എന്താണ് അടൽ പെൻഷൻ യോജന?അസംഘടിതമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സർക്കാർ രൂപീകരിച്ച പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന (എ പി വൈ). എന്നാൽ, 18-നും 40-നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും ഈ പദ്ധതിയുടെ ഭാഗമായി മാറാവുന്നതാണ്. എപിവൈ നിയന്ത്രിക്കുന്നത് പെൻഷൻ റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (പി എഫ് ആർ ഡി എ). ഈ പദ്ധതി പ്രകാരം, നിക്ഷേപകർക്ക് 60 വയസിനു ശേഷം പെൻഷൻ ലഭിക്കുന്നു. നിക്ഷേപത്തുകയും പദ്ധതിയിൽ ചേർന്ന കാലയളവും അനുസരിച്ചാവും പെൻഷൻ തുക തീരുമാനിക്കുക. കുറഞ്ഞത് 1000 രൂപ മുതൽ 5000 രൂപ വരെ പെൻഷൻ ലഭിക്കാൻ ഈ പദ്ധതിയിലൂടെ കഴിയും. 2015-ൽ കേന്ദ്ര സർക്കാർ ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗമാകാൻ സേവിങ്സ് ബാങ്ക് അക്കൗണ്ട്, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവയാണ് വേണ്ടത്.
പ്രതിമാസ നിക്ഷേപംഎത്ര നേരത്തെ ഈ പദ്ധതിയിൽ ഭാഗമാകുന്നോ അതിനനുസരിച്ച് കൂടുതൽ പെൻഷൻ നേടാനും കഴിയും. ഉദാഹരണത്തിന്, 18 വയസിൽ അടൽ പെൻഷൻ യോജനയിൽ ചേരുന്ന ഒരാൾക്ക് 60 വയസിനുശേഷം 5000 രൂപ പെൻഷൻ ലഭിക്കണമെങ്കിൽ അദ്ദേഹം പ്രതിമാസം 210 രൂപ ഈ പദ്ധതിയിൽ നിക്ഷേപിക്കണം. പ്രതിദിനം 7 രൂപ നിക്ഷേപിക്കുന്നതിലൂടെ 5000 രൂപ വീതം പെൻഷൻ ലഭിക്കുമെന്ന് സാരം. അതേ സമയം 1000 രൂപയുടെ പെൻഷനായി പ്രതിമാസം 42 രൂപ നിക്ഷേപിച്ചാൽ മതിയാവും. 2000 രൂപയുടെ പെൻഷന് 84 രൂപയും, 3000 രൂപയുടെ പെൻഷന് 126 രൂപയും, 4000 രൂപയുടെ പെൻഷന് 168 രൂപയുമാണ് പ്രതിമാസം നിക്ഷേപിക്കേണ്ടത്.
അപേക്ഷിക്കേണ്ടത് എങ്ങനെ?അപേക്ഷകന് ആധാർ നമ്പറും സാധുവായ ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. നേരിട്ട് ബാങ്കിൽ നിന്നുതന്നെ എ പി വൈ-യിൽ രജിസ്റ്റർ ചെയ്യാം. ഫോമുകൾ ഓൺലൈനിലും ലഭ്യമാണ്. നിങ്ങൾക്ക് ഫോം ഡൗൺലോഡ് ചെയ്ത് ശരിയായി പൂരിപ്പിച്ച് ബാങ്കിൽ സമർപ്പിക്കാം. ഇതുമായി ബന്ധപ്പെട്ട് ഒരു സ്ഥിരീകരണഎസ് എം എസ് രജിസ്റ്റർ ചെയ്ത നമ്പറിൽ ലഭിക്കും.
സംഭാവനകൾ എങ്ങനെ പരിശോധിക്കാം?ഈ പദ്ധതിയുടെ ഭാഗമായി നടത്തിയ പണമിടപാടുകൾ പരിശോധിക്കാൻ എപിവൈ, എൻപിഎസ് ലൈറ്റ് എന്നീ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാവുന്നതാണ്. ഒടുവിലത്തെ 5 ഇടപാടുകൾ പരിശോധിക്കുന്നതിന് ഫീസൊന്നും ഈടാക്കില്ല. അതോടൊപ്പം സൗജന്യമായി പണമിടപാടുകൾ സംബന്ധിച്ച സ്റ്റേറ്റ്മെന്റ്, e-PRAN എന്നിവ ഡൗൺലോഡ് ചെയ്യാനും കഴിയും.
എന്നാൽ എ പി വൈ ഇടപാടുകളുടെ സ്റ്റേറ്റ്മെന്റ് കാണാൻAPY NSDL CRA-യുടെ വെബ്‌സൈറ്റ് സന്ദർശിക്കേണ്ടിവരും. നിങ്ങളുടെ PRAN, സേവിങ്സ് അക്കൗണ്ട് എന്നിവയുടെ വിവരങ്ങൾ ഉപയോഗിച്ച് വെബ്‌സൈറ്റിൽ ലോഗ് ഇൻ ചെയ്യാൻ കഴിയും. ഉമാംഗ്(UMANG) ആപ്പിലൂടെയും അടൽ പെൻഷൻ യോജനയിലെ അംഗങ്ങൾക്ക് തങ്ങളുടെ സംഭാവന, പണമിടപാടുകൾ, e-PRAN തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്‌സൈറ്റിൽ വായിക്കൂ.