2,000 രൂപ പിൻവലിക്കൽ; ഒരാഴ്ചയ്ക്കിടെ എസ്ബിഐയില്‍ എത്തിയത് 17,000 കോടിയുടെ നോട്ടുകള്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
14,000 കോടി രൂപയുടെ 2000 നോട്ടുകള്‍ നിക്ഷേപമായാണ് എത്തിയത്
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ ഇതുവരെയായി 17,000 കോടി രൂപയുടെ 2000 രൂപാ നോട്ടുകള്‍ എസ്ബിഐയില്‍ എത്തിയതായി ബാങ്ക് ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖാര പറഞ്ഞു. ഇതില്‍ 14,000 കോടി രൂപയുടെ 2000 നോട്ടുകള്‍ നിക്ഷേപമായാണ് എത്തിയത്. 3000 കോടിയുടെ 2000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കപ്പെട്ടെന്നും എസ്ബിഐ ചെയര്‍മാന്‍ പറഞ്ഞു. നിയമപരമായി 2000 നോട്ടുകള്‍ ഇപ്പോഴും കൈമാറ്റം ചെയ്യാനാകുന്നതാണ്. അത് മാറ്റിയെടുക്കാന്‍ വിശാലമായ അവസരങ്ങളുണ്ട്.
ആളുകള്‍ക്ക് ഇത് സംബന്ധിച്ച് ഇപ്പോള്‍ ഉത്കണ്ഠയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മേയ് 23നാണ് 2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്ന വിവരം ആര്‍ബിഐ അറിയിച്ചത്. സെപ്റ്റംബര്‍ 30 വരെ ഈ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഒരു തവണ 2000 രൂപയുടെ 20 നോട്ടുകളാണ് മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ ആകുക. ഒരു ദിവസം എത്ര തവണ വേണമെങ്കിലും ഒരാള്‍ക്ക് 2000 രൂപ നോട്ടുകള്‍ ഇത്തരത്തില്‍ മാറ്റിയെടുക്കാം.
എസ്ബിഐയില്‍ മാത്രമാണ് ഒരാഴ്ചയ്ക്കിടെ 17,000 കോടിയുടെ നോട്ടുകള്‍ എത്തിയത്. ഇത് വിപണിയുടെ 20 ശതമാനം മാത്രമാണെന്ന് എസ്ബിഐ ചെയര്‍മാന്‍ വ്യക്തമാക്കി. നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് അക്കൗണ്ട് വേണമെന്ന് നിര്‍ബന്ധമില്ലെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. ഏത് ബാങ്കുകളുടെ ശാഖകളില്‍ നിന്നും നോട്ട് മാറ്റിയെടുക്കാന്‍ കഴിയും. ആര്‍ബിഐയുടെ ഓഫീസുകളില്‍ നിന്നും ഇത്തരത്തില്‍ 2000 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരമുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 30, 2023 8:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
2,000 രൂപ പിൻവലിക്കൽ; ഒരാഴ്ചയ്ക്കിടെ എസ്ബിഐയില്‍ എത്തിയത് 17,000 കോടിയുടെ നോട്ടുകള്‍