22 വര്‍ഷമായി മേക്കപ്പിട്ട ശേഷം നന്നായി കഴുകിയില്ല; യുവതിയുടെ മുഖം ചുവന്നുവീർത്തു
- Published by:meera_57
- news18-malayalam
Last Updated:
ആയിരകണക്കിന് ഉറുമ്പുകള്‍ മുഖത്ത് ഇഴയുന്നതു പോലെയാണ് തോന്നുന്നതെന്നും യുവതി
മേക്കപ്പിടാതെ പുറത്തിറങ്ങുന്ന സ്ത്രീകള്‍ പൊതുവേ കുറവാണ്. വെയിലിനെയും വെള്ളത്തെയുമൊക്കെ പ്രതിരോധിക്കുന്ന പലവിധത്തിലുള്ള മേക്കപ്പ് ഉത്പന്നങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇവ കൃത്യമായി ഉപയോഗിച്ചില്ലെങ്കിലും അമിതമായി ഉപയോഗിച്ചാലും പ്രശ്‌നമാണ്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ചൈനയില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു കാലത്ത് സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഭ്രമം പിടിച്ചിരുന്ന 37-കാരിയുടെ ദുരനുഭവമാണ് ഒരു മുന്നറിയിപ്പായി മാറിയിരിക്കുന്നത്. ജിലിന്‍ പ്രവിശ്യയില്‍ നിന്നുള്ള യുവതി 22 വര്‍ഷമായി പതിവായി മേക്കപ്പ് ഉപയോഗിച്ചിരുന്നുവെന്നും മുഖം നന്നായി കഴുകിയിരുന്നില്ലെന്നും പറയുന്നു. ഇത് ചര്‍മ്മത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
ട്വിറ്ററിന് സമാനമായ ചൈനയിലെ വെയ്‌ബോ പ്ലാറ്റ്‌ഫോമിലൂടെയാണ് ഗാവോ എന്ന യുവതി തന്റെ അനുഭവം പങ്കുവെച്ചത്. മേക്കപ്പ് ശരിയായ രീതിയില്‍ ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് മുഖത്ത് ചെറിയ തടിപ്പും വീക്കവും നിറംമാറ്റവും ഉണ്ടായതായും യുവതി വീഡിയോ പോസ്റ്റിൽ പറയുന്നു. സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് ഈ സംഭവം.
advertisement
അമ്മയുടെ ലിപ്സ്റ്റിക്കിനോടുള്ള ആകര്‍ഷണം, കൗമരക്കാരിയായ തന്നില്‍ സൗന്ദര്യവസ്തുക്കളോടുള്ള ഭ്രമമായി മാറിയെന്ന് ഗാവോ പറയുന്നു. പതിവായി മേക്കപ്പിടുന്നതിനാല്‍, ഒരു ദിവസം ഉപയോഗിച്ചശേഷം പിന്നീടെന്തിനാണ് അത് കഴുകി കളയുന്നതെന്ന് ചിന്തിച്ചിരുന്നതായും അവര്‍ പറയുന്നു. 15-ാം വയസ്സ് മുതല്‍ മേക്കപ്പ് വസ്തുക്കള്‍ അവര്‍ സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്. തലേദിവസത്തെ മേക്കപ്പ് വൃത്തിയായി കഴുകികളയാതെയാണ് അടുത്ത ദിവസം വീണ്ടും അവര്‍ മേക്കപ്പിടുന്നത്. ക്ലെന്‍സര്‍ പോലും ഉപയോഗിക്കാതെ വെള്ളം മാത്രം ഉപയോഗിച്ച് മുഖം തുടക്കുന്നതായിരുന്നു പതിവ്.
