യൂണികോണ്‍ ക്ലബില്‍ അംഗമായ ഇന്ത്യയിലെ ഏക വനിത സംരംഭമായ നൈക (Nykaa)യുടെ സ്ഥാപക ഫല്‍ഗുനി നയ്യാർ (Falguni Nayar) ഇന്ന് ദലാൽ സ്ട്രീറ്റിൽ അരങ്ങേറ്റം കുറിച്ചു. ഇതോടെ നൈക സിഇഒയും സ്ഥാപകനുമായ ഫൽഗുനി നയ്യാറുടെ ആസ്തി പുതിയ ഉയരങ്ങളിലെത്തി. 58-കാരിയായ ഫൽഗുനി ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും ധനികയായ ശതകോടീശ്വരിയാണ്. എഎഫ്പി റിപ്പോര്‍ട്ട് അനുസരിച്ച്, നയ്യാര്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളാണ്. ഈ നേട്ടത്തോടെ, നൈക സ്ഥാപക ഇന്ത്യയിലെ ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയിലെ മറ്റ് ആറ് വനിതാ ശതകോടീശ്വരിന്മാരോടൊപ്പം ചേര്‍ന്നിരിക്കുകയാണ്.
''ഞാന്‍ 50-ാം വയസ്സില്‍ യാതൊരു ബിസിനസ് പരിചയവുമില്ലാതെയാണ് നൈക ആരംഭിച്ചത്. നൈകയുടെ യാത്ര നിങ്ങളെ ഓരോരുത്തരെയും നിങ്ങളുടെ ജീവിതത്തിലെ 'നൈക' ('ശ്രദ്ധിക്കപ്പെടുന്നത്' എന്നര്‍ത്ഥത്തില്‍) ആകാന്‍ പ്രചോദിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,'' നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (NSE) തന്റെ കമ്പനിയുടെ ലിസ്റ്റിങ്ങിന് മുന്നോടിയായി അവര്‍ പറഞ്ഞു. 6.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള നൈകയുടെ പകുതിയോളം ഓഹരികള്‍ ഫാല്‍ഗുനി നയ്യാര്‍ക്ക് സ്വന്തമാണ്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, കമ്പനിയുടെ ഓഹരികള്‍ ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ 89 ശതമാനമായി ഉയര്‍ന്നു.
Also Read- Poco M4 Pro 5G| പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; പ്രത്യേകതകൾ അറിയാം
ദലാല്‍ സ്ട്രീറ്റില്‍ നൈക ഓഹരികള്‍ ഇന്ന് മികച്ച അരങ്ങേറ്റമാണ് നടത്തിയത്. ബിഎസ്ഇയില്‍ നൈക ഓഹരി 2,001 രൂപയില്‍ വ്യാപാരം ആരംഭിച്ചു, ഇഷ്യൂ വിലയുടെ ഉയര്‍ന്ന വിലയേക്കാള്‍ 77.87 ശതമാനം പ്രീമിയം വര്‍ധിച്ചു. എന്‍എസ്ഇയില്‍, നൈക സ്റ്റോക്ക് 2,018 രൂപയില്‍ അരങ്ങേറ്റം കുറിച്ച് 79.83 ശതമാനത്തിലധികം ഉയര്‍ന്നു. ഇതോടെ നൈകയുടെ മാതൃ കമ്പനിയായ എഫ് എസ് എന്‍ ഇ-കൊമേഴ്സ്, യൂണികോണ്‍ അംഗമാകുന്ന ഇന്ത്യയിലെ ആദ്യത്തെ വനിത സംരംഭമായി മാറി.
2012ല്‍ 50-വയസ്സ് തികയാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഫല്‍ഗുനി നയ്യാര്‍, നൈക എന്ന പുതിയ ബിസിനസ് ആശയം അവതരിപ്പിക്കുന്നത്. ഇത് രാജ്യത്തെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഓണ്‍ലൈനില്‍ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു സംരംഭമാണ്. അക്കാലത്ത്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങാന്‍ ഇന്ത്യക്കാര്‍ കൂടുതലും ആശ്രയിച്ചിരുന്നത് സമീപത്തെ ചെറുകിട ഷോപ്പുകളെയായിരുന്നു. നൈകയുടെ കടന്നു വരവോടെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളും വീടുകളിൽ ഇരുന്ന് തന്നെ വാങ്ങാമെന്നായി. കൂടാതെ അന്താരാഷ്ട്ര ബ്രാന്‍ഡുകളും ശ്രേണി വിപുലമാക്കിയത്തോടെ നൈക ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ തുടങ്ങി.
Also Read- Mutual Fund| എന്താണ് മ്യൂച്വൽ ഫണ്ട്? വിവിധ തരം മ്യൂച്വൽ ഫണ്ടുകൾ ഏതൊക്കെ?
'ഈ സ്റ്റാര്‍ട്ടപ്പ് ആദ്യം മുതല്‍ തന്നെ രാജ്യത്തെ പ്രമുഖ ബ്യൂട്ടി റീട്ടെയിൽ സ്ഥാപനമായി വളര്‍ന്നു. ഗ്ലാമറസ് ബോളിവുഡ് അഭിനേതാക്കളുടെയും സെലിബ്രിറ്റികളുടെയും പരസ്യ വീഡിയോകളും, 70-ലധികം സ്റ്റോറുകളും മറ്റും ഉപയോഗിച്ച് ഓണ്‍ലൈന്‍ വില്‍പ്പനയിൽ വർദ്ധനവുണ്ടാക്കാൻ നൈകയ്ക്ക് കഴിഞ്ഞു. '' എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിൽ പറയുന്നു. ഇന്ന് നൈകയിലൂടെ 300ലധികം ആഭ്യന്തര, അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. മെയ്‌ബെലിന്‍, ലാക്‌മെ, ലോറിയല്‍, മാക് (MAC), ഹൂഡ ബ്യൂട്ടി (Huda Beatuy), എസ്റ്റി ലൗഡര്‍ ( Estee Lauder) എന്നിവയുള്‍പ്പെടെയുള്ള ആഡംബര ബ്രാന്‍ഡുകള്‍ നൈകയിൽ ലഭ്യമാണ്.
ബ്രൈഡല്‍ മേക്കപ്പ് അവശ്യസാധനങ്ങളും, ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ ലിപ്സ്റ്റിക്ക്, ഫൗണ്ടേഷന്‍, നെയില്‍ പോളീഷ് എന്നിവയും വാഗ്ദാനം ചെയ് നൈക കുറഞ്ഞ വര്‍ഷങ്ങള്‍ക്കൊണ്ട് രാജ്യത്തെ മികച്ച ഓണ്‍ലൈന്‍ ബ്യൂട്ടി റീട്ടെയിലര്‍ ആയി മാറി. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വില്‍പ്പന 35 ശതമാനം ഉയര്‍ന്ന് 330 മില്യണ്‍ ഡോളറിലെത്തിയെന്ന് നൈകയുടെ ഫയലിംഗിൽ പറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
കൊട്ടക് മഹീന്ദ്ര ബാങ്കില്‍, ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് മാനേജിംഗ് ഡയറക്ടറായിരുന്ന ഫല്‍ഗുനി നയ്യാര്‍ ആ ജോലി രാജി വച്ചാണ് നൈകയ്ക്ക് തുടക്കം കുറിച്ചത്. കമ്പനിക്ക് ഇനിയും ''ഒരുപാട് മുന്നോട്ട് പോകാനുണ്ട്'' എന്നാണ് ഫല്‍ഗുനി വിശ്വസിക്കുന്നത്. ഫാഷന്‍ വ്യവസായ രംഗത്ത് നൈക ബ്രാന്‍ഡ് ഇതിനകം ഇടം നേടി കഴിഞ്ഞു. ഫല്‍ഗുനിയുടെ മകളും മകനുമാണ് ഇപ്പോള്‍ ആ വിഭാഗം കൈകാര്യം ചെയ്യുന്നത്. സ്ഥിരമായ ലാഭത്തിന്റെ പിന്‍ബലത്തില്‍ നൈക സ്വന്തമായി സൗന്ദര്യവര്‍ദ്ധക വസ്തുക്കൾ, ചര്‍മ്മ സംരക്ഷണ ഉത്പന്നങ്ങൾ, മുടി സംരക്ഷണ ഉത്പന്നങ്ങൾ, വസ്ത്രങ്ങള്‍ തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. സൗന്ദര്യ വര്‍ധക ഈ-കൊമേഴ്സ് ബിസിനസിന്റെ ചുമതല കൊളംബിയ യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദം നേടിയ ഫാല്‍ഗുനിയുടെ മകന്‍ അങ്കിതിന് ആണ്. നൈകയുടെ ഫാഷന്‍ മേഖലയുടെ ചുമതല വഹിക്കുന്നത് ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എം ബി എ പഠനം കഴിഞ്ഞ മകള്‍ അദ്വൈതയാണ്.
നൈക ഐപിഒ 2021 (Nykaa IPO 2021) ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 1 വരെയാണ് സബ്സ്‌ക്രിപ്ഷനായി തുറന്നത്. കമ്പനി ആദ്യ പബ്ലിക് ഓഫറില്‍ നിന്ന് 5,352 കോടി രൂപ സമാഹരിക്കാന്‍ പദ്ധതിയിട്ടിരുന്നു. നൈക ഓപ്പറേറ്ററായ എഫ് എസ് എന്‍ ഇ-കൊമേഴ്സ് വെഞ്ച്വേഴ്സിന് ലിസ്റ്റിംഗിന് മുമ്പ് ഒരു ഇക്വിറ്റി ഷെയറിന് 1,085-1,125 രൂപയായിരുന്നു വില. ടാറ്റാ മോട്ടോഴ്സ് ബോര്‍ഡില്‍ സ്വതന്ത്ര അംഗമായിരുന്ന ഫല്‍ഗുനി നയ്യാര്‍, അവൈവ ഇന്‍ഷുറന്‍സ് ബോര്‍ഡ്, ഡാബര്‍ ഇന്ത്യ എന്നീ കമ്പനികളുടെ ബോര്‍ഡംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഒക്ടോബറിലെ ആദ്യ വാര കണക്ക് പരിശോധിച്ചാല്‍ തന്നെ ഈ വര്‍ഷം ഇന്ത്യയില്‍ യൂണികോണ്‍ കമ്പനികളുടെ പ്രളയമാണ്. 2021 കഴിയാന്‍ രണ്ട് മാസങ്ങള്‍ ബാക്കി നിൽക്കെ ഇതുവരെ കുറഞ്ഞത് 30 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെങ്കിലും 'യൂണികോണ്‍ ക്ലബില്‍' എത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Business in India, Woman