അഞ്ചാം വയസ്സിൽ അനാഥ, ഇന്ന് രാജ്യത്തെ പ്രതിനിധീകരിക്കുന്ന സുവര്‍ണ്ണ താരം; രേവതി വീരമണി

Last Updated:

ഒട്ടേറെ കഷ്ടപ്പാടുകളെ തരണം ചെയ്ത് തന്റെ സ്വപ്ന സാക്ഷാത്കാരമായ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന രേവതിയ്ക്ക് ഇന്ത്യയ്ക്കായി ഒരു മെഡല്‍ നേടാന്‍ കഴിയട്ടെയെന്ന്  ആശംസിക്കാം

Revathi Veeramani Credits: Twitter| GMS Railway
Revathi Veeramani Credits: Twitter| GMS Railway
അഞ്ചാം വയസ്സിൽ അനാഥയായ രേവതി വീരമണി ഇല്ലായ്മയുടെയും വല്ലായ്മയുടേയും നാളുകള്‍ താണ്ടി ഒളിമ്പിക്സ് എന്ന തന്റെ സ്വപ്നത്തിലേക്ക് നടന്നടുക്കുകയല്ല, ഓടിയടുക്കുകയാണ്.  ജീവിതത്തിൽ അവള്‍ക്ക് ആലംബമായിട്ടുള്ളത് കൂലിപ്പണിയെടുത്ത് ദിവസങ്ങൾ തള്ളിനീക്കുന്ന അവളുടെ മുത്തശ്ശി മാത്രമാണ്‌. സ്വന്തമായൊരു ചെരുപ്പ് വാങ്ങുക എന്നത് അതിദാരിദ്ര്യത്തിൽ കഴിയുന്ന രേവതിയെ സംബന്ധിച്ച് ആഡംബരമായിരുന്നു. അതുകൊണ്ടുതന്നെ നഗ്നപാദയായി ഓടാൻ നിർബന്ധിതയായ സ്പ്രിന്റർ രേവതി വീരമണിയ്ക്ക് ഒളിമ്പിക്സ് എന്നത് വെറുമൊരു സ്വപ്നമല്ല, മറിച്ച് കഷ്ടപ്പാടുകളില്‍ നിന്നും സ്വയം രൂപപ്പെടുത്തിയെടുത്ത പത്തരമാറ്റുള്ള യാഥാർഥ്യമാണ്. അവൾ നേടാൻ ആഗ്രഹിച്ച ആ യാഥാർത്ഥ്യം തന്റെ കഠിനാദ്ധ്വാനത്തിലൂടെ പ്രതീക്ഷിച്ചതിലും വളരെ മുമ്പുതന്നെ അവൾക്ക് നേടിയെടുക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
ഇന്നലെ ആരംഭിച്ച ടോക്യോ ഒളിമ്പിക് ഗെയിംസിൽ 4x400 മീറ്റർ ഇന്ത്യൻ മിക്സഡ് റിലേ ടീമിന്റെ ഭാഗമാണ് തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ സക്കിമംഗലം ഗ്രാമത്തിൽ നിന്നുള്ള ഈ ഇരുപത്തിമൂന്ന് വയസ്സുകാരി.
"എൻറെ പിതാവ് അദ്ദേഹത്തിന്റെ വയറിൽ ഉണ്ടായ അസുഖത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു എന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. ആറുമാസത്തിനുശേഷം മസ്തിഷ്കജ്വരം ബാധിച്ച് എൻറെ അമ്മയും മരണമടഞ്ഞു. അവര്‍ ഇരുവരുടേയും ഈ ആകസ്മിക മരണങ്ങള്‍ നടക്കുന്ന സമയം എനിക്ക് അഞ്ച് വയസ്സ് പോലും തികഞ്ഞിട്ടുണ്ടായിരുന്നില്ല,” രേവതി പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
advertisement
താൻ വളർന്നുവന്ന സാഹചര്യങ്ങളെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ്‌ രേവതി. “എന്നെയും എൻറെ അനുജത്തിയേയും വളർത്തിയത് ഞങ്ങളുടെ മുത്തശ്ശി കെ.അരമ്മൽ ആണ്. ഞങ്ങൾ ഇരുവരെയും വളർത്തുന്നതിനായി മറ്റ് ആളുകളുടെ കൃഷിഭൂമിയിലും ഇഷ്ടികക്കളങ്ങളിലും തുച്ഛമായ കൂലിക്ക് മുത്തശ്ശി പണിയെടുത്തിട്ടുണ്ട്.”
“ഞങ്ങളുടെ ബന്ധുക്കൾ മുത്തശ്ശിയോട് ഞങ്ങളെ ജോലിക്ക് അയയ്ക്കാനാണ്‌ പറഞ്ഞത്. പക്ഷേ ഞങ്ങൾ സ്കൂളിൽ പോയി പഠിക്കണമെന്നു പറഞ്ഞ് മുത്തശ്ശി അതെല്ലാം നിരസിച്ചു.” തൻറെ ഉത്തരവാദിത്വത്തിൽ വളർന്നുവരുന്ന രണ്ടു പെൺകുട്ടികൾക്കും നല്ല രീതിയിലുള്ള വിദ്യാഭ്യാസം നൽകണമെന്നുള്ള മുത്തശ്ശിയുടെ ഇച്ഛാശക്തിയെ അഭിനന്ദിച്ചുകൊണ്ട് രേവതി പറയുന്നു. എഴുപത്തിയാറുകാരിയായ മുത്തശ്ശിയുടെ മനോഭാവത്തെ പ്രകീർത്തിക്കുന്ന രേവതി അവരുടെ ഉറച്ച പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് തനിക്ക് എന്തെങ്കിലും നേടാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് അഭിപ്രായപ്പെടുന്നു.
advertisement
അരമ്മലിന്റെ ഉറച്ച തീരുമാനം രേവതിക്ക് തന്റെ സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ ജീവിത ലക്ഷ്യം കണ്ടെത്തുന്നതിന് സഹായിച്ചു. ഓട്ടത്തിലുള്ള അവളുടെ മിടുക്ക് കാരണം റെയിൽ‌വേയുടെ മധുര ഡിവിഷനിലെ ടി‌ടി‌ഇയുടെ ജോലിയും അവള്‍ക്ക് ചെയ്യാനായി. ഇളയ സഹോദരിയാകട്ടെ, ഇപ്പോൾ ചെന്നൈയിൽ ഒരു പോലീസ് ഉദ്യോഗസ്ഥയായി ജോലി ചെയ്യുന്നു.
രേവതി സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ ഓട്ടത്തിലുള്ള അവളുടെ കഴിവ് കണ്ടെത്തിയത് തമിഴ്‌നാട്ടിലെ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് അതോറിറ്റിയിൽ ജോലി ചെയ്തിരുന്ന പരിശീലകനായ കെ കൃഷ്ണനാണ്. രേവതിയെ ഒരു കായികതാരമാക്കുന്നതിന്‌ രേവതിയുടെ മുത്തശ്ശിക്ക് തുടക്കത്തിൽ മടിയായിരുന്നു. എന്നാൽ അവളുടെ പരിശീലകനായ കണ്ണനാകട്ടെ അവരെ പറഞ്ഞു ബോധ്യപ്പെടുത്തി രേവതിയെ മധുരയിലെ ലേഡി ഡോക്ക് കോളേജിൽ അഡ്മിഷൻ നേടാനും ഹോസ്റ്റൽ സൗകര്യങ്ങളൊരുക്കി കൊടുക്കാനും സഹായിച്ചു.
advertisement
"എന്റെ മുത്തശ്ശി കഠിനാധ്വാനം ചെയ്താണ് ഞങ്ങളെ വളർത്തിയത്, ഞാനും എന്റെ സഹോദരിയും ജീവിതത്തിലെ കഷ്ടപ്പാടുകൾ എല്ലാം തരണം ചെയ്തത് മുത്തശ്ശിയുടെ പിന്തുണ ഒന്നുകൊണ്ടുമാത്രമാണ്. എന്നാൽ എന്റെ കായികപരമായ നേട്ടങ്ങളെല്ലാം ഉണ്ടായത് കണ്ണൻ സർ കാരണമാണ്,” രേവതി പറഞ്ഞു.
“കോളേജ് മീറ്റുകളിലും 2016 ൽ കോയമ്പത്തൂരിൽ നടന്ന ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിലും ഞാൻ നഗ്നപാദയായി ഓടി. അതിനുശേഷം കണ്ണൻ സാർ എനിക്ക് ആവശ്യമായ കിറ്റുകളും ശരിയായ ഭക്ഷണവും മറ്റു സാധനങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി." രേവതി പറഞ്ഞു.
advertisement
പാട്യാലയിലെ എൻ‌ ഐ‌ എസ് ദേശീയ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് 2016 മുതൽ 2019 വരെ കണ്ണന്റെ കീഴിൽ രേവതി പരിശീലിച്ചു.
കണ്ണന്റെ പരിശീലനത്തിൽ 100 മീറ്ററും 200 മീറ്ററും ഓടിയെങ്കിലും ഹ്രസ്വദൂര ഓട്ടക്കാരുടെ ദേശീയ ക്യാമ്പിലെ പരിശീലകയായ ഗലീന ബുഖാരിന രേവതിയോട് 400 മീറ്ററിലേക്ക് മാറാൻ പറഞ്ഞു.
"400 മീറ്ററിലേക്ക് മാറാൻ ഗലീന മാഡമാണ്‌ എന്നോട് പറഞ്ഞത്. കണ്ണൻ സാറും അതിനോട് സമ്മതിച്ചു. 400 മീറ്ററിലേക്ക് മാറാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അതുകൊണ്ട് എനിക്ക് ഇതാ എന്റെ ആദ്യത്തെ ഒളിമ്പിക്സിൽ പങ്കെടുക്കാൻ കഴിയുന്നു,” അവർ പറഞ്ഞു.
advertisement
"ഒളിമ്പിക്സിൽ ഒരു ദിവസം ഞാൻ  രാജ്യത്തെ പ്രതിനിധീകരിക്കണമെന്ന് കണ്ണൻ സർ എന്നോട് ആവശ്യപ്പെട്ടിരുന്നു. അതൊരു സ്വപ്ന സാക്ഷാത്കാരമായിരുന്നു, പക്ഷേ ഇത്രവേഗം അത് യാഥാർത്ഥ്യമാകുമെന്ന് ഞാൻ പ്രതീക്ഷിച്ചതേയില്ല. ഒളിമ്പിക്സിൽ ഒരു മെഡൽ നേടുന്നതിന് ഞാൻ പരമാവധി ശ്രമിക്കും, അതാണ് എനിക്ക് ഉറപ്പ് നൽകാനാകുക."
കളിക്കളത്തിലും പുറത്തും ഏതുകാര്യവും ദ്രുതഗതിയിൽ പഠിക്കാൻ കഴിവുള്ള രേവതി രണ്ട് വർഷം മുമ്പ് പട്യാലയിലെ ദേശീയ ക്യാമ്പിലെത്തിയ ശേഷം വളരെ പെട്ടെന്നുതന്നെ ഹിന്ദി പഠിച്ചു. തമിഴിൽ ബിരുദം നേടിയ രേവതി ഈ അഭിമുഖത്തിനിടെ നന്നായി ഹിന്ദി സംസാരിക്കുകയും ചെയ്തു.
