കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ 2021-22ൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ലാഭമുണ്ടാക്കുന്ന യൂണിറ്റുകളുടെ എണ്ണത്തിൽ 15% വർദ്ധനവാണ് ഈ കാലയളവിൽ ഉണ്ടായത്. ഈ യൂണിറ്റുകളുടെ അറ്റാദായം 265.5% വർദ്ധിച്ചു. മൊത്തം കണക്ക് പരിശോധിച്ചാൽ സർക്കാർ ഉടമസ്ഥതയിലുള്ള പകുതിയോളം സ്ഥാപനങ്ങളും നഷ്ടം രേഖപ്പെടുത്തിയെങ്കിലും അവയുടെ മൊത്തത്തിലുള്ള കമ്മി 18.41% ആയി കുറഞ്ഞിട്ടുണ്ട് എന്നത് ശുഭസൂചനയാണ്.
ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് പുറത്തിറക്കിയ സംസ്ഥാനതല പൊതു സംരംഭങ്ങളുടെ (SLPE) ഏറ്റവും പുതിയ വാർഷിക അവലോകനം അനുസരിച്ച്, ലാഭമുണ്ടാക്കുന്ന യൂണിറ്റുകളുടെ എണ്ണം 2021-22 ൽ 60 ആയി ഉയർന്നു, മുൻ വർഷം ഇത് 52 ആയിരുന്നു. മുൻവർഷം ലോക്ക്ഡൗൺ കാരണം 429.58 കോടി രൂപയായിരുന്നു ലാഭം. എന്നാൽ പുതിയ റിപ്പോർട്ടിൽ 1,570.21 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള മൊത്തം 131 സജീവ സംരംഭങ്ങളിൽ 121 എണ്ണവും ഈ അവലോകനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also read- കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; ഹോളിയ്ക്ക് ശേഷം ശമ്പളം വർധിപ്പിച്ചേക്കും
ബാക്കിയുള്ള 61 എസ്‌എൽപിഇകളുടെ മൊത്തം നഷ്ടം 2021-22ൽ 3,289.16 കോടി രൂപയാണ്, മുൻവർഷമിത് 4,031.23 കോടി രൂപയായിരുന്നു. 121 യൂണിറ്റുകളും ചേർന്ന് 1,718.95 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കി, മുൻവർഷത്തെ അപേക്ഷിച്ച് 52.27% കുറവാണിത്. 2021-22ൽ എസ്‌എൽപിഇ നേടിയ വിറ്റുവരവ് 36,648.97 കോടി രൂപയായിരുന്നു, മുൻ വർഷമിത് 33,134.18 കോടി രൂപ ആയിരുന്നു. 10.61% വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
കാഷ്വൽ, കോൺട്രാക്‌ട് ജീവനക്കാർ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 1,27,416 പേർക്ക് എസ്‌എൽപിഇ തൊഴിൽ നൽകിയപ്പോൾ മുൻ സാമ്പത്തിക വർഷം ഇത് 1,33,369 ആയിരുന്നു.
ലാഭമുണ്ടാക്കുന്ന യൂണിറ്റുകളിൽ KSEB ഒന്നാമത്
ലാഭമുണ്ടാക്കുന്ന യൂണിറ്റുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ കെഎസ്ഇബി കഴിഞ്ഞ സാമ്പത്തിക വർഷം നഷ്ടത്തിലായ സംരംഭങ്ങളുടെ പട്ടികയിൽ ആയിരുന്നു. 13.58% വരുമാനം വർധിക്കുകയും ചെലവുകളുടെ വളർച്ച 3.87% ആയി പരിമിതപ്പെടുത്തുകയും ചെയ്തതാണ് ഈ വിസ്മയകരമായ വളർച്ചയ്ക്ക് കാരണം. 16.71 കോടി അറ്റാദായം രേഖപ്പെടുത്തിയ ബിവറേജസ് കോർപ്പറേഷൻ പട്ടികയിൽ പത്താം സ്ഥാനത്താണ്.
എവിടെയൊക്കെയാണ് പിഴച്ചത് ? അവലോകനത്തിന്റെ കണ്ടെത്തലുകൾ ഇങ്ങനെ;
കെഎസ്ആർടിസി: ലോക്ക്ഡൗൺ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം പ്രതിദിന കളക്ഷനിലുണ്ടായ കുത്തനെയുള്ള ഇടിവ് മൂലം വരുമാനത്തിൽ കുറവുണ്ടായി.
കേരള വാട്ടർ അതോറിറ്റി: വരുമാനത്തിൽ 9.41% വർദ്ധനവ് രേഖപ്പെടുത്തി. എന്നാൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ, ഇന്ധനം, വൈദ്യുതി ചാർജുകൾ എന്നിവയ്‌ക്കായുള്ള വർധിച്ച ചെലവുകളും മുൻകാല ക്രമീകരണങ്ങൾക്കുള്ള വ്യവസ്ഥകളും വളർച്ചയെ ബാധിച്ചു.
സപ്ലൈകോ: വാർഷിക വരുമാനത്തിൽ 13.23% കുറവ്. കോവിഡ് സമയത്ത് സൗജന്യ ഭക്ഷണ വിതരണം നടത്തിയതിലൂടെ നഷ്ടം സംഭവിച്ചു. 14 അവശ്യസാധനങ്ങളുടെ സബ്‌സിഡി വിതരണത്തിനുള്ള കുടിശ്ശിക സർക്കാർ ഇതുവരെ സപ്ലൈകോയ്ക്ക് നൽകിയിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.