35 വയസ്സിൽ താഴെയാണോ പ്രായം? ജിമ്മിൽ പോകുമ്പോൾ അപകടം പറ്റാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്
- Published by:meera_57
- news18-malayalam
Last Updated:
അസ്ഥിരോഗ വിദഗ്ദ്ധരുടെ നിരീക്ഷണങ്ങൾ പ്രകാരം പേശികൾ, ലിഗമെന്റുകൾ, സന്ധികൾ എന്നിവയ്ക്കുണ്ടാകുന്ന പരിക്കുകളിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്
പുതുവർഷം അടുത്തെത്തുന്നതോടെ, ജിമ്മുകളിലേക്ക് എത്തുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. ഇന്ത്യയിലുടനീളം ഫിറ്റ്‌നസ് സംസ്‌കാരം വലിയ രീതിയിൽ പ്രചാരം നേടിക്കൊണ്ടിരിക്കുമ്പോൾ തന്നെ, ആശങ്കാജനകമായ മറ്റൊരു പ്രവണതയെക്കുറിച്ച് കൂടി അസ്ഥിരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ജിം സംബന്ധമായ പരിക്കുകളിൽ വലിയ വർധനവുണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ. അമിതമായ വ്യായാമം മൂലമോ അല്ലെങ്കിൽ തെറ്റായ രീതിയിൽ വ്യായാമം ചെയ്യുന്നത് മൂലമോ ഉണ്ടാകുന്ന പേശീ-അസ്ഥി സംബന്ധമായ പരിക്കുകൾക്ക് ചികിത്സ തേടിയെത്തുന്ന യുവ പ്രൊഫഷണലുകളുടെയും വിദ്യാർത്ഥികളുടെയും എണ്ണം രാജ്യത്തെ ആശുപത്രികളിൽ വർദ്ധിച്ചുവരികയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അസ്ഥിരോഗ വിദഗ്ദ്ധരുടെ നിരീക്ഷണങ്ങൾ പ്രകാരം പേശികൾ, ലിഗമെന്റുകൾ, സന്ധികൾ എന്നിവയ്ക്കുണ്ടാകുന്ന പരിക്കുകളിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ശ്രദ്ധേയമായ കാര്യം, ഇത്തരം കേസുകളിൽ ഉൾപ്പെടുന്ന ഭൂരിഭാഗവും 35 വയസ്സിൽ താഴെയുള്ളവരാണ് എന്നതാണ്. ശരീരത്തിന്റെ ശേഷി പരിഗണിക്കാതെ കഠിനമായ വ്യായാമമുറകൾ ചെയ്യുന്നത്, വ്യായാമം ചെയ്യുമ്പോൾ പാലിക്കേണ്ട കൃത്യമായ ചലന രീതികളിലും ശരീരപ്രകൃതിയിലും വരുന്ന പിഴവുകൾ, ട്രെയിനറുടെ സഹായമില്ലാതെ സ്വന്തം നിലയിൽ കഠിനമായ വർക്കൗട്ടുകൾ പരീക്ഷിക്കുന്നത്, വ്യായാമത്തിന് ശേഷം പേശികൾക്ക് ആവശ്യമായ വിശ്രമം നൽകാത്തത് തുടങ്ങിയവയാണ് ഇതിന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണങ്ങൾ. പണ്ട് പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന തരത്തിലുള്ള സന്ധിവേദനകളും പേശീ പരിക്കുകളും ഇന്ന് യുവാക്കളിൽ വ്യാപകമാകുന്നത് ആരോഗ്യരംഗത്ത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
advertisement
മാക്‌സ് ഹോസ്പിറ്റലിലെ റോബോട്ടിക്‌സ് ആൻഡ് ഓർത്തോപീഡിക്‌സ് സീനിയർ ഡയറക്ടറായ ഡോ. സൈമൺ തോമസ് വ്യക്തമാക്കുന്നത് ഇന്ത്യൻ യുവാക്കൾക്കിടയിൽ ജിം സംബന്ധമായ പരിക്കുകൾ ഗണ്യമായി വർദ്ധിക്കുന്നതായാണ്. അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്ന രോഗികളിൽ പകുതിയോളം പേരും 35 വയസ്സിൽ താഴെയുള്ളവരാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ജിം സംബന്ധമായ അസ്ഥി-പേശീ പരിക്കുകളിൽ 25 മുതൽ 30 ശതമാനം വരെ വർദ്ധനവ് 2025-ൽ ഉണ്ടായിട്ടുണ്ടന്നാണ് പാരാസ് ഹെൽത്തിലെ ഓർത്തോപീഡിക്‌സ് സീനിയർ ഡയറക്ടർ ഡോ. വിവേക് ലോഗാനി പറയുന്നത്
advertisement
എന്നാൽ ഇത്തരം പരിക്കുകളെല്ലാം തന്നെ മുൻകൂട്ടി തടയാൻ സാധിക്കുമെന്നതാണ് ആശ്വാസകരമായ വസ്‌തുത. വ്യായാമത്തിൽ വേഗത കുറയ്ക്കുക, ശരിയായ രീതികൾ ശ്രദ്ധിക്കുക, ശരീരത്തിന് ആവശ്യമായ വിശ്രമം നൽകുക, വിദഗ്ദ്ധരുടെ മേൽനോട്ടം ഉറപ്പാക്കുക എന്നിവയിലൂടെ സുരക്ഷിതമായി ഫിറ്റ്‌നസ് നിലനിർത്താം. ഫിറ്റ്‌നസ് എന്നത് ജീവിതകാലം മുഴുവൻ നിങ്ങളെ പിന്തുണയ്ക്കാനുള്ളതാകണം, മറിച്ച് യൗവനത്തിൽ തന്നെ ശരീരത്തെ തകർക്കുന്നതാകരുത്. ഫിറ്റ്‌നസ് എന്നത് കുറച്ചു ദിവസത്തെ കഠിനാധ്വാനമല്ല, മറിച്ച് ജീവിതകാലം മുഴുവൻ കൊണ്ടുപോകേണ്ട ഒരു ശൈലിയാണ്. ദീർഘകാലം അസ്ഥികളുടെയും പേശികളുടെയും ആരോഗ്യം നിലനിർത്താൻ സുരക്ഷിതമായ പരിശീലന രീതികൾ പിന്തുടരണമെന്ന് അസ്ഥിരോഗ വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Dec 27, 2025 3:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
35 വയസ്സിൽ താഴെയാണോ പ്രായം? ജിമ്മിൽ പോകുമ്പോൾ അപകടം പറ്റാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്





