• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഇക്കാലത്ത് മലയാളം മീഡിയത്തിൽ പഠിച്ചാൽ രക്ഷപെടുമോ? തേജസ്വിനി പറയുന്നു

ഇക്കാലത്ത് മലയാളം മീഡിയത്തിൽ പഠിച്ചാൽ രക്ഷപെടുമോ? തേജസ്വിനി പറയുന്നു

സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന ലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് മാർഗദീപമാവേണ്ടതാണ് തേജസ്വിനിയുടെ നേട്ടം

തേജസ്വിനി

തേജസ്വിനി

 • News18
 • Last Updated :
 • Share this:
  രാജേഷ് വെമ്പായം 

  മലയാളം മീഡിയത്തിൽ കുട്ടികളെ ചേർക്കാൻ വിമുഖത കാട്ടുന്ന രക്ഷിതാക്കൾ അറിയുക, തേജസ്വിനി എന്ന മിടുക്കി സ്വന്തമാക്കിയ നേട്ടത്തിന്റെ കഥ. തിരുവനന്തപുരം ജില്ലയിലെ
  ചിറയിൻകീഴിൽ ശാർക്കര എന്ന ഗ്രാമത്തിൽ‌ ജനിച്ച്, പ്രൈമറി ക്ലാസ് മുതൽ സർക്കാർ സ്കൂളിലെ മലയാളം മീഡിയത്തിൽ പഠിച്ച്, പാരീസ് യൂണിവേഴ്സിറ്റിയിൽ ഫെല്ലോഷിപ്പോടെ
  പിഎച്ച്ഡിക്ക് പ്രവേശനം നേടിയതിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ വാര്‍ത്തകളിൽ ഇടംനേടിയ പെൺകുട്ടി. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രചോദനമാണ് ഈ
  പെൺകുട്ടിയെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് തന്നെ സാക്ഷ്യപ്പെടുത്തി. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന ലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് മാർഗദീപമാവേണ്ടതാണ്
  തേജസ്വിനിയുടെ നേട്ടം.

  മലയാളം മീഡിയം അച്ഛന്റെ നിർബന്ധത്താൽ

  ചിറയിൻകീഴ് ശാർക്കരയിൽ ഭാസുരത്തിൽ‌ ബി സുശോഭനന്റെയും ലാലി ശ്യാമിന്റെയും മകളാണ് തേജസ്വിനി. പ്രീപ്രൈമറി മുതൽ ഏഴാംക്ലാസുവരെ പഠനം ചിറയിൻകീഴ് ഗവ. യുപി സ്കൂളിൽ. എട്ടുമുതൽ പത്ത് വരെ ചിറയിൻകീഴ് എസ്എസ് വിജി എച്ച്എസിൽ. പ്ലസ് ടു ആറ്റിങ്ങൽ ഗവ. മോഡൽ എച്ച്എസ്എസിലും. എല്ലായിടത്തും മലയാളം മീഡിയത്തിലായിരുന്നു പഠനം. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ എതിർത്തിട്ടും മക്കൾ മലയാളം മീഡിയത്തിൽ പഠിച്ചാൽ‌ മതിയെന്ന് അച്ഛൻ സുശോഭനൻ വാശിപിടിച്ചു. മലയാളത്തിൽ പഠിപ്പിച്ച് മക്കളുടെ ഭാവി നശിപ്പിക്കരുതെന്ന് പലരും ഉപദേശിച്ചപ്പോഴും കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ മാനേജരായ സുശോഭനൻ തീരുമാനത്തിൽ ഉറച്ചുനിന്നു.  മികവും യോഗ്യതകളുമുള്ള അധ്യാപകർ സർക്കാർ സ്കൂളുകളിലാണുള്ളതെന്ന ബോധ്യമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ആ വിശ്വാസം തീർത്തും ശരിയാണെന്ന് തെളിഞ്ഞു. തേജസ്വിനി മാത്രമല്ല, ചേട്ടൻ അഭിമന്യുവും മലയാളം മാധ്യമത്തിൽ പഠിച്ച് മികച്ച വിജയം നേടി.  'ഐസറിൽ' നിന്ന് പാരീസ് യൂണിവേഴ്സിറ്റിയിലേക്ക്

  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ‌് സയൻസ‌് എജ്യുക്കേഷൻ ആൻഡ‌് റിസർച്ച‌ിൽനിന്ന‌് (ഐസർ) ബിഎസ‌്എംഎസ‌് കോഴ‌്സ‌് ജൂണിലാണ് തേജസ്വിനി പാസായത്. പാരീസ് സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യാൻ താൽപര്യമുണ്ടെന്ന് കാട്ടി, അവിടെയുള്ള പ്രൊഫസർക്ക് തേജസ്വിനി മെയിൽ അയച്ചു. ആദ്യം സ്കൈപ്പ് വഴി ഇന്റർവ്യൂ നടത്തി. പ്രോജക്ട് നിർദേശം സമർപ്പിക്കാൻ പറഞ്ഞു. തേജസ്വിനി സമർപ്പിച്ച പ്രോജക്ട് തെരഞ്ഞെടുത്തു. പിന്നാലെ പാരീസിലേക്ക് ക്ഷണമെത്തി. അവിടെ 25 ശാസ്ത്രജ്ഞരടങ്ങിയ പാനൽ തേജസ്വിനിയെ ഇന്റർവ്യൂ ചെയ്തു. പത്ത് മിനിറ്റ് പ്രസന്റേഷനും പിന്നീട് ചോദ്യങ്ങളുമായിരുന്നു. രണ്ടുദിവസം കഴിഞ്ഞു സെലക്ട് ചെയ്തതായുള്ള അറിയിപ്പ് ഇ-മെയിലിൽ ലഭിച്ചു. യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ന്യൂറോ സയൻസിലാണ‌് പിഎച്ച്ഡിയ്ക്ക് ഫെല്ലോഷിപ്പ് ലഭിച്ചത‌്. ഒക‌്ടോബറിൽ ഗവേഷണം ആരംഭിക്കും. മൂന്നുവർഷം നീളുന്ന ഗവേഷണ കാലയളവിൽ പ്രതിമാസം ഒന്നര ലക്ഷം ഇന്ത്യൻ രൂപ ഫെല്ലോഷിപ്പായി ലഭിക്കും. ഫെല്ലോഷിപ്പിന് വേണ്ടി പാരീസ് യൂണിവേഴ്സിറ്റി സെലക്ട് ചെയ്ത ഒൻപതുപേരിൽ ഒരാളാണ് തേജസ്വിനി.

