വൈകല്യം ബാധിച്ച വ്യക്തിയും അയാളുടെ പങ്കാളിയും ഒരിക്കലും സഹതാപം അർഹിക്കുന്നവരല്ല

Love, Sex, Life, Marriage |വിവാഹം കഴിഞ്ഞു കുറച്ചു നാൾ കഴിയുമ്പോൾ ഇനി ബിരിയാണി കഴിച്ചു തുടങ്ങാം, വീട്ടിലെ കഞ്ഞി അവിടെയിരിക്കട്ടെ- എന്ന് കരുതുന്ന ഭർത്താക്കന്മാരും ഭാര്യമാരും എന്ത് ധൈര്യമുണ്ടായിട്ടാണ് ഒരു വൈകല്യമുള്ള ഒരാളുടെ പങ്കാളിയുടെ നേർക്ക് സഹതാപത്തോടെ നോക്കുന്നത്?

News18 Malayalam | news18-malayalam
Updated: March 4, 2020, 4:27 PM IST
വൈകല്യം ബാധിച്ച വ്യക്തിയും അയാളുടെ പങ്കാളിയും ഒരിക്കലും സഹതാപം അർഹിക്കുന്നവരല്ല
sreeparvathi
  • Share this:
ശ്രീപാർവതി

പ്രണവിന്‍റെയും ഷഹ്നയുടെയും വിവാഹം പല വിധത്തിലും ചർച്ചയ്ക്ക് വിധേയമാക്കുന്നുണ്ട്. അതിൽ ഇപ്പോൾ കാണുന്ന പോസ്റ്റുകൾ രാഷ്ട്രീയം കൂടി ഉള്ളതാണ്. പെൺകുട്ടിയുടെ പേര്, ചെക്കന്റെ മതം, എല്ലാം എതിർപ്പുകൾ വർദ്ധിപ്പിക്കുന്നുണ്ട്. എന്നാൽ സ്നേഹത്തെയും മനുഷ്യരെയും മാനുഷികതയിലൂടെ മാത്രം കാണാൻ ആഗ്രഹിക്കുന്നതുകൊണ്ട് ചില കാര്യങ്ങൾ പറയാം.

എന്റെ വിവാഹത്തിന് മുൻപ് കൂടെയുള്ളവർ ഉപദേശിച്ച കുറെ കാര്യങ്ങളുണ്ട്. അന്ന് ജോലി ചെയ്തിരുന്നിടത്തും വീട്ടിലുമൊക്കെയുള്ളവരെ തന്നെയാണ് ഉദ്ദേശിച്ചതും. വൈകല്യങ്ങൾ ഉള്ളവർക്ക് ദേഷ്യവും സംശയ രോഗവും കൂടുതലായിരിക്കും. കുട്ടികളുണ്ടാവാനുള്ള സാധ്യത കുറവാണ്. ലൈംഗികത എന്നത് സ്വപ്നം മാത്രമായിരിക്കാം. ഈ ചോദ്യങ്ങളെല്ലാം പരസ്പരം ഞങ്ങളൊരുപാട് സംസാരിച്ചിരുന്നു അന്ന്. "സാധാരണ ഒരാൾ അയാളുടെ ഭാര്യയെ സംശയിക്കാറില്ലേ? ഈ അസുഖം കാരണം വീടിനുള്ളിൽ ഒതുങ്ങി ജീവിക്കുന്ന എത്രയോ സ്ത്രീകളില്ലേ?"അദ്ദേഹത്തിന്റെ മറുപടി ശരിയാണെന്നാണ് എനിക്ക് തോന്നിയത്. "ശരിയാണ് ചിലർക്ക് ദേഷ്യം കൂടുതലുണ്ടാവും, പക്ഷെ ദേഷ്യം കൂടുതൽ ഉള്ള എത്രയോ സാധാരണക്കാരായ മനുഷ്യരുണ്ട്, അവർ ജീവിക്കാറില്ലേ വിവാഹം കഴിച്ച്?" അതും ശരിയാണ്. കുട്ടികൾ ഉണ്ടാവണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും സ്വകാര്യ ചോയിസാണെന്നാണ് എനിക്ക് തോന്നുന്നത്.ശാസ്ത്രം ഇത്രയും പുരോഗമിച്ച ഒരു നാട്ടിൽ കുഞ്ഞുങ്ങളുണ്ടാവുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല, പക്ഷെ എന്നിട്ടും എന്റെ മുന്നിൽ ഞാൻ കാണാറുണ്ട്, കരഞ്ഞു തളർന്ന കണ്ണുകളുള്ള സ്ത്രീകളെ. കുഞ്ഞുങ്ങൾ ഉണ്ടാകാത്തത് കാരണം വിഷാദത്തിലായിപ്പോയവരെ. വന്ധ്യതാ ചികിത്സാലയങ്ങളുടെ വർദ്ധനവിനെ, അവിടെ നിത്യവും വരുന്ന ദമ്പതികളുടെ എണ്ണത്തെ... (ഇക്കഴിഞ്ഞ പത്തു വർഷങ്ങളിൽ കേരളത്തിൽ തുടങ്ങിയ വന്ധ്യതാ ചികിത്സാലയങ്ങളുടെ എണ്ണം വർദ്ധനവ് ശ്രദ്ധിച്ചാൽ എല്ലാം മനസ്സിലാകും)

പക്ഷെ നല്ലൊരു അച്ഛനും അമ്മയും ആവില്ലെന്ന് സ്വയം തോന്നിയപ്പോൾ മാത്രമാണ് കുഞ്ഞുങ്ങൾ എന്ന കൺസെപ്റ്റ് ഞങ്ങളായി വേണ്ടെന്നു വച്ചത്. ലൈംഗികത എന്നത് മാനസികം എന്ന് എത്ര പറഞ്ഞാലും അതിൽ ശരീരവും ഉണ്ട് എന്നത് തന്നെയാണ് സത്യം. പ്രണയം ആത്മാവിൽ നിന്ന് മാത്രം എന്ന നിലയിൽ അന്ധമായി വിശ്വസിക്കുന്ന ഒരു പ്രായം കൂടിയാണ് പെൺകുട്ടികൾ കൗമാരം മുതൽ ഏതാണ്ട് മുപ്പത് വയസ്സ് വരെ എന്ന് ഞാൻ പറയും.

എന്നാൽ പ്രായം കൂടുന്തോറും തീർച്ചയായും പ്രണയമെന്നത് ശരീരത്തിന്റെയുമാണ്. പലപ്പോഴും പല സ്ത്രീകളുമായും സംസാരിച്ചപ്പോൾ അറിഞ്ഞ രസകരമായ വസ്തുത രതിയിൽ കൃത്യമായി ഓർഗാസം അനുഭവിച്ച സ്ത്രീകളുടെ എണ്ണം നാട്ടിൽ എത്രയോ കുറവാണെന്നത് തന്നെയാണ്. രതി എന്നത് സത്യമായും ഒരു ആത്മീയ അനുഭവമാണെന്നത് തന്നെയാണ് അനുഭവം. ദൈവത്തെ അറിയുന്ന അതെ ആനന്ദം അതിലുണ്ട്. ധ്യാനത്തിന്റെ പരകോടിയിലെത്തുന്ന സന്യാസികൾക്ക് മാത്രം കിട്ടുന്ന അത്യാനന്ദമാണത്. അത്തരത്തിലുള്ള അനുഭവം കിട്ടിയ എത്ര ദമ്പതികളുണ്ടാവും?

പോരാളി ഷാജി ഉൾപ്പെടെയുള്ളവർ പറയുന്ന ശാരീരിക ക്ഷമത ഇല്ലായ്മ ഇത്തരത്തിൽ ഉള്ള അനുഭവം ഉണ്ടാവുന്നതിനു ഒരു തടസ്സമേയല്ല എന്നതാണ് സത്യം. അതിന്റെ കീ യഥാർത്ഥത്തിൽ കിടക്കുന്നത് പുരുഷന്റെയും സ്ത്രീയുടെയും ആന്തരികമായ സ്പർശത്തിലാണ്. ഒന്നുകൂടി ഊന്നിപ്പറഞ്ഞാൽ പുരുഷന്റെ കരുതലും സ്നേഹവും തന്നെയാണ് ആ അത്യാനന്ദത്തിന്റെ കാതൽ. അത്തരത്തിൽ കരുതലും സ്നേഹവും ലഭിക്കുന്ന സ്ത്രീകൾക്ക് ആ അപൂർവ്വമായ സിദ്ധി കൈവരുന്നു. അതിനു പുരുഷൻ ശാരീരികമായി പൂർണനാവണമെന്നില്ല...

Read Also: പ്രണയം മനസുകൾ തമ്മിൽ; പ്രണവിന് കൂട്ടായി ഇനി ഷഹാനയുണ്ട്

ഞാൻ അദ്‌ഭുതപ്പെട്ടിട്ടുണ്ട്, എനിക്ക് മുന്നിലുള്ള എത്രയോ സ്ത്രീകൾ പുരുഷന്മാരുടെ പിന്നിൽ മാത്രം കുഞ്ഞുങ്ങളെയും തൂക്കി നടക്കുന്നു? എഴുതാൻ ആഗ്രഹമുള്ളവർ ഭർത്താവിന്റെ ഭയപ്പെടുത്തുന്ന നോട്ടത്തിൽ തളർന്നു വിഷാദിച്ച് കരയുന്നു. ഞാൻ നേരിട്ട് കാണുന്നുണ്ട് അവരിൽ പലരെയും... സ്വാതന്ത്ര്യം എന്നത് ഒരാൾക്കും നൽകേണ്ടതല്ലെന്നും അതിനു സ്ത്രീകളും അവകാശികളാണെന്നും ചിന്തിക്കുന്നത് ശാരീരിക ക്ഷമത അനുസരിച്ചല്ല, മാനസിക ക്ഷമത അനുസരിച്ചാണ്. അവൾക്ക് ഇഷ്ടമുള്ള സുഹൃത്തുക്കളെ സ്വീകരിക്കാൻ, ഇഷ്ടമുള്ള ജോലി ചെയ്യാൻ, ഇഷ്ടമുള്ളയിടങ്ങളിൽ സഞ്ചരിക്കാൻ, വായിക്കാൻ, സംസാരിക്കാൻ, ഒക്കെയും സ്വാതന്ത്ര്യം നൽകേണ്ടതില്ലേ, അതൊക്കെ അവൾക്കുള്ളത് തന്നെയാണ്, എന്നാലും എത്ര സ്ത്രീകളുണ്ട് ഇതൊക്കെ അനുഭവിക്കുന്നവർ? അങ്ങനെ സഞ്ചരിക്കുന്ന സ്ത്രീകളെക്കുറിച്ച് പൊതുവെ എന്താണ് പറയുക? ഭർത്താവിനെയും കുഞ്ഞുങ്ങളെയും വീട്ടിൽ കളഞ്ഞിട്ട് കറങ്ങി നടക്കുന്നവളെന്നോ? ഇത്തരത്തിലുള്ള മുൻധാരണകൾ മാറാതെ കുടുംബത്തിനുള്ളിലെ ബന്ധം എങ്ങനെ തുറന്നു വിടണമെന്നാണ്! എങ്കിലും ഇപ്പറഞ്ഞ സ്വാതന്ത്ര്യക്കുറവുള്ള സ്ത്രീകളിലൂടെയൊക്കെ ഭർത്താക്കന്മാരെ ഞാൻ കാണുന്നുണ്ട്, അവരൊക്കെയും ശാരീരികമായി യാതൊരു പ്രശ്നങ്ങളാലും ബാധിക്കപ്പെടാത്തവരാണ്. കയ്യും കാലും ചലിപ്പിക്കാൻ കഴിയുന്നവർ, എന്നിട്ടും സ്വാതന്ത്ര്യത്തിന്റെ വിലയറിയാത്തവർ! സ്വാതന്ത്ര്യം മനസ്സ് കൊണ്ട് അറിഞ്ഞിട്ടുള്ളവനെ അത് നൽകാനാവൂ... അതിനും ശരീരമല്ല മനസ്സാണ് വേണ്ടത്.

ചുരുക്കത്തിൽ ശരീരത്തെ നിയന്ത്രിക്കുന്നത് മനസ്സ് തന്നെയാണെന്ന് വരുന്നു. (മനസ്സ് എന്നത് സങ്കൽപ്പമാണെന്നും യാഥാർഥ്യം ബുദ്ധിയും ചിന്തയുമാണെന്നും ആശയപരമായി പറയാം, എളുപ്പത്തില് മനസ്സ് എന്നുപയോഗിച്ചു എന്നേയുള്ളൂ) . അപ്പോൾപ്പിന്നെ ശരീരം കൊണ്ടുള്ള വൈകല്യങ്ങൾക്ക് ജീവിതത്തിൽ എന്താണ് പ്രസക്തി? വൈകല്യങ്ങൾ മനസിനല്ലേ ഉണ്ടാവാതെ സൂക്ഷിക്കേണ്ടത്?

പലപ്പോഴും, ഇപ്പോഴും ഞങ്ങളെ ഒന്നിച്ച് കാണുമ്പോൾ പല മുഖങ്ങളിലും ദയനീയത പടരുന്നത് ഞാൻ കാണുന്നു (അവയിൽ പലതും അതി ദുർബലമാണ്), എന്നാൽ അവരുടെ മുഖത്തെ ആ ദയനീയത എന്നത് വ്യക്തമാക്കുന്നതെപ്പോഴും അവരുടെ ജീവിതങ്ങളിലെ യാന്ത്രികതയെക്കുറിച്ചാണെന്നു തോന്നിയിട്ടുണ്ട്. ഒരിക്കലും ദയനീയത അർഹിക്കുന്നവരല്ല വൈകല്യം ബാധിച്ച വ്യക്തിയും അയാളുടെ പങ്കാളിയും. സ്നേഹവും കരുതലും പ്രണയവും ഓരോ കാലത്തും വർധിപ്പിക്കാൻ ഒരാൾ മാത്രം വിചാരിച്ചിട്ട് കാര്യമില്ല. വിവാഹം കഴിഞ്ഞു കുറച്ചു നാൾ കഴിയുമ്പോൾ ഇനി ബിരിയാണി കഴിച്ചു തുടങ്ങാം, വീട്ടിലെ കഞ്ഞി അവിടെയിരിക്കട്ടെ- എന്ന് കരുതുന്ന ഭർത്താക്കന്മാരും ഭാര്യമാരും എന്ത് ധൈര്യമുണ്ടായിട്ടാണ് ഒരു വൈകല്യമുള്ള ഒരാളുടെ പങ്കാളിയുടെ നേർക്ക് സഹതാപത്തോടെ നോക്കുന്നത്? ആദ്യം നോക്കേണ്ടത് സ്വന്തം ജീവിതത്തിലെ സ്നേഹ രാഹിത്യങ്ങളിലേയ്ക്ക് തന്നെയല്ലേ?

അതുകൊണ്ട് പ്രണവിനെയും ഷഹ്നയുടെയും ജീവിതത്തിലേയ്ക്ക് ആരും എത്തി നോക്കാൻ മിനക്കെടേണ്ടതില്ല. അവർ ഇരുവരുടെയും പക്വത അനുസരിച്ച് അവരുടെ ജീവിതം മുന്നോട്ട് പോകട്ടെ. രണ്ടു മതത്തിൽ പെട്ടവരാണെങ്കിലും മതമില്ലാത്ത ജീവനുകളായി അവരുടെ ജീവിതം പുലരട്ടെ! വളരെ കുറഞ്ഞ കാലത്തേ ബന്ധമേ അവർക്കിടയിൽ ഉള്ളൂ എന്നത് എനിക്ക് ആശങ്കയല്ല, പ്രണയത്തിൽ വിവാഹമാണ് ലക്ഷ്യമായി തോന്നുന്നതെങ്കിൽ പരസ്പരം മനസ്സിലാക്കി സ്വയം ത്യാഗം ചെയ്ത കാത്തിരിക്കാതെ എത്രയും പെട്ടെന്ന് വിവാഹിതരാവുന്നത് തന്നെയാണ് നല്ലത്. പരസ്പരമറിയാൻ ഒത്തിരി മാസങ്ങൾ ആവശ്യമില്ല, കൃത്യമായ പ്രണയത്തിൽ അതറിയാൻ എളുപ്പവുമാണ്. പക്ഷെ വർഷങ്ങൾ പ്രണയിച്ചിട്ടും പരസ്പരമറിയാൻ കഴിയാത്ത ദമ്പതിമാർ ഒരുപാടുണ്ട് എന്റെ മുന്നിൽ.

സ്വയം തുറന്നു വയ്ക്കാൻ നിങ്ങൾക്കാവുന്നില്ലെങ്കിൽ പ്രണയിക്കാൻ നിങ്ങൾ യോഗ്യതയുള്ളവരല്ല എന്നതാണ് സത്യം. അങ്ങനെ തുറന്നു വയ്ക്കാത്ത കാലത്തോളം എത്ര വർഷം കഴിഞ്ഞാലും ജീവിതം പരാജയത്തിന്റെ കയ്പുനീര് കുടിച്ചു  കൊണ്ടേയിരിക്കും. എന്നെന്നേക്കുമുള്ളവരാണെങ്കിൽ അവരെന്നും ഒന്നിച്ചുണ്ടാകും... അതിനു ജാതിയും മതവും രാഷ്ട്രീയവുമൊന്നും തടസ്സമേയല്ല. ജീവിതത്തിൽ പ്രണയവും സൗഹൃദവും ഒന്നിച്ചു കൊണ്ട് പോകാൻ കഴിയുന്നവരെങ്കിൽ അവർ മുന്നോട്ടു തന്നെ പോകും. പക്വത കുറഞ്ഞവരെങ്കിൽ അവർ ആരുടെ ജീവിതത്തിൽ ചെന്ന് പെട്ടാലും അതിന്റെ വഴികൾ പ്രശ്നബാധിതം തന്നെയാവും.

( മൗണ്ടൻ മിസ്റ്റ്, നായിക അഗതാ ക്രിസ്റ്റി എന്നീ നോവലുകളുടെ രചയിതാവാണ് എഴുത്തുകാരിയായ ലേഖിക)
First published: March 4, 2020, 4:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading