പത്തനംതിട്ട: വേനൽച്ചൂടിൽ ചുട്ടുപൊള്ളുകയാണ് കേരളം. പലപ്രദേശങ്ങളും കടുത്ത കുടിവെള്ള ക്ഷാമം നേരിടുകയാണ്. എന്നാൽ പത്തനംതിട്ട നാറാണം മൂഴി തോമ്പിക്കണ്ടത്തെ ജെസ്സി സാബു എന്ന 45കാരിക്ക് ഇത് അത്ര പുതുമയുള്ള കാര്യമല്ല. കാരണം കഴിഞ്ഞ 40 വര്‍ഷമായി ഒരു കൊല്ലം ഏതാണ്ട് ഏഴുമാസം അവർക്ക് വേനലാണ്. കുറേ വർഷങ്ങളായി വീട്ടിലേക്ക് കുടിവെള്ളം കാശു കൊടുത്ത് വാങ്ങുകയാണ്. കിട്ടുന്ന കാശിന്റെ നല്ല പങ്ക് അതിന് വേണം. എന്നാൽ ഇത്തവണ ആ അവസ്ഥ ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. കാരണം ഇത്തവണ കാശുകൊടുത്ത് വെള്ളം വാങ്ങേണ്ട ഗതികേടിന് വിരാമമിട്ട് വീട്ടുമുറ്റത്ത് സ്വന്തമായി ഒരു കിണറെന്ന ജെസ്സിയുടെ സ്വപ്നം യാഥാർത്ഥ്യമായി. സുഹൃത്തുക്കളായ വീട്ടമ്മമാര്‍ കൈകോർത്താണ് മൂന്നു പതിറ്റാണ്ട് കാലം കാത്തിരുന്ന കിണര്‍ എന്ന ജെസ്സിയുടെ സ്വപ്നം മൂന്നാഴ്ച കൊണ്ട് യാഥാർത്ഥ്യമാക്കിയത്.
കാലങ്ങളായി ജെസ്സിയുടെ ഭര്‍ത്താവ് സാബു(46)വിന്റെ വരുമാനത്തിന്റെ നല്ലൊരു പങ്കും ചെലവിട്ടത് വെള്ളത്തിനായാണ്. ജെസിയും അമ്മയും അടങ്ങുന്ന ആറംഗങ്ങളുള്ള കുടുംബത്തിന് ഒരാഴ്ച കുറഞ്ഞത് 2000 ലിറ്റർ വെള്ളമെങ്കിലും വേണ്ടിവരും. ഇതിന് സ്വകാര്യ ടാങ്കർമാർക്ക് ഏറ്റവും കുറഞ്ഞത് 750 രൂപ നൽകണം. പുറമെ ആഴ്ചയിൽ രണ്ടു തവണ വീട്ടിൽ നിന്നും ഏഴു കിലോമീറ്റർ അകലെയുള്ള അത്തിക്കയത്തെത്തി പമ്പാ നദിയിൽ തുണി അലക്കിതിരിച്ചുവരുന്നതിന് ഓട്ടോയ്ക്ക് 400 രൂപ ചെലവുവരും. വർഷാവർഷം സെപ്റ്റംബർ മുതൽ ജൂൺവരെയുള്ള ഏഴുമാസത്തോളം ഇതു തന്നെ പതിവ്. ഈ ദുരിതത്തിന് ഏക പരിഹാരം സ്വന്തമായി കിണർ എന്നതായിരുന്നു.എന്നാൽ അതിന് ഒന്നര മുതൽ രണ്ടുലക്ഷം രൂപവരെ കൂലി കൊടുക്കേണ്ടിവരുമെന്നത് ഒരു തടസമായി.
Also Read- ‘എല്ലാ മതങ്ങളിലും ഒരുപോലെ വിശ്വാസം’; മുസ്ലീം കുടുംബം ദുർഗാദേവിയ്ക്ക് പട്ട് സമർപ്പിച്ചത് വൈറൽ
ശബരിമല വനമേഖലയോട് ചേർന്നു കിടക്കുന്ന നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ജെസിയുടെയും സാബുവിന്റെയും വീട്. ആ അഞ്ചു സെന്റ് ഭൂമിയിലാണ് കിണർ കുഴിച്ചത്. ദുരിതം മടുത്ത് വീടിന് സമീപം സ്വന്തമായി കിണർ കുഴിക്കാൻ ദമ്പതികൾ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. മാർച്ച് രണ്ടിന് പണി തുടങ്ങി. മറ്റൊരു പ്രതിസന്ധി കൂടി മുന്നിലുണ്ടായിരുന്നു. ഏകവരുമാന മാർഗമായ കൂലിപ്പണിയിൽ നിന്ന് അങ്ങനെ മാറി നിൽക്കാൻ സാബുവിന് സാധിക്കുമായിരുന്നില്ല. അപ്പോഴാണ് ജെസ്സിയുടെ സുഹൃത്തുക്കളായ മറിയാമ്മ (52), ലീലാമ്മ ജോസ് (52), ഉഷാകുമാരി (50), ലില്ലി കെ കെ (51), കൊച്ചുമോൾ (49), രജിമോൾ (41), അനു തോമസ് (32) എന്നിവർ കൈകോർത്തത്. എല്ലാവരും തൊഴിലുറപ്പ് തൊഴിലാളികളുമാണ്.
‘കുഞ്ഞുന്നാളിലേ ഉള്ള ദുരിതമാ. എന്നാൽ കൂലി കൊടുക്കാൻ പണമില്ല. അങ്ങനെ ഭര്‍ത്താവും ഞാനും ചേര്‍ന്ന് ഈ ജോലി ചെയ്യാമെന്ന് വെച്ചു. അങ്ങനെ മാർച്ച് 2 ന് തുടങ്ങി. അപ്പോൾ എന്റെ സുഹൃത്തുക്കൾ ഞങ്ങളുടെ കഷ്ടപ്പാട് കണ്ടു. അവർ എല്ലാവരുടെയും വീട്ടിൽ കിണറുണ്ട്, അതിനാൽ എന്റെ വിഷമം അവർക്ക് എളുപ്പം അറിയാനും മനസ്സിലാക്കാനും കഴിയും. രണ്ടു ദിവസം കഴിഞ്ഞ് മാർച്ച് 4 ന് അവരും ഒപ്പം ചേർന്നു. എല്ലാവരും രാവിലെ 8.30 മുതൽ വൈകുന്നേരം 4.30 വരെ ജോലി ചെയ്തു’- ജെസ്സി ന്യൂസ് 18 നോട് പറഞ്ഞു.
”ഒന്നോ രണ്ടോ ദിവസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഈ അധ്വാനം കണ്ട് കൗതുകം തോന്നിയ നാട്ടിലെ ഒരാൾ ഇതിന്റെ ചിത്രമെടുത്തു/ പിറ്റേ ദിവസം അത് വാർത്തയായി പത്രത്തിൽ വന്നു . ഇത് ശ്രദ്ധയിൽപ്പെട്ട വാർഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡറ്റന്റുമായ രാജൻ സാർ ഇടപ്പെട്ടു. അങ്ങനെ ഇത് തൊഴിലുറപ്പിൽ ഉൾപ്പെടുത്താമെന്ന് പഞ്ചായത്ത് സമ്മതിച്ചു. അതുകൊണ്ട് ഈ ജോലി തീരും വരെ ഇതിൽ വന്നവർക്ക് 311 രൂപ ദിവസക്കൂലിയും ലഭിക്കും ” ജെസ്സി പറഞ്ഞു.
Also Read- ‘ഷീ ഹാസ് പാസ്ഡ് എവേ’; മാർക്ക് ലിസ്റ്റിൽ ടീച്ചർ എഴുതിയത് കുട്ടി ജയിച്ചെന്നോ മരിച്ചെന്നോ?
തൊഴിലുറപ്പ് തൊഴിലാളികളാണെങ്കിലും, കിണർ കുഴിക്കുന്നത് ഈ പെൺ കൂട്ടത്തിന് കഠിന പരീക്ഷണമായിരുന്നു. “ഇത്തരം ജോലി ചെയ്ത് അത്ര പരിചയമല്ലാത്തതിനാൽ അത്ര കുറച്ച് വിഷമം തോന്നി.. കുഴി നാലഞ്ച് അടി കഴിഞ്ഞ് താഴോട്ടിറങ്ങിയപ്പോള്‍ നല്ലപോലെ ബുദ്ധിമുട്ട് വന്നു. പക്ഷെ പിന്മാറിയില്ല. ജെസ്സിയുടെ കഷ്ടപ്പാട് അത്രയ്ക്ക് അറിയാം ഞങ്ങൾക്ക്. ഞങ്ങളുടെ കുടുംബാംഗങ്ങൾ പോലും ദിവസവും എത്ര ആയി എന്ന് ചോദിച്ചു തുടങ്ങി,’- കൊച്ചുമോൾ പറഞ്ഞു.
വെടിമരുന്ന് ഉപയോഗിച്ച് പാറ പൊട്ടിച്ച് നീക്കുന്ന രണ്ടുപേരുടെ സഹായവും വനിതാ സംഘത്തിന് ലഭിച്ചു. ”പാറ നിറഞ്ഞ ഭൂമി വലിയ പ്രശ്നമായി. അതിനാൽ പാറ പൊട്ടിക്കാൻ പാറ പണിക്കാരുടെ സഹായം തേടി. അതിന്റെ കാശ് ഞങ്ങൾ കൊടുത്തു. എന്റെ മൂന്ന് സഹോദരിമാരും പിന്തുണച്ചു. വെള്ളം കാണുന്നതുവരെ പിന്നോട്ടില്ലെന്ന് ഞങ്ങൾ ഉറപ്പിച്ചു,”- ജെസി പറഞ്ഞു.
വ്യാഴാഴ്ച വെള്ളം കണ്ടു.അതോടെ സംഘം ചെറിയ ഇടവേള എടുത്തു. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പണി പൂർണമായി കഴിയുമെന്നാണ് പ്രതീക്ഷ. ‘നന്ദി പ്രകടിപ്പിക്കാൻ വാക്കുകളില്ല. 6 കോൽ (15 അടിയോളം ) കുഴിച്ചപ്പോഴാണ് വെള്ളം കണ്ടത്. ഒന്ന് രണ്ടു കോൽ കൂടി കുഴിച്ചാൽ ആവശ്യമായ വെള്ളം എളുപ്പത്തിൽ ലഭിക്കുമെന്ന് ഉറപ്പുണ്ട്. അതിനു കുറച്ചു പണം കൂടി വേണം. തിങ്കളാഴ്ച ജോലി പുനരാരംഭിക്കും’. ഇത് തീരുമ്പോൾ ദുരിതവും തീരും എന്ന പ്രതീക്ഷയിൽ ജെസ്സി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pathanamthitta, Wells, Women labourer, Women life