ഇന്ത്യയിൽ സ്ട്രീറ്റ് വ്യൂ സേവനം ലഭ്യമാക്കി ഗൂഗിൾ (Google). ഈ ഫീച്ചർ വർഷങ്ങളായി നിലവിലുണ്ടെങ്കിലും ഇന്ത്യയിലെ ഉപയോക്താക്കൾക്ക് പല കാരണങ്ങൾ കൊണ്ട് ഇത് ലഭ്യമായിരുന്നില്ല. ടെക് മഹീന്ദ്ര (Tech Mahindra), ജെനസിസ് ഇന്റർനാഷണൽ (Genesys International) തുടങ്ങിയ പ്രാദേശിക കമ്പനികളുമായി സഹകരിച്ചാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ (Google Street View) സേവനം ഇന്ത്യയിൽ ലഭ്യമാക്കുന്നത്.
''ജുലൈ 27 മുതൽ ബംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ, ഹൈദരാബാദ്, പൂനെ, നാസിക്, വഡോദര, അഹമ്മദ്‌നഗർ, അമൃത്‌സർ എന്നിവയുൾപ്പെടെ ഇന്ത്യയിലെ പത്ത് നഗരങ്ങളിൽ ഗൂഗിൾ സ്ട്രീറ്റ് വ്യൂ സേവനം ലഭ്യമാകും. പ്രാദേശിക പങ്കാളികളുടെ സഹകരണത്തോടെ, ലൈസൻസ് നേടിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള കാഴ്ചകൾ ഗൂഗിൾ മാപ്പിൽ ലഭ്യമാക്കും'', കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ആദ്യം 10 നഗരങ്ങളിലാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ സേവനം ആരംഭിക്കുന്നതെങ്കിലും 2022 അവസാനത്തോടെ ഇന്ത്യയിലെ 50 നഗരങ്ങളിൽ ഈ ഫീച്ചർ ലഭ്യമാക്കാനാണ് കമ്പനി ആലോചിക്കുന്നത്. ലോകത്തിൽ തന്നെ ഇതാദ്യമായാണ് പ്രാദേശിക പങ്കാളികളുടെ സഹകരണത്തോടെ സ്ട്രീറ്റ് വ്യൂ സേവനം ലഭ്യമാക്കുന്നതെന്നും ഗൂഗിൾ പറഞ്ഞു.
Also Read- ചാറ്റിൽ നിന്ന് അപ്രത്യക്ഷമാകാതെ മെസേജുകൾ സൂക്ഷിക്കാം; പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്
ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രസർക്കാർ ഇതുവരെ ഇതിന് അനുമതി നൽകാതിരുന്നത്. എന്നാൽ, ജിയോസ്‌പേഷ്യൽ ചട്ടങ്ങളിലെ പുതിയ മാറ്റവും പ്രാദേശിക കമ്പനികളുടെ സഹകരണവുമാണ് ഈ സേവനം ഇന്ത്യയിൽ ഇപ്പോൾ എത്താൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.
താഴെപ്പറയുന്ന ലളിതമായ സ്റ്റെപ്പുകളിലൂടെ ഗൂഗിൾ സ്ട്രീറ്റ് വ്യൂ സേവനം ഉപയോഗിക്കാം.
1. നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലോ ഡെസ്‌ക്‌ടോപ്പിലോ ഗൂഗിൾ മാപ്പ് തുറക്കുക
2. ഗൂഗിൾ സ്ട്രീറ്റ് വ്യൂ ലഭ്യമായ നഗരങ്ങളിലെ റോഡിലേക്ക് സൂം ചെയ്യുക
3. നിങ്ങൾക്ക് കാണേണ്ട പ്രദേശം ടാപ്പ് ചെയ്യുക
4. തിരഞ്ഞെടുത്ത നഗരങ്ങളിലെ റെസ്റ്റോറന്റുകളും കഫേകളും കാണാനും ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഉപയോഗിക്കാം.
Also Read- സാൻ ഫ്രാൻസിസ്കോയിലെ വീടു വിറ്റ് സുക്കർബർഗ്; വിൽപന 31 മില്യൻ ഡോളറിന്
ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിലെ വിവിധ പ്രദേശങ്ങളിലെയും തെരുവുകളിലൂടെയുമുള്ള വിർച്വൽ ടൂർ ആണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഓഫർ ചെയ്യുന്നത്. 220 ബില്യനോളം ചിത്രങ്ങൾ അതിനായി ശേഖരിച്ചിട്ടുണ്ട്. റോഡുകളും ലാൻഡ്‌സ്‌കേപ്പുകളും മറ്റ് പാതകളും നടപ്പാതകളുമെല്ലാം ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ത്രിമാന രൂപത്തിലാണ് അവതരിപ്പിക്കുന്നത്.
ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ഏറ്റവും കൂടുതൽ തിരഞ്ഞ നഗരം ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്ത ആണെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. ന്യൂയോർക്ക്, പാരിസ്, ലണ്ടൻ തുടങ്ങിയ വൻ നഗരങ്ങളെയെല്ലാം പിന്തള്ളിയാണ് ഈ നേട്ടം. ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങൾ വെർച്വൽ നാവിഗേഷൻ സേവനത്തിന്റെ കാര്യം വരുമ്പോൾ ഏറ്റവും ജനപ്രിയമായിരിക്കണമെന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയതും ഇന്തോനേഷ്യ ആയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Google map, Google Street View