  ഇഷ്ടം അധ്യാപികയാകാൻ

  പിഎച്ച്ഡി കഴിഞ്ഞ് ഇതേ മേഖലയിൽ തന്നെ കൂടുതൽ ആഴത്തിലുള്ള പഠനമാണ് തേജസ്വിനിയുടെ ലക്ഷ്യം. അതിനുശേഷം കോളജിലോ സ്കൂളിലോ അധ്യാപികയാകണമെന്നാണ് ആഗ്രഹം. സ്കൂളിൽ കണക്ക് പഠിപ്പിച്ച പ്രിയ ടീച്ചറാണ് തേജസ്വിനിയുടെ പ്രചോദനം. ഇന്നും തിരിഞ്ഞുനോക്കുമ്പോൾ ഏറ്റവും ഇഷ്ടമുള്ള അധ്യാപികയാണ് അവർ. പഠനത്തിന് പുറമെ സ്കൂൾതലം മുതൽ കുച്ചിപ്പുടിയും ഭരതനാട്യവും പഠിച്ചു. സ്വന്തമായി നാടകങ്ങൾ എഴുതി, സംവിധാനം ചെയ്തു. സ്കൂളുകളിൽ നാടകം അവതരിപ്പിച്ചു. നാടകവുമായി ജില്ലാതല സ്കൂൾ കലോത്സവങ്ങളിലും എത്തി. മനസ്സിൽ തോന്നുന്നത് കുത്തിക്കുറിക്കുന്നതാണ് മറ്റൊരു വിനോദം. അതും മലയാളത്തിൽ. കോളജിലൊക്കെ എത്തിയതോടെ നാടകം കൈയിൽ നിന്ന് പോയെന്ന് തേജസ്വിനി പറയുന്നു. പക്ഷേ കോളജിലെ നൃത്തപരിപാടികളിൽ സജീവമായിരുന്നു.  മലയാളം മീഡിയക്കാരോട് പറയാനുള്ളത്

  ''മലയാളം മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്ക് അതിന്റേതായ നേട്ടമുണ്ട്. ഏറ്റവും മികച്ച പരിശീലനം നേടിയവരാണ് അവിടെ നിങ്ങളെ നയിക്കുന്നത്. മലയാളം മീഡിയത്തിൽ പഠിച്ചുവരുന്നവരിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന ഒത്തിരിപ്പേരുണ്ട്. ഭാഷ പഠനത്തിനുള്ള ഒരു മീഡിയം മാത്രമാണ്. ആദ്യമൊക്കെ ഇംഗ്ലീഷിലേക്ക് മാറുമ്പോൾ ചെറിയ ബുദ്ധിമുട്ട് തോന്നുമായിരിക്കും. മലയാളവുമായി താരതമ്യം ചെയ്യുമ്പോൾ പഠിച്ചെടുക്കാൻ എളുപ്പമുള്ള ഭാഷയാണ് ഇംഗ്ലീഷ്. ആദ്യമൊക്കെ നല്ല പേടിയായിരുന്നു. പക്ഷേ പിന്നീട് അതുമാറി. സ്കൂൾ പഠനകാലത്ത് ആദ്യ റാങ്കുകാരിയൊന്നുമായിരുന്നില്ല. പക്ഷേ, കണക്കിന് നല്ല മാർക്ക് വാങ്ങുമായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ കണക്കായിരുന്നു പ്രിയ വിഷയം. ഐസറിലെത്തിയപ്പോൾ ഇതുമാറി, ഇഷ്ടം ബയോളജിയോടായി. കുത്തിയിരുന്ന് വായിക്കുന്നതിനെക്കാൾ എക്സ്പിരിമെന്റുകൾ നടത്തുന്നതിനോടാണ് താൽപര്യം. കെമിസ്ട്രിയും ഇഷ്ടവിഷ‌യം''

  തേജസ്വിനിയുടെ സഹോദരൻ അഭിമന്യുവും പൊതുവിദ്യാലയങ്ങളിൽ മലയാളം മീഡിയത്തിൽ  പഠിച്ച‌ാണ‌് ഉന്നത വിദ്യാഭ്യാസം നേടിയത‌്. വലിയമല ഐഐഎസ‌്ടിയിൽ പഠിച്ച അഭിമന്യു ഐഎസ‌്ആർഒയിൽ മൂന്ന‌് വർഷം സയന്റിസ്റ്റായിരുന്നു. ഇപ്പോൾ മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ‌് ഫണ്ടമെന്റൽ റിസർച്ചിൽ ആസ‌്ട്രോ ഫിസിക‌്സിൽ ഗവേഷണം ചെയ്യുകയാണ‌്.  First published: