽ പി.എസ്.സിക്ക് ഒരു ബന്ധവുമുണ്ടാകില്ല. അതൊരു ഭരണഘടനാ സ്ഥാപനമാണ്. അതിന്‍റെ വിശ്വാസ്യതയ്ക്ക് പോറലേൽപ്പിക്കുന്ന തരത്തിലുള്ള പ്രചാരണം ശരിയല്ല. മുൻകാലങ്ങളിൽ പി.എസ്.സി പരീക്ഷയ്ക്കുള്ള ക്വസ്റ്റ്യൻ തലേദിവസം കേന്ദ്രങ്ങളിലെത്തുമായിരുന്നു. അന്ന് തട്ടിപ്പ് നടക്കാനുള്ള സാധ്യത കൂടുതലായിരുന്നു. എന്നാൽ ഇന്ന് രണ്ട് മണിക്കൂർ മുമ്പ് മാത്രമാണ് ക്വസ്റ്റ്യൻ എത്തുന്നത്. അതുകൊണ്ടുതന്നെ ഒരു തിരിമറിക്കുള്ള സാധ്യതയില്ല. ഇത്രയുംകാലത്തെ അനുഭവസമ്പത്ത് വെച്ച് പി.എസ്.സിയെ കുറ്റം പറയില്ല. വർക്ക് ചെയ്താൽ കിട്ടാത്തതായ ജോലിയൊന്നുമില്ലല്ലോ.

  പാവപ്പെട്ട കുടുംബങ്ങളുടെ കണ്ണീരൊപ്പി മുന്നോട്ട്...

  വളരെ പാവപ്പെട്ട വീട്ടുകളിൽനിന്നുള്ള കുട്ടികളാണ് ഇവിടെ വന്ന് ചേരുന്നത്. ജോലി കിട്ടിക്കഴിയുമ്പോൾ അവരുടെ ജീവിതസാഹചര്യമാകെ മാറുന്നു. നല്ല നിലയിൽ വിവാഹം കഴിക്കാനും ജീവിതം മുന്നോട്ടുകൊണ്ടുപോകാനും അവർക്ക് സാധിക്കുന്നത് കാണുമ്പോൾ വളരെയധികം സന്തോഷം തോന്നാറുണ്ടെന്ന് പ്രദീപ് പറയുന്നു. ജോലി കിട്ടുന്നതോടെ ആ വീടുകളിലെ അമ്മമാരുടെ ദുരിതത്തിനും കഷ്ടപ്പാടിനും അറുതിയാകുന്നു. നിറഞ്ഞ സന്തോഷ കണ്ണുനീരാണ് പല വീടുകളിൽ എത്തുമ്പോൾ അമ്മമാരിൽ കാണുന്നത്. അതാണ് വലിയ സന്തോഷം. കുട്ടികളെ പഠിപ്പിച്ച് വളർത്താനുള്ള ഒരമ്മയുടെ കഷ്ടപ്പാട് നേരിട്ട് അറിഞ്ഞവനാണ് ഞാൻ. ഈ ക്ലാസ് നടത്തുന്നത് മറ്റൊന്നും മോഹിച്ചിട്ടല്ല, അങ്ങനെ മോഹിച്ചിരുന്നെങ്കിൽ ഞാൻ ഇന്ന് കോടിപതിയായേനെ. ഒരു രൂപ പോലും ഞാൻ അതിൽനിന്ന് സമ്പാദിച്ചിട്ടില്ല. എന്‍റെ വീട് പോലും ഞാൻ ലോണെടുത്താണ് വെച്ചിരിക്കുന്നത്. ആരോഗ്യവും ആഗ്രഹങ്ങളുമൊക്കെ മാറ്റിവെച്ച് ചെയ്യാൻ സാധിക്കുന്നത് സമൂഹത്തിന് ചെയ്യുകയാണ്. ഈശ്വരൻ എന്നിൽ അർപ്പിക്കപ്പെട്ട കടമയാകാം, അത് പൂർണ സന്തോഷത്തോടെ നിറവേറ്റിക്കൊണ്ടിരിക്കുന്നു. ഇനിയും തുടരും. ഒരുപാട് ജീവിതങ്ങൾക്ക് നിറംപകരാൻ സാധിച്ചു. ആ കുടുംബങ്ങളുടെ പ്രാർഥനയും സന്തോഷവും സ്നേഹവുമാണ് ഞാൻ മറ്റെന്തിനേക്കാളും വില മതിക്കുന്നത്- പ്രദീപ് പറഞ്ഞു.

  Read Also- ഇക്കാലത്ത് മലയാളം മീഡിയത്തിൽ പഠിച്ചാൽ രക്ഷപെടുമോ? തേജസ്വിനി പറയുന്നു

  വിജയത്തിന്‍റെ പുതിയ പന്ഥാവുകൾ വെട്ടിത്തെളിച്ചുള്ള പ്രദീപിന്‍റെയും കുട്ടികളുടെയും യാത്ര മുന്നോട്ടുപോകുകയാണ്...
  First published: