മുംബൈ: ആവശ്യമുള്ള സമയത്ത് ആമസോണിന്റെ സഹായം ലഭിച്ചില്ലെന്ന് ഫ്യൂച്ചർ ഗ്രൂപ്പ് സ്ഥാപകൻ കിഷോർ ബിയാനി. ഫ്യൂച്ചർ ഗ്രൂപ്പിനെ റിലയൻസ് റീട്ടെയിൽ ഏറ്റെടുക്കുന്നത് തടയാനാണ് അമേരിക്കൻ കമ്പനി ഇപ്പോൾ ശ്രമിക്കുന്നത്. റിലയൻസ് റീട്ടെയിലിനെ രക്ഷകരനെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഫ്യൂച്ചർ ഗ്രൂപ്പിനെ ക്ഷീണിപ്പിക്കാനാണ് ആമസോൺ ഇപ്പോൾ ശ്രമിക്കുന്നതെന്നും ഒരു അഭിമുഖത്തിൽ പറഞ്ഞു.
തങ്ങൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ആമസോണുമായി എട്ട് തവണ ചർച്ച ചെയ്തതായും എന്നാൽ കടം നൽകിയവർ ഓഹരികൾ ആവശ്യപ്പെടുമ്പോഴും ആമസോൺ സഹായിച്ചില്ലെന്നും ബിയാനി പറഞ്ഞു.
Also Read- '2020ൽ നിങ്ങൾ എത്ര പണം ചെലവഴിച്ചു?'; ഗൂഗിൾ പേ പറഞ്ഞു തരും
“കരാറിന്റെ ഭാഗമായി, നിലവിലുള്ള വായ്പക്കാരിൽ നിന്ന് വായ്പയെടുത്ത് അവർക്ക് ധനകാര്യ സ്ഥാപനങ്ങൾ വഴി ഞങ്ങൾക്ക് ഫണ്ട് നൽകാൻ കഴിയുമായിരുന്നു, എന്നാൽ കരാർ വ്യവസ്ഥയും ഞങ്ങളുടെ അഭ്യർത്ഥനയും അവഗണിച്ച് അവർ ഒരിക്കലും അങ്ങനെ ചെയ്തില്ല,” - ഓഗസ്റ്റിൽ 25,000 കോടി രൂപയ്ക്ക് റിലയൻസ് റീട്ടെയിലിന് എല്ലാ ആസ്തികളും വിൽക്കാൻ സമ്മതിച്ചതിന് ശേഷം നടത്തിയ ആദ്യ അഭിമുഖത്തിൽ ബിയാനി പറഞ്ഞു.
ആമസോണിന്റെ ഹർജിയെ തുടർന്ന് സിംഗപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ (എസ്‌ഐഎസി) റിലയൻസ്-ഫ്യൂച്ചർ ഇടപാട് നവംബറിൽ സ്റ്റേ ചെയ്തിരുന്നു. ഫ്യൂച്ചർ ഗ്രൂപ്പ് കരാർ ലംഘിച്ചുവെന്നാണ് ആമസോൺ പറഞ്ഞത്. എന്നാൽ ഇതു സംബന്ധിച്ച കൂടുതൽ ചോദ്യങ്ങളോട് ആമസോൺ പ്രതികരിച്ചില്ല. കടക്കെണിയിലായ കമ്പനിയെ സഹായിക്കുന്നതിന് ഫ്യൂച്ചർ ഗ്രൂപ്പ് ഹോൾഡിംഗ് കമ്പനിയിൽ ഓഹരിയുള്ള ആമസോണിനോട് താൻ പരമാവധി അഭ്യർത്ഥിച്ചുവെന്ന് ബിയാനി പറയുന്നു.
“ഞങ്ങൾ അവരെ നാലോ അഞ്ചോ നിക്ഷേപകരുമായി ബന്ധിപ്പിച്ചു, പക്ഷേ അവർ ഞങ്ങളെ രക്ഷിക്കുന്നതിൽ ഒരിക്കലും താൽപര്യം കാണിച്ചില്ല, മാത്രമല്ല അവർ വെറുതെ അധരസേവനം ചെയ്യുകയുമായിരുന്നു,”- അദ്ദേഹം പറഞ്ഞു. “അവരുടെ ഉദ്ദേശ്യം എന്താണ്? എല്ലാ ജീവനക്കാരും വിതരണക്കാരും കടം കൊടുക്കുന്നവരും കഷ്ടപ്പെടണമെന്നും കമ്പനി തളർന്നുപോകണമെന്നും അവർ ആഗ്രഹിക്കുന്നു. ”
Also Read- '2021ൽ സ്വർണം പത്ത് ഗ്രാമിന് 65,000 രൂപയും വെള്ളി കിലോയ്ക്ക് 90,000 രൂപയുമാകും': വിദഗ്ധർ
പ്രമോട്ടറുടെ നേതൃത്വത്തിലുള്ള കമ്പനികൾക്കായി ബിയാനി ആമസോണിന്റെ ഓഫീസിലേക്ക് 12 പേജുള്ള ഒരു കത്തും അവരുടെ നിലപാടിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. വ്യക്തിഗത നേട്ടത്തിനായി കരാർ ബാധ്യതകൾക്കെതിരെ പ്രവർത്തിക്കുന്നുവെന്ന ആരോപണം ഡിസംബർ 31 ലെ കത്തിൽ അദ്ദേഹം നിഷേധിച്ചു. “റിലയൻസുമായുള്ള ഇടപാടിനെക്കുറിച്ച് ഞങ്ങൾ പലതവണ ആമസോണിനെ അറിയിച്ചിരുന്നു, അവർ എല്ലായ്പ്പോഴും പിന്തുണയ്ക്കുകയും ഒരിക്കലും ഇതിനോട് വിമുഖത കാണിക്കുകയും ചെയ്തില്ല,” -ബിയാനി പറയുന്നു.
ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡിൽ 5% ഓഹരികളാണ് ആമസോണിന്റെ കൈവശമുണ്ടായിരുന്നത്. ബിഗ് ബസാർ, ഈസിഡേ തുടങ്ങിയ എല്ലാ ഭക്ഷണ, പലചരക്ക് ശൃംഖലകളും ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡിന് കീഴിലാണ്. ഫ്യൂച്ചർ കൂപ്പൺസ് പ്രൈവറ്റ് ലിമിറ്റഡിലെ 49 ശതമാനം ഓഹരികൾ 1500 കോടി രൂപയ്ക്കാണ് ആമസോൺ വാങ്ങിയത്.
സമാറ ക്യാപിറ്റലുമായും ആമസോണിന്റെ സംയുക്ത സംരംഭ കമ്പനിയായ വിറ്റ്സിഗ് അഡ്വൈസറി സർവീസസുമായി ഫ്യൂച്ചർ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും എന്നാൽ ഇ-കൊമേഴ്‌സ് കമ്പനി സഹായിച്ചിട്ടില്ലെന്നും ബിയാനി പറഞ്ഞു. മാർച്ച് അവസാനത്തോടെ, ലിസ്റ്റുചെയ്ത എല്ലാ ഫ്യൂച്ചർ ഗ്രൂപ്പ് സ്ഥാപനങ്ങളിലും പ്രൊമോട്ടർ പ്ലെഡ്ജിങ് 80-99% വരെ ഉയർന്നതാണ്. വിൽപന സമ്മർദം വർധിപ്പിച്ചുകൊണ്ട് ഒരു മാസത്തിനുള്ളിൽ ഓഹരി വില 70% കുറഞ്ഞു.
''മൂന്ന് മുതൽ 10 വർഷത്തിനുള്ളിൽ ഓഹരികൾ വാങ്ങാനും ഭൂരിപക്ഷ നിക്ഷേപകരാകാനും അവർക്ക് അവകാശമുണ്ടായിരുന്നു. എന്നാൽ പ്രമോട്ടർ ഷെയറുകൾ സ്വീകരിച്ചുതുടങ്ങിയാൽ, അത് പോലും സാധ്യമല്ല, മാത്രമല്ല അവർക്ക് ഞങ്ങളെ സഹായിക്കുകയും കടം നൽകുന്നവരെ മാറ്റിപുനഃസ്ഥാപിക്കുകയും ചെയ്യാമായിരുന്നു, ”-ബിയാനി പറഞ്ഞു. “ഞങ്ങൾക്കും ജീവനക്കാർക്കും പങ്കാളികൾക്കും ഓഹരി ഉടമകൾക്കും കടക്കാർക്കും ഒരു രക്ഷകനായിരുന്നു റിലയൻസ് റീട്ടെയിലുമായുള്ള കരാർ.”
Also Read- സാമ്പത്തിക കാര്യങ്ങളിൽ 2020 പഠിപ്പിച്ച അഞ്ച് പാഠങ്ങൾ
തന്റെ ജീവിതത്തിൽ ഒരിക്കലും ഒരു വ്യവഹാരവും ഉണ്ടായിട്ടില്ലെന്നും റിലയൻസുമായുള്ള കരാർ തന്റെ സ്വകാര്യ താൽപര്യം സംരക്ഷിക്കുന്നതിനല്ല, കമ്പനിയെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമണെന്നും ബിയാനി പറഞ്ഞു.
“ഈ ഇടപാടിൽ നിന്ന് ഒരു പൈസ പോലും ഞാൻ നേടിയിട്ടില്ല, എന്നാൽ എന്റെ റീട്ടെയിൽ ബിസിനസും ചില്ലറ വിൽപ്പനയിൽ ഏർപ്പെടാനുള്ള അവകാശവും നഷ്ടപ്പെട്ടു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾ കൊണ്ട് നേടിയെടുത്തതാണ് ഇതെല്ലാം'' അദ്ദേഹം പറഞ്ഞു. “എന്നിട്ടും, ഞാൻ 2 ട്രില്യൺ ഡോളർ ആസ്തിയുള്ള ഭീമാകാരനുമായാണ് പോരാടുന്നത്. ഒരു തർക്കമുണ്ടെങ്കിൽ, അത് പ്രൊമോട്ടർമാരും ആമസോണും തമ്മിലുള്ളതാണ്, ലിസ്റ്റുചെയ്യാത്ത എന്റെ കമ്പനികളെ എന്തിനാണ് വലിച്ചിടേണ്ടത്? ”- ബിയാനി ചോദിക്കുന്നു.
ജൂണിൽ 11,250 കോടി രൂപയുടെ കടം വർധിച്ചതോടെ കമ്പനി പുനഃസംഘടിപ്പിക്കാൻ ബാങ്കുകളും മറ്റ് വായ്പക്കാരും സമ്മർദ്ദം ചെലുത്താൻ തുടങ്ങി. എഫ്‌ആർഎല്ലിലെ പ്രൊമോട്ടർമാരുടെ ഓഹരികൾക്കുള്ള നിയന്ത്രണം നഷ്‌ടപ്പെടുന്നതിന് സാഹചര്യമുണ്ടായപ്പോൾ പകരംവയ്‌ക്കൽ ധനകാര്യ സ്ഥാപനങ്ങളെ (ആർഎഫ്‌ഐ) നാമനിർദ്ദേശം ചെയ്യുന്നതിനുള്ള അവകാശം വിനിയോഗിക്കുന്നതിൽ ആമസോൺ പരാജയപ്പെട്ടതായി കത്തിൽ പറയുന്നു. ഇതോടെ റിലയൻസുമായുള്ള എഫ്‌ആർഎല്ലിന്റെ നിർദ്ദിഷ്ട ഇടപാടിന് സമ്മതിക്കുകയല്ലാതെ മറ്റൊരു വഴിയും പ്രമോട്ടർമാർക്ക് മുന്നിലില്ലായിരുന്നു.
“അത്തരം ഭയാനകമായ സാഹചര്യങ്ങളിൽ, ഒന്നും ചെയ്യാതെ വെറുതെയിരിക്കാനാകില്ലെന്ന് ആമസോണിന് അയച്ച കത്തിൽ ബിയാനി പറയുന്നു. ആർഎഫ്‌ഐകളെ എത്രയും വേഗം അല്ലെങ്കിൽ ന്യായമായ സമയത്തിനുള്ളിൽ നാമനിർദ്ദേശം ചെയ്യുക എന്നതായിരുന്നു നിങ്ങൾക്ക് ചെയ്യാൻ കഴിയുമായിരുന്നത്. ആർഎഫ്‌ഐകളെ നാമനിർദ്ദേശം ചെയ്യാത്തതിലൂടെ, പ്രമോട്ടർമാരുടെ എഫ്‌ആർഎൽ സെക്യൂരിറ്റികളുടെ ആസ്തി മൂല്യം വഷളാകുന്നതിന് നിങ്ങൾ വഴിയൊരുക്കി. ”- കത്തിൽ കുറ്റപ്പെടുത്തുന്നു.
Also Read- വൻകിട വ്യവസായങ്ങളോടുളള ശത്രുത അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു
ആമസോൺ സമർപ്പിച്ച ഹർജിയിൽ അന്തിമ വിധി വരുന്നതുവരെ ഫ്യൂച്ചർ-റിലയൻസ് ഇടപാട് നിർത്തിവയ്ക്കണമെന്ന് എസ്‌ഐഎസി അറിയിച്ചു. റിലയൻസുമായുള്ള ഇടപാടിനെക്കുറിച്ചുള്ള ഡൽഹി ഹൈക്കോടതിയുടെ സമീപകാല നിരീക്ഷണങ്ങളെ തെറ്റായി ചിത്രീകരിച്ച് ഷെയർഹോൾഡർമാരെയും റെഗുലേറ്റർമാരെയും കബളിപ്പിക്കാൻ എഫ്ആർഎൽ ശ്രമിച്ചുവെന്ന് ആമസോൺ കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. എന്നാൽ ഈ കരാർ സാധുതയുള്ളതാണെന്ന് കോടതി വ്യക്തമാക്കിയെന്ന് കാട്ടി ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ് ആമസോണിന്റെ അവകാശവാദങ്ങളെ പ്രതിരോധിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amazon, Reliance Retail