എന്നാല്‍ ഇത് അവരെ വലിയൊരു ചര്‍മ്മ പ്രശ്‌നത്തിലേക്ക് നയിച്ചു. അലര്‍ജി കാരണം മുഖം പോലും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലായി. അസഹനീയമായ ചൊറിച്ചില്‍ അനുഭവപ്പെടാന്‍ തുടങ്ങിയതായും ഗാവോ പറയുന്നു. ഈ വര്‍ഷം ആദ്യം മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ആയിരകണക്കിന് ഉറുമ്പുകള്‍ മുഖത്ത് ഇഴയുന്നതു പോലെയാണ് തോന്നുന്നതെന്നും അവര്‍ പറഞ്ഞു.
advertisement
മുഖം ചുളിഞ്ഞ് വികൃതമായിരിക്കുന്നുവെന്നും ഇപ്പോള്‍ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങാറില്ലെന്നും അവര്‍ പറയുന്നു. ആളുകളെയോ സുഹൃത്തുക്കളെയോ കാണുന്നില്ലെന്നും വൈറല്‍ വീഡിയോയില്‍ ഗാവോ പറയുന്നുണ്ട്. അവരുടെ മുഖം ചുവന്ന് വീര്‍ത്തിരിക്കുന്നതും വീഡിയോയില്‍ കാണാം. ഹോര്‍മോണ്‍ ഫേസ് എന്നാണ് അവര്‍ ഈ രോഗാവസ്ഥയെ വിശേഷിപ്പിച്ചിരിക്കുന്നത്. തെറ്റായ രീതിയില്‍ രോഗത്തെ ചികിത്സിച്ചതാണ് മുഖം ഇത്ര വികൃതമാകാനുള്ള കാരണമെന്നും ഗാവോ സമ്മതിക്കുന്നു.
പ്രാരംഭത്തില്‍ തന്നെ ഡെര്‍മറ്റോളജിസ്റ്റിനെ കാണിക്കുന്നതിന് പകരം ഒരു സ്‌കിന്‍കെയര്‍ ക്ലിനിക്കില്‍ പോയി സൗന്ദര്യവര്‍ദ്ധക കുത്തിവെപ്പുകള്‍ എടുക്കുകയാണ് ഗാവോ ചെയ്തത്. എന്നാലിത് മുഖത്തെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കി. വര്‍ഷങ്ങളായി വില കുറഞ്ഞ ലിക്വിഡ് ഫൗണ്ടേഷനുകള്‍ ഉപയോഗിച്ചിരുന്നതായും അവര്‍ പറയുന്നുണ്ട്.
advertisement
ക്ഷമയില്ലാത്തത് തന്റെ അവസ്ഥ ഭീകരമാക്കിയെന്നും എല്ലാ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളും അന്ധമായി പരീക്ഷിക്കരുതെന്നും അവര്‍ വീഡിയോയില്‍ പറയുന്നു. മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് ഗാവോയുടെ അനുഭവം.
യുവതിയുടെ ഈ അനുഭവം വലിയ തോതില്‍ സഹതാപം നേടിയിട്ടുണ്ടെങ്കിലും ഇത് നെറ്റിസണ്‍മാര്‍ക്കും മെഡിക്കല്‍ വിദഗ്ധര്‍ക്കും ഇടയില്‍ വലിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിട്ടുണ്ട്. ഗാവോയുടേത് യഥാര്‍ത്ഥ അനുഭവമാണെന്ന് ചിലര്‍ വിശ്വസിക്കുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ ഇതിനെ ഓണ്‍ലൈനില്‍ ശ്രദ്ധനേടാനുള്ള മാര്‍ഗ്ഗമായി ആരോപിക്കുന്നു. എന്നാല്‍ ഈ വിഷയം നിസ്സാരവല്‍ക്കരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഡെര്‍മറ്റോളജിസ്റ്റുകള്‍ ആവശ്യപ്പെടുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 12, 2025 11:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
22 വര്‍ഷമായി മേക്കപ്പിട്ട ശേഷം നന്നായി കഴുകിയില്ല; യുവതിയുടെ മുഖം ചുവന്നുവീർത്തു