advertisement
“മേരെ കോ കംഫര്‍ട്ടബിള്‍ ലഗാ ഹിന്ദി ബോൽനെ മേം, ഇസലിയേ ഹിന്ദി ബോലി (ഹിന്ദിയിൽ സംസാരിക്കുന്നത് എനിക്ക് എളുപ്പമായി തോന്നി. അതുകൊണ്ടാണ് ഞാൻ ഹിന്ദി സംസാരിച്ചത്). പഹ്ലെ മേരെ കോ ഹിന്ദി ആതി നഹി ഥീ, ക്യാമ്പ് മേം ആനെ കെ ബാദ് മേം ഹിന്ദി സീഖി (ഇതിനു മുമ്പ് എനിക്ക് ഹിന്ദി സംസാരിക്കാൻ അറിയില്ലായിരുന്നു. ദേശീയ ക്യാമ്പിൽ ചേർന്നതിനുശേഷമാണ് ഞാൻ ഹിന്ദി ഭാഷ പഠിച്ചത്)." അവർ പറഞ്ഞു.
2019 ൽ നടന്ന ഫെഡറേഷൻ കപ്പിൽ 200 മീറ്റർ ഓട്ട മത്സരത്തിൽ വെള്ളി മെഡൽ ജേതാവായിരുന്നു രേവതി. ആ വർഷം ഇന്ത്യൻ ഗ്രാൻഡ് പ്രി 5, 6 മത്സരങ്ങളിൽ 400 മീറ്റർ ഓട്ട മത്സരത്തിൽ യഥാക്രമം 54.44, 53.63 സെക്കൻഡുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച അവർ വിജയം കരസ്ഥമാക്കുകയുണ്ടായി. പരിക്കിനെത്തുടർന്ന് ഫെഡറേഷൻ കപ്പ് ഉൾപ്പെടെ 2021 സീസണിന്റെ തുടക്കത്തിൽ അവൾക്ക് പല മത്സരങ്ങളും നഷ്ടമായെങ്കിലും ഇന്ത്യൻ ഗ്രാൻഡ് പ്രി 4ലെ 400 മീറ്റർ ഓട്ടമത്സരത്തിൽ അവർ മടങ്ങിയെത്തുകയും വിജയശ്രീലാളിതയാവുകയും ചെയ്തു. ദേശീയ അന്തർ-സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിച്ച പ്രിയ മോഹൻ, എം ആർ പൂവമ്മ എന്നിവരെ പിന്നിലാക്കിയാണ് ഈ യുവതാരം 53.71 സെക്കൻഡിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.
തൻറെ കായിക ജീവിതത്തിൽ മികച്ച പിന്തുണ നൽകിയ മധുരയിലെ തൻറെ കോളേജിനോടും അവൾ നന്ദി പറയുന്നു. “മിക്കപ്പോഴും ഞാൻ പരിശീലനത്തിലോ മത്സരങ്ങളിലോ ആയിരുന്നു. ബിഎ പരീക്ഷ എഴുതാൻ എന്റെ കോളേജ് അധികൃതര്‍ എന്നെ അനുവദിച്ചു. അതിനാല്‍ത്തന്നെ എനിക്ക് അവസാന വർഷ ബിഎ പരീക്ഷ വിജയിക്കാനുമായി,” അവർ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
അഞ്ചാം വയസ്സിൽ അനാഥ, ഇന്ന് രാജ്യത്തെ പ്രതിനിധീകരിക്കുന്ന സുവര്‍ണ്ണ താരം; രേവതി വീരമണി
Next Article
advertisement
ആന്ധ്രാ തീരം തൊട്ട് മോൻതാ ചുഴലിക്കാറ്റ്; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും
ആന്ധ്രാ തീരം തൊട്ട് മോൻതാ ചുഴലിക്കാറ്റ്; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും
  • മോൻതാ ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് കടന്നു, 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും.

  • കിഴക്കൻ ഗോദാവരി, കൊണസീമ, കാക്കിനട തീരദേശ ജില്ലകളിൽ ശക്തമായ കാറ്റും കനത്ത മഴയും.

  • തീരദേശ മേഖലയിൽ NDRF, SDRF സംഘങ്ങൾ വിന്യസിച്ചു, താൽക്കാലിക ഷെൽട്ടറുകൾ ഒരുക്കി.

View All
advertisement