അനന്ത് അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ മുഴുവന്‍ സമയ ഡയറക്ടര്‍
- Published by:meera_57
- news18-malayalam
Last Updated:
അനന്ത് അംബാനിയുടെ മൂത്ത സഹോദരങ്ങളായ ആകാശ് അംബാനിയും ഇഷ അംബാനിയും കമ്പനിയില്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായി തുടരും
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (Reliance Industries) മുഴുവന്‍ സമയ ഡയറക്ടറായി അനന്ത് അംബാനിയെ (Anant Ambani) നിയമിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകനാണ് അനന്ത് അംബാനി. മേയ് ഒന്നിന് അദ്ദേഹം കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടറായി ചുമതലയേല്‍ക്കും.
അഞ്ച് വര്‍ഷത്തേക്കാണ് അനന്ത് അംബാനിയുടെ നിയമനം. ഹ്യൂമണ്‍ റിസോഴ്‌സസ് നോമിനേഷന്‍ ആന്‍ഡ് റെമ്യൂനറേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ കമ്പനി ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. നിയമനം സംബന്ധിച്ച തീരുമാനം ഓഹരി ഉടമനകളുടെ പരിഗണനയിലാണെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കി.
അനന്ത് അംബാനിയുടെ മൂത്ത സഹോദരങ്ങളായ ആകാശ് അംബാനിയും ഇഷ അംബാനിയും കമ്പനിയില്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായി തുടരും. റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ചെയര്‍മാനാണ് ആകാശ്. റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ഇഷ അംബാനി.
advertisement
റിലയന്‍സ് ബോര്‍ഡില്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള അനന്ത് അംബാനി ഇനി കമ്പനിയിലെ സജീവ എക്‌സിക്യൂട്ടീവ് സ്ഥാനം ഏറ്റെടുക്കും. 2020 മാര്‍ച്ച് മുതല്‍ ജിയോ പ്ലാറ്റ്‌ഫോം, 2022 മേയ് മുതല്‍ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ്, 2021 ജൂണ്‍ മുതല്‍ റിലയന്‍സ് ന്യൂ എനര്‍ജി, റിലയന്‍സ് ന്യൂ സോളാര്‍ എനര്‍ജി എന്നിവയുള്‍പ്പെടെ നിരവധി റിലയന്‍സ് ഗ്രൂപ്പ് കമ്പനികളുടെ ബോര്‍ഡുകളിലും അനന്ത് അംബാനി സേവനമനുഷ്ഠിക്കുന്നുണ്ട്. 2022 സെപ്റ്റംബര്‍ മുതല്‍ അദ്ദേഹം റിലയന്‍സ് ഫൗണ്ടേഷന്റെ ബോര്‍ഡ് അംഗവുമാണ്.
advertisement
മൃഗങ്ങളുടെ പരിപാലന രംഗത്തും വളരെയധികം അഭിനിവേശമുള്ളയാളാണ് അനന്ത്. ആനകളുള്‍പ്പെടെയുള്ള മൃഗങ്ങളുടെ പുനരധിവാസവും പരിപാലനവും ക്ഷേമവും ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന നിരവധി സംരംഭങ്ങളിലും അനന്ത് അംബാനി പങ്കാളിയാണ്. അനന്ത് അംബാനിയുടെ നേതൃത്വത്തില്‍ ഗുജറാത്തിലെ ജാംനഗറില്‍ റിലയന്‍സ് നടത്തുന്ന മൃഗപരിപാലന കേന്ദ്രമായ 'വന്‍താര' ഏറെ ശ്രദ്ധിക്കപ്പെട്ട പ്രൊജക്ടാണ്. മൃഗ സംരക്ഷണ മികവിനുള്ള പ്രാണി മിത്ര ദേശീയ പുരസ്‌കാരത്തിനും ഈ പദ്ധതി അര്‍ഹമായിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 26, 2025 12:41 PM IST