• HOME
  • »
  • NEWS
  • »
  • life
  • »
  • Teachers' Day | ദേശീയ അദ്ധ്യാപക ദിനവും ലോക അദ്ധ്യാപക ദിനവും വ്യത്യസ്ത ദിവസങ്ങളിൽ; കാരണമറിയാം

Teachers' Day | ദേശീയ അദ്ധ്യാപക ദിനവും ലോക അദ്ധ്യാപക ദിനവും വ്യത്യസ്ത ദിവസങ്ങളിൽ; കാരണമറിയാം

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായ ഡോ. എസ് രാധാകൃഷ്ണനുമായി ഈ ദിവസത്തിന് ബന്ധമുണ്ട്. ഡോ.സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയിൽ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്

  • Last Updated :
  • Share this:
    ഇന്ന് (സെപ്റ്റംബർ 5) ഇന്ത്യയിൽ അദ്ധ്യാപക ദിനമായി (Teachers' Day) ആചരിക്കുകയാണ്. എന്നാൽ ഒക്‌ടോബർ 5-നാണ് അന്താരാഷ്‌ട്ര അധ്യാപക ദിനം. അധ്യാപകരോടുള്ള ബഹുമാന സൂചകമായാണ് ഒക്ടോബർ 5 അന്താരാഷ്‌ട്ര അധ്യാപക ദിനമായി പ്രഖ്യാപിച്ചത്. എന്നാൽ എന്തുകൊണ്ടാണ് ഇന്ത്യയിൽ മാത്രം സെപ്റ്റംബർ 5 ന് അധ്യാപക ദിനമായി ആചരിക്കുന്നത്? അതേക്കുറിച്ച് കൂടുതലറിയാം.

    സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായ ഡോ. എസ് രാധാകൃഷ്ണനുമായി ഈ ദിവസത്തിന് ബന്ധമുണ്ട്. ഡോ.സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയിൽ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്. പ്രശസ്ത പണ്ഡിതനും തത്ത്വചിന്തകനും ഭാരതരത്‌ന ജേതാവും കൂടിയായ ഡോ. എസ്. രാധാകൃഷ്ണൻ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമാണ്. 1888 സെപ്റ്റംബർ 5 നാണ് അദ്ദേഹം ജനിച്ചത്.

    ചെന്നൈ പ്രസിഡൻസി കോളേജിലും കൽക്കട്ട യൂണിവേഴ്‌സിറ്റിയിലും ഉൾപ്പെടെ വിവിധ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും പ്രൊഫസറായി
    ഡോ എസ്. രാധാകൃഷ്ണൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് യൂണിവേഴ്സിറ്റി, ഡൽഹി യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി എന്നിവയുടെ വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചു. 1909 ഏപ്രിലിൽ അദ്ദേഹത്തിന് മദ്രാസ് പ്രസിഡൻസി കോളേജിലെ ഫിലോസഫി വിഭാഗത്തിൽ നിയമനം ലഭിച്ചു. 1918-ൽ മൈസൂർ മഹാരാജാസ് കോളേജിലുമെത്തി.

    പൗരസ്ത്യ മതങ്ങളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും പഠിപ്പിക്കുന്നതിനായി 1936-ൽ അദ്ദേഹത്തിന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ക്ഷണം ലഭിച്ചു. ആ ക്ഷണം സ്വീകരിച്ച അദ്ദേഹം രാഷ്ട്രീയജീവിതത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപ് ഏതാനും വർഷം അവിടെ പഠിപ്പിക്കുകയും ചെയ്തു. 1939-ൽ ഡോ രാധാകൃഷ്ണൻ ബ്രിട്ടീഷ് അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1946 മുതൽ 1952 വരെ യുനെസ്കോയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പ്രവർത്തിച്ചു. 1949 മുതൽ 1952 വരെ സോവിയറ്റ് യൂണിയനിലെ ഇന്ത്യൻ അംബാസഡറായും അദ്ദേഹം സേവമനുഷ്ഠിച്ചു. 1952-ൽ ഡോ എസ്. രാധാകൃഷ്ണൻ ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയായി നിയമിതനായി. 1962-ൽ അദ്ദേഹം ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി.

    1962-ൽ, രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം, അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് വിദ്യാർത്ഥികളിൽ‍ ചിലർ അദ്ദേഹത്തെ സമീപിച്ചു. ‌ അതിനനുവദിക്കുന്നതിനു പകരം ഈ ദിവസം അധ്യാപക ദിനമായി ആചരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ''എന്റെ ജന്മദിനം ആഘോഷിക്കുന്നതിനു പകരം സെപ്തംബർ 5 അധ്യാപക ദിനമായി ആചരിക്കുകയാണെങ്കിൽ അത് എനിക്ക് അഭിമാനകരമായ നേട്ടമായിരിക്കും'', എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

    ആഗോളതലത്തിൽ ഒക്ടോബർ 5-ന് അധ്യാപകദിനം ആഘോഷിക്കുമ്പോൾ, ഇന്ത്യയിൽ 1962 മുതൽ സെപ്റ്റംബർ 5-നാണ് ഈ ദിവസം ആചരിക്കുന്നത്. 1966-ലെ ഒക്ടോബർ 5-നാണ് അദ്ധ്യാപകരുടെ പ്രധാന്യത്തെക്കുറിച്ചും അവരെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള യുനെസ്കോയുടെ ശുപാർശ പ്രത്യക കമ്മിറ്റി അംഗീകരിച്ചത്. അങ്ങനെ അന്താരാഷ്ട്ര തലത്തിൽ തന്നെ അധ്യാപകരെ പ്രത്യേകമായി ആദരിക്കുന്നതിനുള്ള ദിവസമായി ഒക്ടോബർ 5 തിരഞ്ഞെടുക്കുകയായിരുന്നു.
    Published by:Anuraj GR
    First published: