14,000 ഇലക്ട്രിക് സ്കൂട്ടറുകളുടെ വില്‍പ്പന പൂർത്തിയാക്കി ബജാജ് ചേതക് ഇവി (Bajaj Chetak EV). 16,000 ബുക്കിംഗുകള്‍ ഇനി ഡെലിവറി ചെയ്യാന്‍ ഉണ്ടെന്നും ബജാജ് ഓട്ടോ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020 ന്റെ തുടക്കത്തിലാണ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ (Chetak electric scooter) പുറത്തിറക്കി ബജാജ്, ഇലക്ട്രിക് വാഹന വിപണിയിൽ ചുവടുവെച്ചത്. കമ്പനി അടുത്തിടെ പൂനെയിലെ (pune) അകുര്‍ദിയില്‍ തങ്ങളുടെ പുതിയ ഇവി നിര്‍മ്മാണ പ്ലാന്റ് (EV manufacturing plant) ഉദ്ഘാടനം ചെയ്തിരുന്നു.
തുടക്കത്തില്‍, ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ പൂനെ, ബംഗളൂരു നഗരങ്ങളില്‍ മാത്രമാണ് വിൽപ്പനയ്‌ക്കെത്തിയത്. എന്നാല്‍, ആദ്യ കോവിഡ് തരംഗത്തിന് ശേഷം, കമ്പനി ശൃംഖല വിപുലീകരിച്ചു. നിലവില്‍ വാഹനം ഏകദേശം 30 ഇന്ത്യന്‍ നഗരങ്ങളില്‍ ലഭ്യമാണ്. ചേതക് ടെക്നോളജി ലിമിറ്റഡിന് കീഴിലുള്ള പുതിയ ഇവി പ്ലാന്റിന് 5,00,000 യൂണിറ്റ് വാര്‍ഷിക ഉല്‍പ്പാദന ശേഷിയുണ്ടാകും. മുംബൈ ആസ്ഥാനമായാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.
ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന് 3.8kW ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 3 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. രണ്ട് റൈഡിംഗ് മോഡുകൾ സ്‌കൂട്ടറിനുണ്ട്. ഇക്കോ, സ്‌പോര്‍ട്ട് എന്നിങ്ങനെ രണ്ട് മോഡുകളാണ് ഉള്ളത്. ഇക്കോ മോഡില്‍ ഒറ്റ ചാര്‍ജില്‍ 95 കിലോമീറ്ററും സ്പോര്‍ട്ട് മോഡില്‍ 85 കിലോമീറ്ററും സ്‌കൂട്ടര്‍ ഓടുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഈ ഇലക്ട്രിക് സ്‌കൂട്ടറിന് മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയാണുള്ളത്. സ്‌കൂട്ടര്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 5 മണിക്കൂര്‍ വേണ്ടിവരും. 1 മണിക്കൂറില്‍ 25 ശതമാനം ചാര്‍ജ് നേടാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. സ്‌കൂട്ടറിന്റെ IP67-റേറ്റഡ് ബാറ്ററി പാക്കിന് 3 വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറന്റിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഏഥര്‍ 450X, TVS iQube എന്നിവയാണ് ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ എതിരാളികൾ.
Also read-
KIA EV6| പുതിയ കിയ EV6 ജൂൺ രണ്ടിന് ഇന്ത്യയിൽ അവതരിപ്പിക്കും; വിശദാംശങ്ങൾ അറിയാം
നിലവില്‍, രണ്ട് വേരിയന്റുകളിലാണ് ചേതക് ലഭ്യമാകുന്നത്. ആദ്യത്തേത് അര്‍ബന്‍ പതിപ്പും രണ്ടാമത്തേത് പ്രീമിയവുമാണ്. സ്‌കൂട്ടറിന്റെ പ്രീമിയം പതിപ്പിന് ഡിസ്‌ക് ബ്രേക്ക്, മെറ്റാലിക് കളര്‍ ഓപ്ഷനുകള്‍, ടാന്‍ നിറമുള്ള സീറ്റുകള്‍ തുടങ്ങിയ സവിശേഷതകള്‍ ആണുള്ളത്. എല്‍ഇഡി ഹെഡ് ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എബിഎസ്, റിവേഴ്സ് അസിസ്റ്റ് ഫങ്ഷന്‍ എന്നിവയെല്ലാം സ്‌കൂട്ടറിന്റെ സവിശേഷതകളാണ്. അര്‍ബന്‍ പതിപ്പിന് 1,00,000 രൂപയാണ് വില വരുന്നത്. പ്രീമിയം പതിപ്പിന് ഏകദേശം 1.15 ലക്ഷം രൂപയാണ് വില.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.