Nurse| ഓടുന്ന ബസ് യാത്രയിലും രക്ഷകയായി ഷീബ; യാത്രക്കിടെ കുഴഞ്ഞുവീണ യുവാവിന് പുതുജീവൻ
- Published by:Rajesh V
- news18-malayalam
Last Updated:
ബസിൽവെച്ച് കുഴഞ്ഞുവീണ യുവാവിന് പള്‍സ് കിട്ടാതെ വന്നപ്പോള്‍ ഉടന്‍തന്നെ സിപിആര്‍ നല്‍കി
കൊച്ചി: ബസ് യാത്രക്കിടെ കുഴഞ്ഞുവീണ യുവാവിന് ജീവിതത്തിലേക്ക് തിരികെയെത്തിച്ച് നഴ്സ് ഷീബ അനീഷ്. 16ന് രാവിലെ 9.15ഓടെയാണ് സംഭവം. അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ഷീബ, ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി എറണാകുളം ഭാഗത്തേക്കുള്ള കെഎസ്ആര്‍ടി ബസില്‍ കയറി. യാത്രയ്ക്കിടെ ബസിനുള്ളില്‍ ഒരു യുവാവ് കുഴഞ്ഞുവീണു. ഉടന്‍ തന്നെ ഫുട്ബോര്‍ഡിന് സമീപത്ത്‌നിന്ന് യുവാവിനെ നീക്കിക്കിടത്തിയ ഷീബ പള്‍സ് പരിശോധിച്ചു. പള്‍സ് കിട്ടാതെ വന്നപ്പോള്‍ ഉടന്‍തന്നെ യുവാവിന് സിപിആര്‍ നല്‍കി.
ഹൃദയാഘാതം വന്ന് മിടിപ്പ് താണുപോകുന്നവര്‍ക്ക് നെഞ്ചില്‍ പ്രത്യേക ക്രമത്തില്‍ മര്‍ദം ഏല്പിക്കുന്ന അതീവപ്രാധാന്യമുള്ള പ്രഥമ ശുശ്രൂഷയാണ് കാര്‍ഡിയോ പള്‍മനറി റിസ്യൂസിറ്റേഷന്‍ (സിപിആര്‍). രണ്ടുവട്ടം സിപിആര്‍ പൂര്‍ത്തിയായപ്പോള്‍ യുവാവിന് അപസ്മാരമുണ്ടായി. ഇതേ തുടര്‍ന്ന് ചരിച്ചുകിടത്തി വീണ്ടും സിപിആര്‍ നല്‍കി. ഇതോടെ യുവാവിന് ബോധംവീണു. തുടര്‍ന്ന് ബസ് നിര്‍ത്തി യുവാവിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
advertisement
രാത്രി ജോലി കഴിഞ്ഞു രാവിലെ മടങ്ങുമ്പോൾ 16നു രാവിലെ 9.15ന് കെഎസ്ആർടിസി ബസിലുണ്ടായ സംഭവത്തെ കുറിച്ച് ഷീബ പറയുന്നത് ഇങ്ങനെ- തിരക്കുണ്ടായിരുന്നതിനാൽ പുരുഷൻമാരുടെ ഭാഗത്തു കൂടിയാണ് ബസിൽ കയറിയത്. മുന്നോട്ടു മാറി നിൽക്കാൻ ശ്രമിക്കുമ്പോൾ പിന്നിൽനിന്ന് ഒരാൾ തോണ്ടുന്നത് പോലെ തോന്നി. തിരിഞ്ഞു നോക്കിയപ്പോഴാണ് യുവാവ് പുറകിലോട്ടു മറിഞ്ഞു വീഴുന്നതു കാണുന്നത്. പിന്നിലുണ്ടായിരുന്നവരോട് പിടിക്കാൻ പറഞ്ഞെങ്കിലും അതിനു മുൻപേ വീണു കഴിഞ്ഞിരുന്നു. കൂടെയുള്ളവരോടു സഹായം തേടി കാല് ഫുട്ബോർഡിൽനിന്നു മാറ്റിവച്ചു കിടത്തി പൾസ് പരിശോധിച്ചെങ്കിലും ലഭിച്ചില്ല. ഓടുന്ന ബസിലായത് കൊണ്ടും പൾസ് കൃത്യം അറിയാൻ സാധിക്കാതെ വന്നു.
advertisement
ആദ്യ സിപിആർ കൊടുത്തതോടെ ആൾ അനങ്ങാൻ തുടങ്ങി. അങ്കമാലി എത്തും വരെ മൂന്നു പ്രാവശ്യം സിപിആർ ചെയ്തു. ഇതിനിടെ യുവാവ് ഫിറ്റ്സിന്റെ ലക്ഷണങ്ങൾ കാണിച്ചു. ശ്വാസം നന്നായി കിട്ടത്തക്കവണ്ണം കിടത്തി പ്രാഥമിക ചികിത്സകൾ നൽകി. ഇതിനിടെ ഉണർന്ന യുവാവ് ആദ്യം അമ്പരന്നു. ‘എനിക്ക് എന്താണു പറ്റിയത്’ എന്നു ചോദിച്ചാണ് അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചത്. ആശുപത്രിയിൽ കൊണ്ടു പോകണമെന്നു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. അടുത്ത സ്റ്റോപ്പിൽ നിർത്താമെന്നാണു ബസ് ജീവനക്കാർ പറഞ്ഞത്.
advertisement
അങ്കമാലിയിൽ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ചു തുടർ ചികിത്സ നൽകുകയായിരുന്നു. അങ്കമാലി സ്വദേശി വിഷ്ണു(24) ആണ് ബസിൽ അബോധാവസ്ഥയിലായി ആശുപത്രിയിലായത്. ഇയാൾക്ക് ഹൃദ്രോഗം പോലെയുള്ള പ്രശ്നങ്ങളില്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്. രണ്ടാഴ്ച കഴിഞ്ഞു പരിശോധനകൾക്കായി എത്താനും നിർദേശം നൽകിയിട്ടുണ്ടെന്ന് അറിഞ്ഞതായി ഷീബ പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 22, 2022 9:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Nurse| ഓടുന്ന ബസ് യാത്രയിലും രക്ഷകയായി ഷീബ; യാത്രക്കിടെ കുഴഞ്ഞുവീണ യുവാവിന് പുതുജീവൻ